Ads 468x60px

Monday, May 14, 2012

പരിശോധനയില്ലാതെ കുടിവെള്ള വില്‍പ്പന തകൃതി

കണ്ണൂര്‍: കൊടും വേനലില്‍ ജലക്ഷാമം കടുക്കുമ്പോള്‍ ലഭിക്കുന്ന കുടിവെള്ളത്തിന്റെ ശുചിത്വത്തെക്കുറിച്ചാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക. ടാങ്കറില്‍ പടിക്കലെത്തുന്ന വെള്ളം ഉപയോഗ്യയോഗ്യമാണോയെന്നതിന് ഉറപ്പൊന്നുമില്ല. നഗരപ്രദേശങ്ങളില്‍ കുടിവെള്ളക്കച്ചവടം പൊടിപൊടിക്കുന്നു. കോണ്‍ക്രീറ്റ് ജോലികള്‍ക്കും മറ്റും പുഴവെള്ളം വിതരണം ചെയ്തിരുന്നവര്‍ ലാഭക്കൊതിയാല്‍ കുടിവെള്ളക്കച്ചവടക്കാരായി. അംഗീകാരമില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഭക്ഷ്യസുരക്ഷാനിയമപ്രകാരം കുടിവെള്ളത്തിന്റെ സാമ്പിള്‍ ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കണം. ഭക്ഷ്യവസ്തുവിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം. കുടിവെള്ളം വില്‍ക്കുന്നവര്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാല്‍ പരിശോധനയ്ക്ക് സംസ്ഥാനസര്‍ക്കാറിന്റെ ഉത്തരവുണ്ട്. കുടിവെള്ളമെത്തിക്കുന്ന ടാങ്കറിന് നീലനിറം വേണമെന്നാണ് നിഷ്കര്‍ഷ. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ഏര്‍പ്പെടുത്തുന്നതിന്റെ അന്തിമഘട്ടത്തിലാണ് ഫുഡ് സേഫ്റ്റി വിഭാഗം. ഓഫീസുകളിലും മറ്റും എത്തിക്കുന്ന കുടിവെള്ളവും കുപ്പിവെള്ളവും വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നാണ് ശേഖരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇവയുടെ പരിശോധനയും നടക്കുന്നില്ല. വേനല്‍ കടുത്തതോടെ കുടിവെള്ള കച്ചവടക്കാരുടെ എണ്ണവും കൂടി. ഗ്രാമങ്ങളിലെ കുളങ്ങളിലും കിണറുകളിലുംനിന്നാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. ജലസ്രോതസുകള്‍ പാട്ടത്തിനു വാങ്ങുന്ന പ്രവണതയും ആരംഭിച്ചു. പുഴയില്‍നിന്നും വെള്ളമെടുക്കുന്നവരുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ എത്തിക്കുന്ന വെള്ളത്തില്‍ പോലും മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ജലസ്രോതസും വാഹനവുമുണ്ടെങ്കില്‍ ആര്‍ക്കും ജലക്കച്ചവടം നടത്താമെന്ന സ്ഥിതിയാണ്. ചിലയിടങ്ങളില്‍ ജലമൂറ്റലിനെതിരെ പ്രതിഷേധവും ആരംഭിച്ചു. തുകയ്ക്ക് വെള്ളം വാങ്ങുന്നതിനാല്‍ ഹോട്ടലുകളുടെ ശുചിത്വവും അവതാളത്തിലായി. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് നല്‍കണമെന്ന ആരോഗ്യവകുപ്പിന്റെ നിബന്ധനയും ഹോട്ടലുകളില്‍ പ്രാവര്‍ത്തികമല്ല. 

No comments:

Post a Comment