തിരുവനന്തപുരം: മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തെ വിപണിയില്‍ സുലഭം. ഇതൊക്കെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിനാണ്. മായം കലര്‍ന്നതും പഴകിയതുമായ ആഹാരസാധനങ്ങളാണ് ഭൂരിഭാഗം കടകളിലും സുലഭമായി വില്‍ക്കുന്നത്. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണങ്ങളില്‍ പ്രധാനപങ്ക് പഴകിയ ഭക്ഷണ പദാര്‍ഥങ്ങളുടെ വിതരണമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകളോ നിയമനടപടികളോ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റ് അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ഹോട്ടലുകളില്‍ വില്‍ക്കുന്ന ആഹാര സാധനങ്ങളാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആഴ്ച്ചകളോളം പഴക്കമുള്ള ഇറച്ചിയും മാംസവും ഹോട്ടലുകളില്‍ വില്‍ക്കുന്നത് സാധാരണ സംഭവമാണ്. ഇതിന്റെ ഭാഗമായി ഭക്ഷ്യ വിഷബാധ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെങ്കിലും ആരും ഗൗരവമായി എടുക്കാറില്ല. ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ അവരുടെ അധികാര പരിധിയില്‍ വരുന്ന ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളില്‍ ഏഴ് ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്നാണ് ചട്ടം. പരിശോധന നടത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ചെക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തി ഹോട്ടല്‍ ഉടമയില്‍ നിന്നും ഒപ്പിട്ട് വാങ്ങണം. പരിശോധനയില്‍ ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയാല്‍ ഈ ചെക്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കണം.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 67 കടകളില്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്നാല്‍ രേഖകള്‍ പ്രകാരം ഉദ്യോഗസ്ഥര്‍ എല്ലാ ദിവസും കടകളിലെത്തി പരിശോധന നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ നല്‍കുന്ന ചെക്ക് ലിസ്റ്റില്‍ കട ഉടമകള്‍ ഒപ്പിട്ട് നല്‍കാറാണ് പതിവ്. ഇതിനായി ഹോട്ടല്‍ ഉടമകളില്‍ നിന്നും വന്‍തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങുന്നത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പച്ചക്കറികളും ഭൂരിഭാഗവും നിലവാരമില്ലാത്തതാണ്. കമ്പോളങ്ങളില്‍ ഉപയോഗശൂന്യമെന്ന് പറഞ്ഞ് പാഴായി എറിയുന്നവ ഹോട്ടല്‍ ഉടമകള്‍ വിലകുറച്ച് വാങ്ങും. ഇതാണ് ഹോട്ടലുകളില്‍ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടലുകളിലാണ് നിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങല്‍ കൂടുതലായും വില്‍ക്കുന്നത്.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധനയും ഉദ്യോഗസ്ഥര്‍ നടത്താറില്ല. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാലിന് പകരം തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി കൊണ്ടുവരുന്ന പാലാണ് ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാടില്‍ നിന്നും കൊണ്ടുവരുന്ന പാലില്‍ ഫോര്‍മാലിന്‍ എന്ന രാസലായിനിയുടെ സാന്നിദ്ധ്യം നിരവധി തവണ കണ്ടെത്തിയിരുന്നു. ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം ഫോര്‍മാലിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ്. കരളിലെ കാന്‍സര്‍ രോഗത്തിന് കാരണമാകുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. കാന്‍സര്‍ രോഗ വിദഗ്ധരുടെ സംഘടനയായ ഐക്കോണ്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളത്തില്‍ കരളില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടുതലായി കണ്ടുവരുന്നു. ഈ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അറിയില്ലെന്ന നിലപാടാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് അധികൃതര്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് വില്‍ക്കുന്ന പഴവര്‍ഗങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പഴവര്‍ഗങ്ങളില്‍ മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. അസറ്റിലിന്‍, കാര്‍ബൈഡ്, മറ്റ് കാര്‍ബണിക സംയുക്തങ്ങള്‍ എന്നിവയാണ് പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നത്. അസറ്റിലിന്‍ ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കുന്നതായാണ് വിലയിരുത്തല്‍. കാര്‍ബൈഡുകള്‍ അസ്ഥികളുടെ ബലക്ഷയത്തിന് കാരണമാക്കുന്നു. പഴവര്‍ഗങ്ങള്‍ മാസങ്ങളോളം കേടുകൂടാതെ സംരക്ഷിക്കുന്നതിന് പാക്ക് ചെയ്യുന്ന സമയത്ത് അസറ്റിലിന്‍ ചെറിയ സഞ്ചികളിലാക്കി പെട്ടിയില്‍ സൂക്ഷിക്കും. ഇതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷവാതകമാണ് കീടങ്ങളുടേയും പുഴുക്കളുടേയും ആക്രമണത്തില്‍ നിന്നും പഴങ്ങളെ സംരക്ഷിക്കുന്നത്.
ഇത് കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും പകര്‍ച്ചവ്യാധികള്‍ മാരകമായി ബാധിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികളുടെ സ്ഥിതിയും വിഭിന്നമല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഇറച്ചിക്കോഴിയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഹോര്‍മോണ്‍ കുത്തിവച്ചെത്തുന്ന കോഴിയിറച്ചി ചെക്‌പോസ്റ്റുകളില്‍ തടഞ്ഞ് തിരിച്ചയക്കണമെന്നാണ് ചട്ടം. കടകളില്‍ വില്‍ക്കുന്ന ജ്യൂസുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കാലാവധി കഴിഞ്ഞ പാക്ക ചെയ്ത ആഹാര പദാര്‍ഥങ്ങളും വിപണിയില്‍ സുലഭമാണ്. ആഹാരപദാര്‍ഥങ്ങള്‍ ടെട്രാ പാക്ക് ചെയ്ത വിതരണം ചെയ്യണമെന്നാണ് നിയമം. ഇതും പലപ്പോഴും പാലിക്കപ്പെടാറില്ല.
സംസ്ഥാനത്തെ വിപണിയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കും. ഹോട്ടലുകള്‍ ഉള്‍പ്പടെ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്ന കടകളില്‍ ഉദ്യോഗസ്ഥതല പരിശോധന നടത്തും. കുറ്റക്കാരായ കച്ചവടക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അടൂര്‍ പ്രകാശ് ജനയുഗത്തോട് പറഞ്ഞു.
No comments:
Post a Comment