Ads 468x60px

Monday, April 9, 2012

ഇനി പറയാനാകില്ല, പാല്‍പോലെ ശുദ്ധമെന്ന്

തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നു നാലു ലോറികളില്‍ ബാംഗ്ലൂരിലെത്തിച്ച മായം കലര്‍ത്തിയ പാല്‍ കലാശിപാളയയില്‍ പൊലീസ് പിടിച്ചെടുത്തതു കഴിഞ്ഞയാഴ്ചയാണ്. തേനിക്കടുത്ത് ആണ്ടിപ്പട്ടിയില്‍ പാലില്‍ മായം കലര്‍ത്താന്‍ കൊണ്ടുവന്ന മാള്‍ട്ടോ ഡക്‌സ്റ്റരിന്‍ എന്ന രാസവസ്തു പിടിച്ചതും അതിനു പിന്നാലെയാണ്. ഇപ്പോള്‍ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്. പാലിലെ മായത്തെക്കുറിച്ച് അന്വേഷിച്ച മനോരമ സംഘത്തിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍.

കേരളത്തിലെ പാലില്‍ പലപ്പോഴും അനുവദനീയമായതിലുമധികം കീടനാശിനി സാന്നിധ്യം കണ്ടെത്താറുണ്ട്. വൈക്കോലില്‍ നിന്നും കാലിത്തീറ്റയില്‍ നിന്നും പശുവിന്റെ ഉള്ളിലെത്തുന്ന കീടനാശിനി പാലിലും കലരുന്നതു സ്വാഭാവികം.
ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന എല്ലാ ബ്രാന്‍ഡ് പാക്കറ്റ് പാലുകളും സര്‍ക്കാരിന്റെ റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചു. മില്‍മ അടക്കമുള്ള ചില പ്രമുഖ ബ്രാന്‍ഡുകള്‍ ഒഴികെ മിക്കവയും നിലവാരം കുറഞ്ഞതാണെന്നു മാത്രമല്ല, രണ്ടു കമ്പനികളുടേത് ആരോഗ്യത്തിനു ഹാനികരമാണെന്നാണു കണ്ടെത്തല്‍.



ജഡം സൂക്ഷിക്കുന്നതു പോലെ പാലും 
ജഡം അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന 'ഫോര്‍മാലിന്‍ എന്ന രാസവസ്തു പാലില്‍ കണ്ടെത്തിയത് ഈയിടെയാണ്. മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാല പൊതുജനാരോഗ്യ വിഭാഗം നടത്തിയ പാല്‍ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണു ഫോര്‍മാലിന്‍. ബൈകാര്‍ബണേറ്റുകള്‍, സ്റ്റാര്‍ച്ച്, പഞ്ചസാര, യൂറിയ, സൂക്ഷ്മജീവികള്‍ എന്നിവയും പാലിലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ടാങ്കര്‍ ലോറികളില്‍ ഏറെ ദൂരം കൊണ്ടുപോകുമ്പോള്‍ കേടാകാതിരിക്കാനാണു ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്. വന്‍കിട ഫാമുകളില്‍ പശുക്കളുടെ ദേഹത്ത് ഈച്ചകളും പ്രാണികളും വന്നിരിക്കാതിരിക്കാന്‍ പശുവിനെ കഴുകുന്ന വെള്ളത്തില്‍ കീടനാശിനി തളിക്കാറുണ്ടത്രേ. ഇതു പശുവിന്റെ ശരീരത്തിലെത്തുമെന്നുറപ്പ്.
പാലില്‍ സോഡാക്കാരം

കേരളത്തില്‍ 64 ഇനം ബ്രാന്‍ഡഡ് പാലുകള്‍ വിപണിയിലുണ്ട്. ക്ഷീരവികസന വകുപ്പിന്റെ അക്രഡിറ്റേഷന്‍ ഉള്ള ലാബില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം പരിശോധിച്ചതു വിവിധ ബ്രാന്‍ഡുകളുടെ 1058 സാംപിളുകള്‍. ഇതില്‍ 384 സാംപിളുകളും ഗുണനിലവാരം കുറഞ്ഞതായിരുന്നു. അതായതു കേരളത്തിലെ വിപണിയിലുള്ള പാലില്‍ 36 ശതമാനവും നിലവാരമില്ലാത്തത്.

