Ads 468x60px

Thursday, September 18, 2014

വിരമിച്ച ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെ വീണ്ടും നിയമിക്കുന്നു

തൊടുപുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണറേറ്റിന് കീഴിലെ സര്‍ക്കിളുകളില്‍ വിരമിച്ച ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെ വീണ്ടും നിയമിക്കുന്നു. വേണ്ടത്ര ഓഫിസര്‍മാര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കിളുകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് വിരമിച്ചവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനൊരുങ്ങുന്നത്. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെ ഉടന്‍ പി.എസ്.സി വഴി നിയമിക്കുമെന്ന കമീഷണറേറ്റിന്‍െറ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.
സംസ്ഥാനത്ത് നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള 140 സര്‍ക്കിളുകളില്‍ പകുതിയെണ്ണത്തിലും ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരില്ല. നിലവിലുള്ളവര്‍ക്ക് അധികച്ചുമതല നല്‍കിയാണ് സര്‍ക്കിളുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ആവശ്യത്തിന് ഓഫിസര്‍മാരില്ലാത്തതിനാല്‍ ഉള്ളവര്‍ കൂടുതല്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ്. വകുപ്പ് നടത്തുന്ന പരിശോധനകളെയും മറ്റും ഇത് ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം സര്‍ക്കിളുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ടും പി.എസ്.സി വഴി നിയമനത്തിന് നടപടി എങ്ങുമത്തെിയില്ല.
ഇതിനിടെ, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ ഉന്നതതലത്തില്‍ നീക്കമുണ്ടായി. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് എം.എസ്സി കെമിസ്ട്രി യോഗ്യതയുള്ളവരെ ലക്ഷങ്ങള്‍ ചെലവഴിച്ച് ആറുമാസത്തെ പരിശീലനം നല്‍കി നിയമിക്കാനുള്ള നീക്കം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദമായതോടെ നീക്കം ഉപേക്ഷിച്ചു.
ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനനടപടി ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷ കമീഷണര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും പി.എസ്.സി വഴി നിയമനത്തിന് നടപടി ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായി വിരമിച്ചവരെ വീണ്ടും നിയമിക്കാന്‍ കഴിഞ്ഞമാസം 27ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആറ് മാസത്തേക്ക് അല്ളെങ്കില്‍ പി.എസ്.സി വഴി നിയമനം ലഭിക്കുന്നവര്‍ ജോലിയില്‍ ചേരുന്നതുവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് ഭക്ഷ്യസുരക്ഷ കമീഷണറോട് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷ മേഖലയില്‍ ജോലി ലക്ഷ്യമിട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നൂറുകണക്കിന് യുവാക്കള്‍ വര്‍ഷങ്ങളായി പി.എസ്.സി നിയമനം കാത്തിരിക്കുമ്പോഴാണിത്. ഫുഡ് സേഫ്റ്റി ഓഫിസറുടെ യോഗ്യതകളും നിയമനരീതിയും സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും അവ പരിഹരിച്ചാലെ പി.എസ്.സി വഴി നിയമനം നടത്താനാകൂ എന്നുമാണ് കമീഷണറേറ്റിന്‍െറ നിലപാട്. എന്നാല്‍, ചിലരുടെ താല്‍പര്യപ്രകാരം നിയമനനടപടി നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
Source:http://www.madhyamam.com

No comments:

Post a Comment