തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിക്കപ്പെട്ട പാന്‍ മസാലയും ഗുഡ്കയും കടകളില്‍നിന്ന് എടുത്തു മാറ്റാന്‍ പതിനഞ്ചു ദിവസത്തെ സമയം അനുവദിച്ചു. നിക്കോട്ടിനും പുകയിലയും അടങ്ങിയ പാന്‍ മസാല, ഗുഡ്ക തുടങ്ങിയവ വില്‍ക്കാന്‍ പാടില്ലെന്നും സ്‌റ്റോക്കിസ്റ്റുകള്‍ക്കു തിരികെ നല്‍കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ലക്ഷക്കണക്കിനു രൂപയുടെ ഉല്‍പന്നങ്ങള്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്ന സ്‌റ്റോക്കിസ്റ്റുകള്‍ക്ക് അതു കമ്പനികള്‍ക്കു തിരികെ നല്‍കാനോ നശിപ്പിക്കാനോ ഉള്ള സമയം അനുവദിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണിത്. പൊലീസ്, റവന്യു, ഫുഡ്‌സേഫ്റ്റി ഓഫിസര്‍ എന്നിവരടങ്ങിയ ടീമാണു പാന്‍ മസാല നിരോധനം നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത്. നിരോധിച്ച ഉല്‍പന്നം വില്‍ക്കുന്നതായി കണ്ടാല്‍ അയ്യായിരം രൂപ പിഴ ഈടാക്കാം. 12 ലക്ഷം രൂപയില്‍ കൂടുതലുള്ള ബിസിനസ് നടത്തുന്നവര്‍ക്കു നോട്ടീസ് നല്‍കണം. നിരോധിത ഉല്‍പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ 15നകം അതു സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാന്‍ നോട്ടീസ് നല്‍കണം. ചെക്ക് പോസ്റ്റുകളിലൂടെ പാന്‍മസാലയും മറ്റും കൊണ്ടുവരുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഭക്ഷ്യസുരക്ഷാ ഓഫിസറെ വിവരം അറിയിക്കണം.
Source:http://www.manoramaonline.com
Source:http://www.manoramaonline.com
No comments:
Post a Comment