Ads 468x60px

Saturday, February 18, 2012

ധാന്യപ്പൊടികളില്‍ മായവും എലിക്കാഷ്ഠവും: ജില്ലയിലെങ്ങും പരിശോധന

കണ്ണൂര്‍: ധാന്യപ്പൊടികളില്‍ അപകടകരമായ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ജില്ലയില്‍ ധാന്യമില്ലുകളിലും പ്രധാനകടകളിലും ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമുള്ള ഡെസിഗേ്‌നറ്റഡ് ഓഫീസര്‍ കൂടിയായ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ പരിശോധനനടത്തി. ആട്ട, മൈദ, അരിപ്പൊടി എന്നിവ ഉത്പാദിപ്പിക്കുന്ന മില്ലുകളിലും ഇവ വില്‍ക്കുന്ന പ്രധാനകടകളിലുമാണ് പരിശോധന നടത്തിയത്. സാമ്പിള്‍ പിടിച്ചെടുത്ത് ലബോറട്ടറികളില്‍ പരിശോധനയ്ക്കയച്ചു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പുളിങ്ങോത്ത് മില്ലില്‍ പൊടിക്കാന്‍ കൊണ്ടുവന്ന അരിയില്‍ എലിക്കാഷ്ഠം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ വി. കെ.ശശീന്ദ്രന്‍ പറഞ്ഞു. 
പുട്ടുപൊടിയും ആട്ടയും ഉണ്ടാക്കുന്ന കക്കാട്ടുള്ള മില്ലിലും ആട്ടയും മൈദയും സൂജിയും ഉണ്ടാക്കുന്ന എടക്കാട്ടും പറശ്ശിനിക്കടവിലുമുള്ള മില്ലുകളിലും നഗരത്തിലെ പ്രധാനകടകളിലും പരിശോധന നടത്തിയാണ് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ സാമ്പിള്‍ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ കോഴിക്കോട്ടുള്ള റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്കും കൊച്ചിയിലുള്ള സര്‍ക്കാര്‍ അംഗീകൃത റഫറല്‍ ലാബായ ഇന്റര്‍ ഫീല്‍ഡ് ലാബിലേക്കുമാണ് അയച്ചത്. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. ആട്ട, മൈദ, അരിപ്പൊടി എന്നിവ നിര്‍മിക്കുന്ന മില്ലുകളിലും വിതരണക്കാരുടെ ഗോഡൗണുകളിലും ചില്ലറവില്‍പ്പന കേന്ദ്രങ്ങളിലും മിന്നല്‍പരിശോധനനടത്തി സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയക്കാനായിരുന്നു ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ്.
പായ്ക്കറ്റിലും ലൂസായും വില്‍ക്കുന്ന ധാന്യപ്പൊടികളുടെ സാമ്പിള്‍ എടുത്തിട്ടുണ്ട്. മായമോ രാസവസ്തുക്കളോ കലര്‍ന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ധാന്യപ്പൊടി കേടാവാതിരിക്കാന്‍ അപകടകരമായ രാസവസ്തുക്കളായ ബന്‍സോയിക് ആസിഡും ബ്ലീച്ചിങ് പൗഡറും കലര്‍ത്തുന്നതായുള്ള സൂചനയെത്തുടര്‍ന്നായിരുന്നു പരിശോധന. പുളിങ്ങോത്തെ ഒരു ബേക്കറിയില്‍നിന്ന് മില്ലില്‍ പൊടിക്കാന്‍ കൊണ്ടുവന്ന അരിയിലാണ് എലിക്കാഷ്ഠം കണ്ടെത്തിയത്. ആരോഗ്യവകുപ്പ് അധികൃതര്‍ അരി പിടിച്ചെടുത്തിരുന്നു. തുടര്‍നടപടികളെടുക്കാതെ താക്കീതിലൊതുക്കി പ്രശ്‌നംതീര്‍ക്കാന്‍ നീക്കംനടക്കുന്നുണ്ട്.
ജില്ലയില്‍ മുമ്പ് മായംകലര്‍ന്ന കറിപ്പൊടികള്‍ പിടിച്ചെടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ കുരുമുളക് പൊടിയില്‍ അരിപ്പൊടിയും മുളക് പൊടിയില്‍ സുഡാന്‍ റെഡും മറ്റൊരു ബ്രാന്‍ഡിന്റെ മഞ്ഞള്‍പ്പൊടിയില്‍ ചോളപ്പൊടിയും കലര്‍ത്തിയതാണ് പിടിച്ചത്. മറ്റ് മൂന്ന് ബ്രാന്‍ഡുകളുടെ മുളകുപൊടിയില്‍ സുഡാന്‍ റെഡ് കലര്‍ന്നതായും കണ്ടെത്തിയിരുന്നു. കര്‍ണാടകത്തില്‍നിന്ന് മുളകുപൊടിവാങ്ങി പരിശോധനനടത്താതെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചതാണ് ഇവര്‍ക്ക് വിനയായത്. കര്‍ണാടകത്തില്‍നിന്ന് വാങ്ങിയ മുളകുപൊടിയില്‍ ചുവപ്പുകളറിന് നിരോധിത വസ്തുവായ സുഡാന്റെഡ് ചേര്‍ത്തിരുന്നതാണ് പ്രശ്‌നമായത്.
Source: http://www.mathrubhumi.com

No comments:

Post a Comment