Ads 468x60px

Friday, May 25, 2012

സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു

സംസ്ഥാനത്ത് പാന്‍മസാല (ഗുട്ഖ) പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരോധനം ഇതു സംബന്ധിച്ച വിജ്ഞാപനത്തോടെ നിലവില്‍വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006ലെ ഭക്ഷ്യ സുരക്ഷാ നിയമവും ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രകാരമാണ് നിരോധനം. വായിലെ കാന്‍സര്‍ അടക്കം പാന്‍മസാലയുടെ ഉപയോഗം കാരണമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ് അധികാരമെന്ന് പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അതിന് നടപടികളാരംഭിച്ചത്. മധ്യപ്രദേശ് മാത്രമാണ് ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഈ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിധിയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ സ്‌കൂള്‍, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചിരുന്നു. സ്‌കൂള്‍തല സമിതിയെ പ്രിന്‍സിപ്പലും ജില്ലാസമിതിയെ കലക്ടറും സംസ്ഥാന സമിതിയെ ആഭ്യന്തര സെക്രട്ടറിയുമാണ് നയിക്കുന്നത്. ആരോഗ്യ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.പി, ഡി.പി.ഐ എന്നിവരാണ് സംസ്ഥാനതല സമിതിയിലെ മറ്റ് അംഗങ്ങള്‍. പുതിയ അധ്യയനവര്‍ഷം തുടങ്ങി ഒരാഴ്ചക്കകം സ്‌കൂള്‍തല സമിതികള്‍ രൂപവല്‍ക്കരിക്കണമെന്ന് ഡി.പി.ഐ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പാന്‍മസാല നിരോധന ഉത്തരവ് നടപ്പാക്കാന്‍ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ മാത്രമല്ല ഉത്സാഹത്തോടും കൂടി നടപ്പാക്കിയെങ്കില്‍ മാത്രമേ നിരോധനം ഫലപ്രദമാകുകയുള്ളു. ഫലങ്ങള്‍ നേടിയെടുക്കാനായി പോലീസ്, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക സംഘടനകള്‍ എന്നിങ്ങനെ ഈ മേഖലയിലെ എല്ലാവരുമായും സര്‍ക്കാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. വിപണിയില്‍ പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള ഒരു ഭക്ഷ്യപദാര്‍ത്ഥത്തിലും മായമോ ആസക്തിയുളവാക്കുന്ന വസ്തുക്കളോ ചേരാന്‍ പാടില്ലെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുകയിലയും നിക്കോട്ടിനുമടങ്ങിയതുകാരണം ഗുട്ഖ/പാന്‍മസാല നിരോധിച്ചത് സംസ്ഥാനത്ത് എല്ലാത്തരം ഭക്ഷ്യവസ്തുക്കളും നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്തു സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിക്കുള്ളില്‍ പാന്‍മസാലയുടെ വില്പന നിരോധനം സര്‍ക്കാര്‍ ഈയിടെ കര്‍ശനമായി നടപ്പാക്കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഡോ. ബിജു പ്രഭാകരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ നടത്തിയ ആഗോള ടുബാക്കോ സര്‍വെ (200910) യില്‍ കേരളത്തിലെ ഈ വിഭാഗക്കാരില്‍ 10.7 ശതമാനം ഗുട്ഖയും പാന്‍മസാലയുമടക്കമുള്ള പുകയില്ലാത്ത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. മുറുക്കാനും മറ്റുമെല്ലാം ഉപയോഗിക്കുന്ന പുകയിലയെക്കാള്‍ ആസക്തി വര്‍ധിപ്പിക്കുന്നതാണ് ഗുട്ഖയെന്ന് തെളിഞ്ഞിട്ടുണ്ട്. പുകയില, അടയ്ക്ക എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ കാന്‍സറിനു കാരണമാകുന്നു. വായ് തുറക്കുന്നതിന് തടസമുണ്ടാക്കുന്ന ഓറല്‍ സബ്മ്യൂക്കോസല്‍ ഫൈബ്രോസിസ് എന്ന രോഗം സൃഷ്ടിക്കാന്‍ ഗുട്ഖ കാരണമാകുന്നു. ഈ രോഗമുള്ള മൂന്നു പേരില്‍ രണ്ടും അര്‍ബുദ രോഗികളാകുന്നു.

No comments:

Post a Comment