Ads 468x60px

Monday, January 7, 2013

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇനി അക്ഷയ കേന്ദ്രം വഴി

ആലപ്പുഴ * ഹോട്ടല്‍, റസ്റ്ററന്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ നിലവാരച്ചട്ടം അനുസരിച്ചു നേടേണ്ട ലൈസന്‍സ് ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കും. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഉദ്ഘാടനം ഉടന്‍ ഉണ്ടാകും.
നിലവില്‍ ഭക്ഷ്യ സുരക്ഷാ ഓഫിസുകള്‍ വഴിയാണു ലൈസന്‍സ് നല്‍കുന്നത്. മായം ചേര്‍ക്കല്‍ നിരോധന നിയമം അനുസരിച്ചു നിലവില്‍ നേടിയിരിക്കുന്ന ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ നിലവാരച്ചട്ടം പ്രകാരമുള്ളതാക്കി മാറ്റാനും പുതിയ ലൈസന്‍സ് നേടാനും അടുത്ത മാസം നാലു വരെ സമയമുണ്ട്. ഈ സമയത്തിനകം അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിച്ചു ലൈസന്‍സ് നല്‍കാനാണു ലക്ഷ്യം.
നിലവിലുള്ള ലൈസന്‍സിന്റെ കോപ്പി, ജീവനക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പണമടച്ച രസീത് എന്നിവയാണു നിലവിലുള്ള ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ ചട്ടത്തിലേക്കു മാറ്റാന്‍ വേണ്ടത്. നേരത്തേ ലൈസന്‍സ് നേടാത്തവര്‍ കെട്ടിടത്തിന്റെ സ്‌കെച്ച്, ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചതിന്റെ ലബോറട്ടറി ഫലം, ഉപകരണങ്ങളുടെ വിശദാംശങ്ങള്‍, ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ പദാര്‍ഥങ്ങളുടെ വിശദാംശങ്ങള്‍, മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും അനുമതിപത്രം എന്നിവയടക്കമാണ് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യ പദാര്‍ഥങ്ങളുടെ ഉല്‍പാദനവും വിതരണവും നടത്തുന്നത് അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Source:http://www.manoramaonline.com

No comments:

Post a Comment