Ads 468x60px

Saturday, October 27, 2012

ഭക്ഷ്യസുരക്ഷ: പതിനെട്ടരലക്ഷം രൂപ പിഴ ഈടാക്കി

കൊച്ചി : ഷവര്‍മ കഴിച്ച യുവാവ്‌ ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിഴയായി ഈടാക്കിയത്‌ 18 ലക്ഷം രൂപയിലേറെ. കണക്കുകള്‍പ്രകാരം ജൂലൈ പത്തിനുശേഷം നടത്തിയ പരിശോധനകളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ നിന്നും 18,48,000 രൂപ പിഴ ഈടാക്കി തീര്‍പ്പു കല്‍പ്പിച്ചു. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭോജന ശാലകളും ഭക്ഷ്യോല്‍പന്ന വിതരണ സ്‌ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വൃത്തിഹീനമെന്നു കണ്ടെത്തിയ 73 സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 696 സ്‌ഥാപനങ്ങള്‍ക്ക്‌ സ്‌ഥിതി മെച്ചപ്പെടുത്താനും നോട്ടീസ്‌ നല്‍കിയതായും സ്വകാര്യ അന്യായത്തില്‍ ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.
ജൂലൈ 10ന്‌ തിരുവനന്തപുരം വഴുതയ്‌ക്കാട്ടുള്ള റസ്‌ററ്റോറന്റില്‍നിന്നു വാങ്ങിയ ഷവര്‍മ കഴിച്ച ഹരിപ്പാട്‌ ആറ്റുമാലില്‍ സ്വദേശി സച്ചിന്‍ റോയ്‌മാത്യു(21) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ബംഗളുരുവില്‍വച്ച്‌ മരിച്ചു. തുടര്‍ന്ന്‌ സംസ്‌ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ ചില വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ക്കുമേലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവീണിരുന്നു. ഭക്ഷ്യോല്‍പന്ന വിതരണവുമായി ബന്ധപ്പെട്ട മേഖല ഗുരുതര ഭീഷണി നേരിടുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്‌. ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന രംഗത്തുള്ളവരില്‍ പലരും ശുചിത്വം, പൊതുജനാരോഗ്യം, ഭക്ഷ്യവസ്‌തുക്കളുടെ പാചകം, വിതരണം എന്നിവയുടെ ഗുണനിലവാരം എന്നിവയില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണു സമീപകാല സംഭവങ്ങള്‍ വ്യക്‌തമാക്കുന്നതെന്നു സത്യവാങ്‌മൂലത്തില്‍ പറയുന്നു. 

No comments:

Post a Comment