കഴിഞ്ഞ ശബരിമല സീസണില്‍ പത്തനംതിട്ട ജില്ലയിലെ പാല്‍ ബ്രാന്‍ഡുകളുടെ സാംപിളുകള്‍ എടുത്ത ക്ഷീരവികസന വകുപ്പുകാരെ ഞെട്ടിക്കുന്നതായിരുന്നു പരിശോധനാ ഫലങ്ങള്‍. ഏഴു ബ്രാന്‍ഡുകളുടെ പത്തു സാംപിളില്‍ ആറെണ്ണത്തിനും നിലവാരമുണ്ടായിരുന്നില്ല. ഇതില്‍ രണ്ടു സാംപിളില്‍ സോഡാക്കാരത്തിന്റെ അംശം കണ്ടെത്തി. സോഡാക്കാരം അല്ലെങ്കില്‍ കാസ്റ്റിക് സോഡ (സോഡിയം ഹൈഡ്രോക്‌സൈഡ്) പാലില്‍ എങ്ങനെ വരുന്നു? രണ്ടു വിധത്തില്‍ സംഭവിക്കാം. ഡെയറിയില്‍ പാല്‍ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സോഡാക്കാരം കൊണ്ടു കഴുകുന്ന പതിവുണ്ട്. ഇങ്ങനെ കഴുകിയതിനു ശേഷം പച്ചവെള്ളവും ചൂടുവെള്ളവും കൊണ്ടു കഴുകി ഉണക്കണം. ഇതു വൃത്തിയായിട്ടല്ല ചെയ്യുന്നതെങ്കില്‍ പാലില്‍ സോഡാക്കാരം കലരാം.

രണ്ടാമത്തെ സാധ്യത പാല്‍ പിരിയാതിരിക്കാന്‍ സോഡാക്കാരം ചേര്‍ക്കുകയെന്നതാണ്. ഇതു ചേര്‍ത്താല്‍ ദിവസങ്ങളോളം പാല്‍ കേടാകാതിരിക്കും. ഏറ്റവും കൂടുതല്‍ പാല്‍ വില്‍പന നടക്കുന്ന ശബരിമല സീസണില്‍ പത്തനംതിട്ട ജില്ലയില്‍ എത്തിച്ച ബ്രാന്‍ഡുകളില്‍ സോഡാക്കാരം കണ്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നു ചിന്തിക്കാന്‍ ന്യായമില്ല. അപകടം: സോഡിയം ഹൈഡ്രോക്‌സൈഡ് അമിതമായി ശരീരത്തിലെത്തിയാല്‍ വയറിളക്കമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടാകാം. ഭാവിയില്‍ അള്‍സറിനും കാരണമാകാം.

പ്രതിരോധശേഷി കുറയ്ക്കുന്ന പാല്‍ 
മലയാളിയെ സംബന്ധിച്ചിടത്തോളം പാല്‍ സമീകൃതാഹാരമാണ്. എന്നാല്‍, പാല്‍ കുടിച്ചാല്‍ പ്രതിരോധശേഷി കുറയുമോ? മണ്ണുത്തി വെറ്ററിനറി കോളജിലെ ഗവേഷകസംഘം പാലക്കാട് ജില്ലയിലെ 20 പശുക്കളില്‍ നടത്തിയ പഠനത്തില്‍ തെളിയുന്നതു കുറയുമെന്നാണ്. രോഗചികിത്സയ്ക്കായി പശുക്കള്‍ക്കു നല്‍കുന്ന സള്‍ഫാഡിമിഡിന്‍ എന്ന ആന്റിബയോട്ടിക്കാണു വില്ലന്‍. പശുക്കള്‍ക്ക് അസുഖം മാറുമെങ്കിലും ചെറിയ അളവ് ആന്റിബയോട്ടിക് പാലിലൂടെ പുറത്തെത്തുന്നു. മനുഷ്യശരീരത്തില്‍ എത്തുന്ന ദുര്‍ബലനായ ആന്റിബയോട്ടിക്കിനെതിരെ നമ്മുടെ ബാക്ടീരിയകള്‍ പ്രതിരോധശേഷി നേടുന്നു. ഫലമോ, രോഗം വരുമ്പോള്‍ ആന്റിബയോട്ടിക് കഴിച്ചാലും ഫലമില്ല.

