Ads 468x60px

Saturday, October 13, 2012

ഹോട്ടലില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കി; ചോദ്യംചെയ്ത എ.പി.പി.ക്ക് വധഭീഷണി

തൃശ്ശൂര്‍: വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിളമ്പിയതിനെ ചോദ്യംചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹോട്ടലുടമയുടെയും ജീവനക്കാരുടെയും വക ഭീഷണി. എ.പി.പി. ഫോണില്‍ പരാതിപ്പെട്ടതനുസരിച്ച് പോലീസും ഫുഡ് സേഫ്റ്റി ഓഫീസറും സ്ഥലത്തെത്തി. സംശയാസ്​പദമായ ഭക്ഷണസാധനങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ കണ്ടാല്‍ ഹോട്ടലിന് നോട്ടീസ് നല്‍കുമെന്നും ഇതും അനുസരിച്ചില്ലെങ്കില്‍ ഹോട്ടല്‍ അടച്ചുപൂട്ടുമെന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബി. ജയചന്ദ്രന്‍ അറിയിച്ചു. തൃശ്ശൂര്‍ എം.ജി. റോഡില്‍ രാംദാസ് തിയ്യറ്ററിന് എതിര്‍വശത്തുള്ള ഗള്‍ഫ് ഫുഡ്‌സ് എന്ന ഹോട്ടലിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വടക്കാഞ്ചേരി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ടി. ശശിയും സുഹൃത്ത് ഉണ്ണിയും ഇവിടെ ഭക്ഷണം കഴിക്കാനായി എത്തി. പൊട്ടിയ പ്ലേറ്റില്‍, ഈച്ച വീണ ഓംലറ്റാണ് നല്‍കിയതെന്ന് ശശി ആരോപിക്കുന്നു. ഇതിനെയും ഹോട്ടലില്‍ മറ്റു ഭക്ഷണസാധനങ്ങള്‍ ഈച്ചയാര്‍ക്കുംവിധം തുറന്നുവെച്ചതിനെയും ഇദ്ദേഹം ചോദ്യംചെയ്തു.

ഹോട്ടല്‍ ഉടമയും നാലുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ശശി പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഒടുവില്‍ ഈസ്റ്റ് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുടെ സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി.

തങ്ങളുടെ ഹോട്ടലില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിളമ്പിയിട്ടില്ലെന്നും എ.പി.പി. ഹോട്ടലില്‍ കയറി അനാവശ്യ വെല്ലുവിളി നടത്തുകയായിരുന്നുവെന്നും ഹോട്ടലുടമ ഷാജി പറഞ്ഞു. എ.പി.പി.യുടെ പരാതിപ്രകാരം ഈസ്റ്റ് പോലീസ് കേസെടുത്തു.

No comments:

Post a Comment