Ads 468x60px

Thursday, April 19, 2012

സ്വകാര്യ കുടിവെള്ള വിതരണത്തിന് നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തും

കോഴിക്കോട്: സംസ്ഥാനത്ത് പല നഗരങ്ങളിലും ജലം വഴി രോഗം പകരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ ഏജന്‍സികളില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം നഗരസഭ ആലോചിക്കും.
കുടിവെള്ള വിതരണക്കാരെ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതും വെള്ളം ശേഖരിക്കുന്ന സ്രോതസ്സ് സി.ഡബ്ള്യു.ആര്‍.ഡി.എം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും ആലോചിക്കുവാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിതരണക്കാരുടെ ചെലവില്‍ ലഭ്യമാക്കുന്ന പരിശോധന റിപ്പോര്‍ട്ട് കുടിവെള്ള കച്ചവടത്തിന് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കും. കുടിവെള്ളക്ഷാമത്തെപ്പറ്റി സി.പി.എമ്മിലെ ഒ. സദാശിവനും കോണ്‍ഗ്രസിലെ സി.പി. സലീമുമാണ് ശ്രദ്ധ ക്ഷണിച്ചത്. കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റിയുടെ ചുമതലയാണെങ്കിലും നഗരസഭ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റവന്യൂ അധികൃതരുമായി ചേര്‍ന്ന് വെള്ളം ലഭ്യമാക്കുമെന്ന് മേയര്‍ പ്രഫ. എ.കെ. പ്രേമജം പറഞ്ഞു. എവിടെയെല്ലാം കുടിവെള്ളമെത്തിക്കുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനൊപ്പം വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നിര്‍ദേശം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വിഭാഗം ഏതെങ്കിലും ഭാഗങ്ങളില്‍ വെള്ളം നല്‍കാന്‍ വീഴ്ച വരുത്തിയാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ നഗരസഭ നടപടിയെടുത്തതായി മേയര്‍ പറഞ്ഞു. കുടിവെള്ളം പരിശോധിക്കാന്‍ നഗരസഭക്ക് സംവിധാനമില്ലെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജാനമ്മ കുഞ്ഞുണ്ണി വ്യക്തമാക്കി. കോര്‍പറേഷന്‍ ഫുഡ് ഇന്‍സ്പെക്ടര്‍ തസ്തിക നിര്‍ത്തലാക്കിയതോടെ ഇക്കാര്യത്തില്‍ നഗരസഭക്ക് ഒന്നും ചെയ്യാന്‍ പറ്റാതായി. കുടിവെള്ള പരിശോധനയുടെ ഉത്തരവാദിത്തം വാട്ടര്‍ അതോറിറ്റിക്കാണെന്ന് മേയറും പറഞ്ഞു. ഹോട്ടലുകളിലും സ്വകാര്യ വിതരണക്കാര്‍ വഴിയും നല്‍കുന്ന വെള്ളം പരിശോധിക്കാന്‍ നഗരസഭക്ക് ധാര്‍മിക ബാധ്യതയുണ്ടെന്ന് കാണിച്ച് എന്‍.സി. മോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇടപെട്ടതിനെ തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

No comments:

Post a Comment