വ്യാപകം, കൃത്രിമത്തൈര് 
തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ കൃത്രിമമായി തൈര് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തതു ലാക്റ്റിക് ആസിഡ്. പാലില്‍ വെള്ളവും ലാക്റ്റിക് ആസിഡും ചേര്‍ത്താണ് കൃത്രിമത്തൈര് ഉണ്ടാക്കുന്നത്. ഈ തൈരിന്റെ പതിവായുള്ള ഉപയോഗം ഉദരരോഗങ്ങള്‍ക്കിടയാക്കും. 

പാട്ടത്തൈര് എന്ന പേരില്‍ നീല പ്ലാസ്റ്റിക് ടിന്നുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണു പലപ്പോഴും വ്യാജത്തൈര് ഇറക്കുന്നത്. മില്‍മയുടെ തൈരിനെക്കാള്‍  അഞ്ചും ആറും രൂപ വില കുറച്ചു കിട്ടുമെന്നതിനാല്‍ പല ഹോട്ടലുകളും കേറ്ററിങ് യൂണിറ്റുകളും ഈ തൈരാണ് ഉപയോഗിക്കുന്നത്.  വ്യാജത്തൈര് ഒരു ലീറ്ററിന് അഞ്ചു രൂപയോളമാണു നിര്‍മാണച്ചെലവ്. പാലില്‍ നിന്നു തൈരുണ്ടാക്കാന്‍ ചുരുങ്ങിയത് 25 രൂപയാകും. കൃത്രിമത്തൈര് എത്രകാലമിരുന്നാലും കേടാകുകയുമില്ല. ഒരു മണിക്കൂര്‍ കൊണ്ടു രാസമിശ്രിതം തൈരായി മാറും.

ലാക്റ്റിക് ആസിഡ് പതിവായി ഉപയോഗിച്ചാല്‍ ആന്തരാവയവങ്ങളെയും ദഹനവ്യൂഹത്തെയും പ്രതികൂലമായി ബാധിക്കും. ക്യാന്‍സറിനു വരെ സാധ്യതയുണ്ട്. വ്യാജത്തൈരു വില്‍ക്കുന്ന കച്ചവടക്കാര്‍ക്കു ശിക്ഷ രണ്ടുവര്‍ഷം വരെയാണ്.  മില്‍മ പോലുള്ള അംഗീകൃത കമ്പനികളില്‍ നിന്നു തൈരു വാങ്ങാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പായ്ക്കറ്റില്‍ ലേബല്‍, നിര്‍മാണ സ്ഥാപനത്തിന്റെ പേര്, നിര്‍മിച്ച തീയതി ഇവയൊക്കെയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. നിര്‍മാണ കമ്പനിയുടെ പേരോ വിലാസമോ റജിസ്‌ട്രേഷന്‍ നമ്പരോ പാക്കിങ് തീയതിയോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതു നിയമപരമായി തെറ്റാണ്.

'ഇല്ലത്തു നിന്നിറങ്ങി, അമ്മാത്ത് എത്തിയില്ല 
പുതുതായി നിലവില്‍ വന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അവസ്ഥയിതാണ്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ കേരളത്തില്‍ മായം ചേര്‍ക്കല്‍ സംബന്ധിച്ച് ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല. അവശ്യസാധന നിയമത്തിന്റെ പരിധിയില്‍ 1992ല്‍ നിലവില്‍ വന്ന എംഎംപിഒ 92 പ്രകാരമാണ് ഇന്ത്യയില്‍ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും സംഭരണ, സംസ്‌കരണ, വിതരണം നടന്നുവന്നിരുന്നത്. ക്ഷീരവികസന വകുപ്പിലെ അഞ്ഞൂറോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ക്കായിരുന്നു പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല. ഓരോ ജില്ലയില്‍ നിന്നും ചുരുങ്ങിയത് 25 സാംപിള്‍ അവര്‍ മാസം പരിശോധനയ്‌ക്കെടുക്കും.

