Ads 468x60px

Wednesday, March 20, 2013

കുടിവെള്ള ടാങ്കറുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: ടാങ്കര്‍ ലോറികള്‍വഴി കുടിവെള്ളം വിതരണം ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തി.
കോഴിക്കോട് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തിലും സമീപങ്ങളിലും നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. എഫ്.ബി.ഒ. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയില്ലാത്ത ടാങ്കര്‍ ലോറികള്‍ക്ക് കുടിവെള്ളവിതരണം നിര്‍ത്തിവയ്ക്കാനും ഫുഡ് സേഫ്ടി ലൈസന്‍സുള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കും മാത്രം വാട്ടര്‍ അതോറിറ്റി ജലവിതരണം നടത്തിയാല്‍ മതിയെന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജലവിതരണം നടത്തിവന്ന 10 വാട്ടര്‍ടാങ്കര്‍ ലോറികളിലെ ജലത്തിന്റെ സാമ്പിളുകള്‍ തിരുവനന്തപുരം ഗവണ്മെന്‍റ് അനലിസ്റ്റ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടാങ്കര്‍ ലോറിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
എസ്.യു.ടി. ആസ്പത്രിയിലെ ക്യാന്‍റീനിലും പേരൂര്‍ക്കടയിലെ നാഥന്‍ ഹോട്ടലിലും പരിശോധന നടത്തി. ഇതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നാഥന്‍ ഹോട്ടലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ഡി. ശിവകുമാറിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. അഞ്ച് കുടിവെള്ള ടാങ്കര്‍ ലോറികള്‍ക്ക് എഫ്.ബി.ഒ. ലൈസന്‍സുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനാല്‍ നോട്ടീസ് നല്‍കി. ഈ ലോറികളിലെ സാമ്പിളുകള്‍ എറണാകുളം റീജണല്‍ അനലിറ്റിക്കല്‍ ലാബുകളില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ജില്ലയിലെ മൂന്ന് കുടിവെള്ള സ്രോതസ്സുകള്‍ പരിശോധിച്ച് സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ 'ഡ്യു ഫ്രഷ് ബ്രാന്‍റ്' 20 ലിറ്റര്‍ കുടിവെള്ളം ബോട്ടില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലാ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ കെ. അജിത്കുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ രണ്ട് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും രണ്ട് കുടിവെള്ളസ്രോതസ്സുകളിലും പരിശോധന നടത്തി. ഇതില്‍ കുടിവെള്ള സ്രോതസ്സുകള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്തതിനാല്‍ ഇവിടെ നിന്നുള്ള കുടിവെള്ളവിതരണം നിര്‍ത്തിവെപ്പിച്ചു.
കുടിവെള്ളം എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫുഡ് സേഫ്റ്റി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

No comments:

Post a Comment