Ads 468x60px

Wednesday, November 7, 2012

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ സംവിധാനമില്ല -ഉദ്യോഗസ്ഥര്‍

കോഴിക്കോട്: കേന്ദ്ര ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ സംവിധാനങ്ങളില്ലെന്ന് കോഴിക്കോട്ട് നടന്ന നിയമസഭാ സമിതി മുമ്പാകെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കാന്‍ സര്‍ക്കാര്‍ ലാബുകളിലൊന്നും ആവശ്യമായ സൗകര്യങ്ങളില്ല. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണ്. അക്രഡിറ്റഡ് ലാബുകളിലെ സാമ്പിള്‍ പരിശോധനാറിപ്പോര്‍ട്ടിനു മാത്രമേ നിയമസാധുതയുള്ളൂ. സര്‍ക്കാറിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകള്‍ക്ക് ഇതുവരെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന വ്യവസ്ഥകളും ഇതുവരെ പാലിച്ചിട്ടില്ല. അക്രഡിറ്റഡ് ഫുഡ് അനലിസ്റ്റുകളെയും നിയമിച്ചിട്ടില്ല. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ആവശ്യത്തിന് വാഹനസൗകര്യങ്ങളും ഇല്ല. അടിയന്തരഘട്ടങ്ങളില്‍ ഭക്ഷ്യവിഷബാധയോ മറ്റോ ഉണ്ടായാല്‍ പെട്ടെന്ന് സാമ്പിളുകള്‍ ശേഖരിക്കാനോ പരിശോധന നടത്താനോ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗങ്ങള്‍ ഇല്ല. സംസ്ഥാനത്ത് ആകെ എണ്‍പതോളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. ഒരു ഉദ്യോഗസ്ഥന് 15 മുതല്‍ 20 വരെ പഞ്ചായത്തുകളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടിവരുന്നു. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വന്നതോടെ ആരോഗ്യവകുപ്പിനു കീഴിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതില്‍ വിലക്കുള്ളതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സമിതിമുമ്പാകെ അറിയിച്ചു. നിയമം താഴെത്തട്ടില്‍വരെ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെക്കൂടി ഈ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും ജോലിചെയ്യുന്ന അന്യസംസ്ഥാനതൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കുന്നില്ലെന്ന കാര്യം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഷവര്‍മ കഴിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനാവേളയില്‍ വിവിധ ഭക്ഷ്യസ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത 40 കേസുകള്‍ പ്രകാരം 2.35 ലക്ഷംരൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണത്തിലെ മായംകാരണം കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മായം കലരാത്തതും ആരോഗ്യപ്രദവുമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ സമിതിചെയര്‍മാന്‍ എം. ഉമ്മര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ സമിതി അംഗങ്ങളായ ചിറ്റയം ഗോപകുമാര്‍, എ.കെ. ശശീന്ദ്രന്‍, ലൂഡി ലൂയിസ്, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എ.ഡി.എം. കെ.പി. രമാദേവി എന്നിവര്‍ പങ്കെടുത്തു.
Source:http://www.mathrubhumi.com

 Source: manoramaonline

No comments:

Post a Comment