ഗുണനിലവാരം കുറഞ്ഞ ബ്രാന്‍ഡുകള്‍ക്ക് അപ്പോള്‍ തന്നെ നോട്ടിസ് കൊടുക്കും. ചിലര്‍ കുറവുകള്‍ പരിഹരിക്കും. മറ്റു ചില ഡെയറികള്‍ അവഗണിക്കും. പക്ഷേ, ഇത്തരം ബ്രാന്‍ഡുകള്‍ കേരളത്തില്‍ വില്‍ക്കുന്നതു നിരോധിക്കാനും ക്ഷീരവികസന വകുപ്പിനു സാധിക്കുമായിരുന്നു.

എന്നാല്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് നടപ്പാക്കിയതോടെ ഈ സംവിധാനങ്ങള്‍ തകിടംമറിഞ്ഞു. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ കീഴില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണു  ആഹാര പദാര്‍ഥങ്ങളുടെ സാംപിള്‍ ശേഖരണത്തിന്റെയും പരിശോധനയുടെയും ചുമതല. പക്ഷേ, പാല്‍ ഉല്‍പന്നങ്ങളുടെയും വിവിധ ബ്രാന്‍ഡുകളുടെയും പരിശോധന ഇപ്പോള്‍ നടക്കുന്നില്ല.

കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 24 ഡെയറി പ്ലാന്റുകളാണ്. ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ 152 ബ്ലോക്കുകളിലായി 3513 ക്ഷീരസംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിദിനം 70 ലക്ഷം ലീറ്റര്‍ പാല്‍ വിപണനം ചെയ്യുന്ന സംസ്ഥാനത്തു കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ലഭിക്കുന്നതു പരിശോധിക്കപ്പെടാത്ത പാല്‍ ഉല്‍പന്നങ്ങളാണ് എന്നതു ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.

ഓക്‌സിടോസിനിന്റെ ദോഷങ്ങള്‍ 
ഓക്‌സിടോസിന്‍ കുത്തിവച്ച പശു ചുരത്തുന്ന പാലിന്റെ തുടര്‍ച്ചയായ ഉപയോഗം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി തകരാറിലാക്കുമെന്ന് ആഗ്ര സര്‍വകലാശാലയിലെ ലീഡ് റിസര്‍ച്ചര്‍ ഡോ. പ്രകാശ് ചന്ദ്ര നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടികള്‍ വളരെ നേരത്തേ തന്നെ ഭതുമതികളാകാന്‍ കാരണമാകുന്നതായും മുറിവില്‍ രക്തം കട്ടപിടിക്കാനുള്ള ശേഷി ഇല്ലാതാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കറവമാടുകളില്‍ ഓക്‌സിടോസിന്‍ കുത്തിവയ്ക്കുകയാണു പൊതുവായ രീതി. ഗുളികരൂപത്തിലും ലഭിക്കും. വില വളരെ കുറവ്. ഒന്നിന് ഒരു രൂപ മുതല്‍ രണ്ടുരൂപ വരെ മാത്രം. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ 1960ല്‍ ഉണ്ടാക്കിയ നിയമത്തിലും ഫുഡ് ആന്‍ഡ് അഡള്‍ട്രേഷന്‍ പ്രിവന്‍ഷന്‍ ആക്ടിലും ഓക്‌സിടോസിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്.

ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഹോര്‍മോണുകള്‍  പാലില്‍ ഉണ്ടെന്നു പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും ഡെയറികളില്‍ വ്യാപകമായ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഇപ്പോള്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മുലപ്പാല്‍ കുറവായ അമ്മമാര്‍ക്കു ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന 'ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍ പെടുന്ന ഹോര്‍മോണ്‍ ആണ് ഓക്‌സിടോസിന്‍. പ്രസവം എളുപ്പമാക്കാനും മനുഷ്യരിലും മൃഗങ്ങളിലും ഈ ഹോര്‍മോണ്‍ ഉപയോഗിക്കുന്നുണ്ട്. ഗര്‍ഭാശയത്തിന്റെ മസിലുകളെ ഉത്തേജിപ്പിച്ചാണു പ്രസവം എളുപ്പമാക്കുന്നത്. പാല്‍ ചുരത്തുന്ന ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്.

