Wednesday, February 8, 2012

കറുവാപ്പട്ടയെന്ന പേരില്‍ ഇരൂള്‍ ഉള്‍പ്പെടെയുള്ള കാട്ടുമരങ്ങളുടെ തൊലിയും കടത്തുന്നു


'കാസിയ' ഇപ്പോഴും വിപണിയില്‍ 
കണ്ണൂര്‍: കറുവാപ്പട്ടയെന്ന പേരില്‍ ഇരൂള്‍ ഉള്‍പ്പെടെയുള്ള കാട്ടുമരങ്ങളുടെ തൊലിയും കടത്തുന്നു. 'കൊമറിന്‍' എന്ന വിഷവസ്തുവടങ്ങിയ കാസിയ ഇറക്കുമതിചെയ്ത് കറുവാപ്പട്ട എന്ന പേരില്‍ വിപണനം ചെയ്യുന്നതിനു പുറമെയാണീ തട്ടിപ്പും പുറത്തുവന്നത്. മുമ്പ് ഇറക്കുമതി ചെയ്ത കാസിയ 60 രൂപയ്ക്കു ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതിനെതിരെ നടപടി തുടങ്ങിയ സാഹചര്യത്തില്‍ വില 150 രൂപയിലധികമായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മറ്റു മരങ്ങളുടെ തോലും കറപ്പത്തോലെന്ന പേരില്‍ കടത്താന്‍ തുടങ്ങിയതെന്നാണ് സൂചന.
അടുത്തിടെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നായി വനംവകുപ്പ് ഏഴായിരം കിലോയോളം കറപ്പത്തോല്‍ പിടിച്ചിരുന്നു. എന്നാല്‍ ഇത് യഥാര്‍ഥ കറപ്പത്തോല്‍ അല്ലെന്നും കറപ്പ കര്‍ഷകനും ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ലിയൊനാര്‍ഡ് ജോണ്‍ പറഞ്ഞു. കറപ്പത്തോലെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്കാണ് ഇത് കടത്തുന്നത്. അവിടെ അങ്ങാടിമരുന്നുകടകളിലെത്തിക്കുന്ന ഇത് കറുവാപ്പട്ടയാണെന്ന് കരുതി ആയുര്‍വേദ മരുന്നുനിര്‍മ്മാതാക്കള്‍ വാങ്ങിക്കൊണ്ടുപോവുകയാണ്. നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളിലെ ഒരു ഘടകമാണ് കറുവാപ്പട്ട. യഥാര്‍ഥ കറുവാപ്പട്ടയ്ക്കുപകരം കാട്ടുമരങ്ങളുടെ തോല്‍ ഉപയോഗിക്കുന്നതുവഴി മരുന്നിന്റെ ഫലപ്രാപ്തി കുറയും. കറപ്പത്തോലെന്ന് പറഞ്ഞ് ഇരൂളിന്റെയടക്കം തൊലി കടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയെങ്കിലും വ്യാജകറപ്പത്തോല്‍ കടത്തിയതിന് നടപടിയെടുക്കേണ്ടത് വകുപ്പല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ലിയൊനാര്‍ഡ് ജോണ്‍ പറഞ്ഞു. അനധികൃതമായി വനത്തില്‍നിന്ന് കറപ്പത്തോല്‍ ശേഖരിച്ച് നീക്കം ചെയ്തതിനാണ് കേസെടുത്തിട്ടുള്ളതെന്നും വനം വകുപ്പ് അറിയിച്ചു. 
കറുവാപ്പട്ടയെന്ന പേരില്‍ ഇറക്കുമതി ചെയ്ത കാസിയ വില്‍ക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും ഇത് വില്‍ക്കുന്നുണ്ട്. ബിരിയാണിയിലുള്‍പ്പെടെ കാസിയയാണ് ചേര്‍ക്കുന്നത്. ഇതിനെതിരെ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. ഏറെ പരാതികളുയര്‍ന്നിട്ടും കാസിയയുടെ ഇറക്കുമതി തടയാന്‍ സ്‌പൈസസ് ബോര്‍ഡും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും നടപടിയെടുക്കുന്നില്ലെന്ന് ലിയൊനാര്‍ഡ് പറഞ്ഞു. ഉത്തരേന്ത്യന്‍ വ്യാപാര ലോബിക്കും ഇതില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നിരോധിച്ചിട്ടില്ലെങ്കിലും തുറമുഖങ്ങളിലൂടെ കാസിയ കൊണ്ടുവരുന്നത് പിടിക്കാന്‍ കസ്റ്റംസിനും വില്‍ക്കുന്നത് തടയാന്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ പിടിത്തമൊന്നും നടക്കുന്നില്ലെന്ന് മാത്രം.'കൊമറിന്‍' സാന്നിധ്യമുള്ളതിനാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ നിരോധിച്ചതാണ് കാസിയ. കരളിനെയും വൃക്കകളെയും ബാധിക്കുന്ന 'കൊമറിന്‍' എലിവിഷം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു ഘടകവസ്തുവാണ്. കറുവാപ്പട്ടയെന്ന പേരില്‍ ചൈന, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം എന്നീരാജ്യങ്ങളില്‍നിന്നാണ് കാസിയ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കേരളത്തിലെ കറപ്പ കൃഷിക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം കറപ്പ കൃഷി കേരളത്തിലാണ്. കറുവാപ്പട്ടയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കാസിയ ലഭിക്കുന്നതിനാല്‍ വ്യാപാരികള്‍ അതിന് പിന്നാലെ പോകുന്നതാണ് പ്രശ്‌നം.

No comments:

Post a Comment