Ads 468x60px

Monday, March 25, 2013

സൂക്ഷ്മ വിശകലന സൗകര്യങ്ങളില്ല; ഭക്ഷ്യസുരക്ഷാപരിശോധന പ്രശ്‌നമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ അനലിറ്റിക്കല്‍ ലബോറട്ടറികളില്‍ മൈക്രോ ബയോളജിക്കല്‍ വിശകലനത്തിനുള്ള അവശ്യ സൗകര്യങ്ങളില്ലാത്തത് പരിശോധനകള്‍ക്ക് വിഘാതമാകുന്നു. സൂക്ഷ്മാണുക്കളെ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍ നടത്താതിരിക്കുന്നത് മായം കലര്‍ന്നതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ ഉപഭോഗത്തിന് കാരണമാകുകയാണ്.
ഒപ്പം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിലെ വീഴ്ചകളും സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള തടസ്സങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളെയും സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളില്‍ രോഗം പരത്തുന്ന സൂക്ഷ്മാണുക്കള്‍ ഇല്ല എന്ന് ഉറപ്പാക്കി ഭക്ഷ്യവസ്തുക്കളുടെ മൈക്രോബയോളജിക്കല്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാകണം മൈക്രോബയോളജിക്കല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കേണ്ടത്. എന്നാല്‍ 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മൈക്രോ ബയോളജിക്കല്‍ വിശകലനങ്ങള്‍ക്കുള്ള സൗകര്യങ്ങളും മൈക്രോബയോളജിസ്റ്റുകളും ആവശ്യത്തിന് ഇല്ലാത്തതാണ് ഇതിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

തിരുവനന്തപുരത്ത് ഒരു സര്‍ക്കാര്‍ അനലിസ്റ്റ് ലബോറട്ടറിയും എറണാകുളത്തും കോഴിക്കോട്ടും ഓരോ റീജണല്‍ അനലിസ്റ്റ് ലബോറട്ടറികളുമാണുള്ളത്. ഇവിടേക്കായി മൈക്രോബയോളജിസ്റ്റുകളെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും രണ്ടുപേരെയേ നിയമിക്കാനായുള്ളൂ. കോഴിക്കോട് കേന്ദ്രത്തിലേക്ക് ആളെ കിട്ടിയതുമില്ല. അതേസമയം സിവില്‍ സപ്ലൈസിന് കീഴില്‍ കോന്നിയില്‍ സി.എഫ്.ആര്‍.ഡി. ലാബുണ്ടെങ്കിലും അക്രഡിറ്റഡ് ലാബല്ലാത്തതിനാല്‍ ഇവിടെ നിന്നുള്ള പരിശോധനാഫലം പലപ്പോഴും കോടതികളിലും മറ്റും സമര്‍പ്പിക്കുന്നതിനുള്ള തടസ്സവുമുണ്ട്. ഉള്ള മൂന്ന് ലാബുകളിലും പല ഉപകരണങ്ങളും കേടായതുമാണ്. ഒപ്പം അവശ്യം വേണ്ട നൂതന യന്ത്രസാമഗ്രികള്‍ സജ്ജീകരിച്ചിട്ടില്ലെന്ന ന്യൂനതയുമുണ്ട്.
കുടിവെള്ളം ഉള്‍പ്പടെയുള്ളവയുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെടുക്കുന്നുണ്ട്. ഇവയുടെ മൈക്രോബയോളജി വിശകലനത്തിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ലാബുകളില്‍ പോലും പരിശോധന നടത്തേണ്ടതായി വരുന്നു. ഇത് സംബന്ധിച്ചുള്ള കേസുകളും മറ്റും വരുമ്പോള്‍ സ്വകാര്യ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ കോടതിയില്‍ ഹാജരാക്കാനാകാത്ത അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ ഇത്തരം പരിശോധനകള്‍ പഠനാവശ്യത്തിനായി മാത്രം ഉപയോഗിക്കേണ്ട അവസ്ഥയും വരുന്നു.
മൈക്രോബയോളജി പരിശോധന സാധ്യമാകുന്ന തരത്തില്‍ ലാബുകളെ ശക്തിപ്പെടുത്തിയാലേ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പല പരിശോധനകള്‍ക്കും അര്‍ഥമുണ്ടാകൂവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മൈക്രോ ബയോളജി യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ പണം അനുവദിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായതുമില്ല. 

No comments:

Post a Comment