Ads 468x60px

Wednesday, March 13, 2013

അമയന്നൂര്‍ ഭക്ഷ്യവിഷബാധ: അധികൃതര്‍ക്കെതിരെ വ്യാപക പരാതി

കോട്ടയം: ആയിരത്തി അഞ്ഞൂറിലേറെപ്പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കൃത്യവിലോപം കാണിച്ചതായി വ്യാപകമായി പരാതി ഉയരുന്നു. ഒരു നാടു മുഴുവന്‍ ദുരന്തത്തിലായിട്ടും വേണ്ടത്ര ഇടപെടലുകളില്ലാതെ പഞ്ചായത്തും ആരോഗ്യവകുപ്പും അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഭക്ഷ്യവിഷബാധയേറ്റു മൂന്നുദിവസം കഴിഞ്ഞാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടായത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് എന്തെങ്കിലും നടപടി ഉണ്ടായത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് രോഗബാധിതര്‍ക്ക് ചികിത്സാ ധനസഹായവും രണ്ടാഴ്ചത്തെ സൗജന്യറേഷനും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആള്‍ക്കാരെ ആരെയും അറിയിക്കാതെ അമയന്നൂര്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ രാത്രി എട്ടുമണിക്കാണ് മുഖ്യമന്ത്രി എത്തിയത്. കോണ്‍ഗ്രസ്സുകാരെ മാത്രം പങ്കെടുപ്പിച്ചു സര്‍വ്വകക്ഷിയോഗം നടത്തി മുഖ്യമന്ത്രി സ്ഥലം വിടുകയായിരുന്നു.
ഭക്ഷ്യവിഷബാധ ഏറ്റത് എന്തില്‍ നിന്നാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സാമ്പിള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് എന്നു കിട്ടുമെന്നും ആര്‍ക്കും അറിയില്ല. ഭക്ഷ്യവിഷബാധയുടെ അടിസ്ഥാന കാരണം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ ക്ഷേത്രഭരണസമിതിക്കെതിരെയും നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നു. ഭരണസമിതിയും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി പെരുമാറുകയാണെന്നും ആക്ഷേപമുണ്ട്. ചികിത്സ പൂര്‍ത്തിയാക്കാതെ ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളാണ് കഴിയുന്നത്. ജോലിചെയ്യാന്‍ കഴിയാതെ കുടുംബനാഥന്മാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പരീക്ഷയ്ക്ക് പോകുവാന്‍ പോലും കഴിയാതെ വിദ്യാര്‍ത്ഥികള്‍ അവശരുമാണ്. അധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി.
Source:http://www.janmabhumidaily.com

No comments:

Post a Comment