കറക്കുമ്പോള്‍ കുഞ്ഞിനുള്ളതു കരുതിവച്ചശേഷമേ പശു പാല്‍ ചുരത്താറുള്ളൂ. എന്നാല്‍, ഓക്‌സിടോസിന്‍ നല്‍കിക്കഴിഞ്ഞാല്‍ പശു അറിയാതെ പാല്‍ ചുരത്തുന്നു. ഒരിക്കല്‍ നല്‍കിക്കഴിഞ്ഞാല്‍ ഹോര്‍മോണ്‍ ഇല്ലാതെ പശു പാല്‍ ചുരത്താറുമില്ല.

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു 
കേരളത്തില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പനയെക്കുറിച്ചും നടപടികളെക്കുറിച്ചും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയോടു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

പ്രമുഖ ബ്രാന്‍ഡുകളുടെ മൈദയില്‍ വിഷാംശം കണ്ടെത്തയതിനെക്കുറിച്ചു മനോരമയിലും മനോരമ ന്യൂസിലും വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ ബോറിസ് പോള്‍ നല്‍കിയ പരാതി പരിഗണിച്ചാണു നടപടി.

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതു പെരുകിയിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പരിശോധന നടത്തുന്നതിനും കേസ് എടുക്കുന്നതിനും ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ വിമുഖത കാണിക്കുന്നുവെന്നു ബോറിസ് പോള്‍ ചൂണ്ടിക്കാട്ടി.

സോഡാക്കാരം   
സോഡിയം ഹൈഡ്രോക്‌സൈഡ്
വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍, അള്‍സര്‍
അലക്കുകാരം

സോഡിയം ബൈ കാര്‍ബണേറ്റ്  
ഉദരരോഗങ്ങള്‍
ഫോര്‍മാലിന്‍
ഉദരരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കാന്‍സര്‍

ഹൈഡ്രജന്‍ പെറോക്‌സൈഡ്  
ദഹനേന്ദ്രിയങ്ങള്‍ക്കു ദോഷം
മാള്‍ട്ടോ ഡക്‌സ്റ്റരിന്‍
വയറിളക്കം

യൂറിയ - ചോക്കുപൊടി മിശ്രിതം  
വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍

സള്‍ഫാഡിമിഡിന്‍  
രോഗപ്രതിരോധശേഷി കുറയുന്നു

ഓക്‌സിടോസിന്‍  
പെണ്‍കുട്ടികള്‍ വളരെ നേരത്തെ ഭതുമതികളാകും, ഗര്‍ഭധാരണ ശേഷി തകരാറിലാക്കും, മുറിവില്‍ രക്തം കട്ട പിടിക്കാനുള്ള ശേഷി കുറയ്ക്കും

കീടനാശിനികളിലെ വിഷാംശം  
ഉദരരോഗങ്ങള്‍, കാന്‍സര്‍

2 comments:

BALACHANDRANVELIYANKODE said...

Sodium carbanate അല്ലേ അലക്കുകാരം
Sodium bicarbanate ഫുഡ് grade ഹാനീകരമാണോ, ?
ഭക്ഷ്യയോഗ്യമായത് sodium bicarbanate ആണന്നുപറയുന്നു,
എന്നാൽ ഭൂരിപാകം ഭക്ഷ്യവസ്തുക്കളിലെ pappadam, ദോശമാവ്, തുടെങ്ങിയവയിൽ കൂടുതലായും sodium carbanate എന്ന അലക്കുകാരമാണ് വ്യാപകമായി ഉപയോഗിക്കുന്നത്

BALACHANDRANVELIYANKODE said...

Sodium carbanate അല്ലേ അലക്കുകാരം
Sodium bicarbanate ഫുഡ് grade ഹാനീകരമാണോ, ?
ഭക്ഷ്യയോഗ്യമായത് sodium bicarbanate ആണന്നുപറയുന്നു,
എന്നാൽ ഭൂരിപാകം ഭക്ഷ്യവസ്തുക്കളിലെ pappadam, ദോശമാവ്, തുടെങ്ങിയവയിൽ കൂടുതലായും sodium carbanate എന്ന അലക്കുകാരമാണ് വ്യാപകമായി ഉപയോഗിക്കുന്നത്

Post a Comment