Ads 468x60px

Saturday, October 20, 2012

ഭക്ഷ്യനിയമം അട്ടിമറി വക്കില്‍

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണങ്ങളില്‍നിന്നു പാറ്റയെയും പഴുതാരയെയും കണ്ടെടുക്കുന്നതു പതിവായിട്ടും ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിയുടെ വക്കില്‍. നിയമപ്രകാരമുള്ള അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ നല്‍കാനുള്ള ട്രൈബ്യൂണലിനെയും നിയമിക്കാനുള്ള ഫയല്‍ സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലുമായി കയറിയിറങ്ങുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 56 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനവും ഇതുവരെ നടപ്പായിട്ടില്ല. ഹോട്ടല്‍ ലോബിയുടെ ശക്തമായ സമ്മര്‍ദമാണു തീരുമാനങ്ങള്‍ വൈകുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്.
പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നു വ്യക്തമായിട്ടും ഇതു നിര്‍മിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലാബില്‍ പരിശോധനയ്ക്കയച്ച മിക്‌സഡ് അച്ചാര്‍, ഈന്തപ്പഴം എന്നിവ ആരോഗ്യത്തിനു ദോഷകരമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പക്ഷേ ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍ക്കേ സാധിക്കൂ.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എഡിഎമ്മിന്റെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരായിരിക്കണം ഈ ചുമതലയില്‍. എല്ലാ ജില്ലകളിലും ഈ ഉദ്യോഗസ്ഥര്‍ വേണമെങ്കിലും താല്‍ക്കാലികമായി സംസ്ഥാനത്ത് ഒരാളെയെങ്കിലും നിയമിക്കണമെന്ന് ആറുമാസം മുമ്പു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ആവശ്യപ്പെട്ടിരുിന്നു. കഴിഞ്ഞമാസം വീണ്ടും ഇതേ ആവശ്യം ഓര്‍മിപ്പിച്ചു സര്‍ക്കാരിന് എഴുതി. ഡപ്യൂട്ടി കലക്ടര്‍ക്കു ചുമതല നല്‍കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ മാത്രം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയാല്‍ മതി. പക്ഷേ, വിവിധ വകുപ്പുകളില്‍ ഫയല്‍ നിരങ്ങി നീങ്ങുകയാണ്.
അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ തീരുമാനം ചോദ്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ജില്ലാ മജിസ്‌ട്രേട്ടിന്റെ റാങ്കാണു ട്രൈബ്യൂണലിന്. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിനു സാമ്പത്തിക ബാധ്യതകള്‍ ഏറെയുണ്ട്. ഓഫിസും അനുബന്ധ ഉദ്യോഗസ്ഥരും വേണം. ഇതിന്റെ സാമ്പത്തിക ബാധ്യത കണക്കാക്കുന്നതിലും കാലതാമസം നേരിടുന്നുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 56 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്നതിനായി ക്യാബിനറ്റ് നോട്ട് ഉണ്ടാക്കാന്‍ മുഖ്യമന്ത്രി തന്നെ മൂന്നു മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. അന്നു തന്നെ നോട്ട് നല്‍കിയെങ്കിലും ഇതുവരെ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഈ മൂന്ന് ആവശ്യങ്ങളും ഒറ്റ ഫയലിലായതിനാലാണ് വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് അയയ്‌ക്കേണ്ടി വരുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കാലതാമസത്തിനു കാരണം ഇതാണെന്നും അവര്‍ പറയുന്നു.
ശക്തമായ നിയമമുണ്ടായിട്ടും ഭക്ഷ്യവസ്തുക്കളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. വിവിധ ഹോട്ടലുകളില്‍നിന്നും കടകളില്‍നിന്നും പഴകിയ ഭക്ഷണവും മറ്റും പിടിച്ചെടുക്കുമ്പോഴും നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റക്കാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
Source:http://www.manoramaonline.com

No comments:

Post a Comment