Ads 468x60px

Wednesday, November 21, 2012

ന്യൂഡില്‍സില്‍ പുഴു: ഇളംകുരുന്നുകള്‍ക്കുളള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിഷമയമാവുന്നു

കണ്ണൂര്‍: ഇളംകുരുന്നുകള്‍ക്കായി വിപണിയിലിറക്കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഏറെയും വിഷമയമാകുന്നു. പഴകിയതും പുഴുവരിക്കുന്നതുമായ വസ്തുക്കളാണ് ഏറെയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇന്നലെ കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിനു മുന്നില്‍ നിന്നും വാങ്ങിയ നെസ് ലെ മാഗി നൂഡില്‍സിന്റെ 80 ഗ്രാം പാക്കറ്റിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. 15.06.2012 കാലാവധി രേഖപ്പെടുത്തിയ പാക്കറ്റാണിത്. മുണ്ടയാട് സ്വദേശി ജോളിജോസഫ് വാങ്ങിയ മാഗി പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ജോളി ജോസഫ് കടയുടമയോട് പരാതിപ്പെട്ടുവെങ്കിലും കമ്പനി അധികൃതരെ അറിയിക്കണമെന്നായിരുന്നു മറുപടി. പാക്കറ്റ് ഭക്ഷ്യവസ്തുക്കളിലെറെയും ഉപയോഗ്യമല്ലാത്തതാണെന്ന് വ്യാപകമായ പരാതിയുണ്ട്. കഴിഞ്ഞയാഴ്ച്ച ഉരുവച്ചാലില്‍ നിന്ന് വാങ്ങിയ ഒ.കെ പായ്ക്കറ്റില്‍ കരിക്കട്ടയും മറ്റുവസ്തുക്കളും കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇത്തരം വസ്തുക്കള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് സംവിധാനമൊന്നുമുണ്ടാക്കിയിട്ടില്ല. വന്‍ ടി.വിപരസ്യങ്ങളിലൂടെ നിരവധി സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുകൊണ്ടാണ് ഇവ മാര്‍ക്കറ്റിലെത്തുന്നത്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന തരത്തിലുളള മസാലകൂട്ടുകളാണ് ഇതില്‍ ഒരുക്കിയിട്ടുളളത്. മുട്ടയും ചിക്കനും ചേര്‍ത്ത് കഴിക്കാവുന്ന ഇത്തരം ന്യൂഡില്‍സുകള്‍ക്ക് അടിമകളായ മുതിര്‍ന്നവരും കുറവല്ല. മൂന്ന് മിനുട്ടിനുളളില്‍ തയ്യാറാക്കാവുന്ന ഇത്തരം വിഭവങ്ങള്‍ നല്‍കിയാല്‍ താത്കാലികമായി കരച്ചില്‍ നിര്‍ത്താമെന്നതുകൊണ്ടാണ് രക്ഷിതാക്കള്‍ ഇവയെ ആശ്രയിക്കുന്നത്. വര്‍ണശബളമായ പാക്കറ്റുകളില്‍ തുച്ഛവിലയ്ക്ക് കടകളില്‍ ലഭിക്കുന്ന ഇത്തരം വസ്തുക്കള്‍ സ്ഥിരമായി കഴിക്കുന്ന കുട്ടികളെ ഉദരരോഗം, ഓര്‍മ്മക്കുറവ്, പൊണ്ണത്തടി തുടങ്ങിയ ബാധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കേരളകൗമുദിയോട് പറഞ്ഞു.

No comments:

Post a Comment