Ads 468x60px

Saturday, March 23, 2013

മീനില്‍ ഫോര്‍മാലിനും മാരക ബാക്ടീരിയയും കണ്ടെത്തി

മീനിലും വിഷം, കേരളത്തിലെ പ്രമുഖ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന മീനില്‍, ഫോര്‍മാലിനുള്‍പ്പെടെയുള്ള രാസപദാര്‍ത്ഥങ്ങളും മാരക ബാക്ടീരിയയും കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുകള്‍. അയല, മത്തി, ചൂര തുടങ്ങിയ മീനുകളിലാണ് വിഷ പദാര്‍ഥങ്ങളുടെ സാന്നിധ്യമുള്ളത്. മനോരമ ന്യൂസ് അന്വേഷണം. കരകാണാകടലിലെ അധ്വാനത്തിന്റെ ഫലമാണ് ഈ വലയിലൂടെ വലിച്ചുകയറ്റുന്നത്. എന്നാല്‍ കടലിലെ പൊന്നായ മീനുകളല്ല നമ്മുടെ തീന്‍മേശയില്‍ എത്തുന്നത്, മാരക വിഷം നിറഞ്ഞമീനുകളാണ് കേരളത്തിലെ പ്രമുഖ മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കെത്തുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധനാറിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്നത് വിഷവ്യാപനത്തിന്റെ കാണാകയങ്ങളാണ്. ഇത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച മത്സ്യങ്ങളുടെ പരിശോധനാഫലം. സാധാരണക്കാരന്റെ ഭക്ഷണത്തില്‍ എന്നും ഇടം പിടിക്കുന്ന അയല, മത്തി, ചൂര, പുന്നാരമീന്‍ തുടങ്ങിയവിലെല്ലാം അമോണിയ, ഫോര്‍മാലിന്‍, ഹിസ്റ്റമിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇകോളി, സ്റ്റഫൈലോകോക്കസ്, സാല്‍മണെല്ലോ തുടങ്ങിയ ബാക്ടീരിയകളുടെ അളവ് ഞെട്ടിപ്പിക്കുന്നതാണെന്നാണ് പരിശോധനാഫലം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് ഇവയെല്ലാം. എറണാകുളം ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച് പരിശോധിച്ച മത്സ്യങ്ങളില്‍ ലെഡ് ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ അളവ് വന്‍തോതിലുണ്ട്.
തമിഴ്്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിക്കുന്ന മീനിന് പുതുമ തോന്നിക്കാനും ചീഞ്ഞ് പോകാതിരിക്കാനുമാണ് അമോണിയയും, ഫോര്‍മാലിനും കലര്‍ത്തുന്നത്. മാരക രാസപദാര്‍ഥമായ ഫോര്‍മാലിനെ അര്‍ബുദമുണ്ടാക്കുന്ന വസ്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജ്യാന്തര അര്‍ബുദ ഗവേഷണ ഏജന്‍സി പെടുത്തിയിരിക്കുന്നത്. ഒരുകാര്യത്തില്‍ ഈ പരിശോധനാഫലം ആശ്വാസം തരുന്നു. കേരളത്തില്‍ കായല്‍ മത്സ്യങ്ങളായ കരിക്കാടിയിലും, കരിമീനിലും രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവ ഭക്ഷ്യയോഗ്യമെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
പരിസരമലിനീകരണവും, എല്ലാ വിഷപദാര്‍ത്ഥങ്ങളും മാലിന്യവും കടലിലേക്ക് വലിച്ചെറിയുന്നതും മത്സ്യങ്ങളിലേക്ക് വിഷമെത്താന്‍ കാരണമാകുന്നു. ഒപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മീനെത്തുന്നതും നമ്മുടെ ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. വേണ്ട പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും ആവശ്യമായ ഒരു സംവിധാനവും കേരളത്തിലില്ല എന്നതും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു.

No comments:

Post a Comment