Ads 468x60px

Sunday, January 15, 2012

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടികൂടാന്‍ സംവിധാനമില്ല; വന്‍കിട കമ്പനികള്‍ വിലസുന്നു

കൊച്ചി: മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാനും നശിപ്പിക്കാനും, മായം കലര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും സംസ്ഥാനത്ത്‌ ഫലപ്രദമായ സംവിധാനമില്ല. വന്‍കിട കമ്പനികള്‍ നിറം കൂട്ടാന്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്‌ തുടരുന്നു.ആരോഗ്യവകുപ്പിന്‌ കീഴില്‍ നിന്നും ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറുടെ കീഴിലേക്ക്‌ ഫുഡ്‌ ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍ മാറിയതോടെയാണ്‌ സംവിധാനത്തില്‍ കൂടുതല്‍ പിഴവു വന്നത്‌. തിരുവനന്തപുരത്ത്‌ ആസ്ഥാന മന്ദിരവും, ജില്ലകളില്‍ ഓഫീസ്‌ ശൃംഖലയുള്ള കമ്മീഷണര്‍ ഓഫീസിനു കീഴില്‍ വരുന്ന ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതാണ്‌ ആഹാര പദാര്‍ത്ഥങ്ങള്‍ പരിശോധിച്ച്‌ നടപടി എടുക്കാന്‍ സാധിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.താലൂക്ക്‌ അടിസ്ഥാനത്തില്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍ ഓഫീസുകളുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കയാണ്‌. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകളില്‍ നടത്തുന്ന റെയ്ഡ്‌ മാത്രമായി ഫുഡ്‌ ഇന്‍സ്പെക്ടറുടെ ജോലി കുറഞ്ഞിരിക്കുന്നു. സംസ്ഥാന ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണര്‍ ആഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലാ തലത്തിലോ താലൂക്ക്‌ തലത്തിലോ കൃത്യമായ പരിശോധന വിവരങ്ങള്‍ എത്തിയിട്ടില്ലത്രേ.സാധാരണക്കാര്‍ക്ക്‌ തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിന്‌ കാക്കനാട്ടെ റീജിണല്‍ അനാലിറ്റിക്കല്‍ ലാബറട്ടറിയേ ആശ്രയിക്കണം. എന്നാല്‍ ബ്രാന്‍ഡായ ഒരു കമ്പനി ഉത്പന്നം പരിശോധിക്കാന്‍ കൊടുത്താല്‍ അതില്‍ മായം ഉണ്ടാകാറില്ല. അതേ സമയം ബ്രാന്റ്‌ കമ്പനികളുടെ പാക്കറ്റ്‌ പൊട്ടിച്ച്‌ എടുത്ത ഉല്‍പന്നം പരിശോധിച്ചാല്‍ അതില്‍ മായം കണ്ടെത്താറുണ്ട്‌. ഏതെങ്കിലും വസ്തുവില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന്‌ മനസിലാക്കി നടപടിയെടുക്കാന്‍ അധികൃതരോട്‌ ആവശ്യപ്പെടുമ്പോള്‍ മായമില്ലാത്ത "മായം കലര്‍ന്ന" റിപ്പോര്‍ട്ടായിരിക്കും അധികൃതര്‍ മുന്നോട്ടു വക്കുന്നത്‌.
അടുത്തിടെ കോതമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കറിപൗഡര്‍ നിര്‍മ്മാണ യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മലപ്പുറം ജില്ലയില്‍ വളാഞ്ചേരിയില്‍ വച്ച്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചിരുന്നു. ഈ കേസ്‌ പിന്നീട്‌ ഒതുങ്ങിപ്പോവുകയായിരുന്നു. ഒരു വകുപ്പിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലിയായിരുന്നു കേസ്‌ ഒതുങ്ങിപ്പോകാന്‍ കാരണമെന്ന്‌ പറയപ്പെടുന്നു. വിദേശത്തേക്ക്‌ കയറ്റി അയക്കാനായി സൂക്ഷിച്ചിരുന്ന മുളക്പൊടിയില്‍ സുഡാന്‍ 4 എന്ന മാരക രാസവസ്തു കലര്‍ന്നതായി സ്പൈസസ്‌ ബോര്‍ഡ്‌ കണ്ടെത്തിയെങ്കിലും കമ്പനിക്കെതിരെയും നടപടിയുണ്ടായില്ല.
താലൂക്ക്‌ തലത്തിലുള്ള ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ ഇത്‌ പരിശോധിക്കാന്‍ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലാത്തതും പരിശോധിക്കാന്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരെ അനുവദിക്കാത്തതും വന്‍കിട കമ്പനികള്‍ മായം ചേര്‍ക്കുന്നത്‌ കൂടുതലാകാന്‍ കാരണമായിട്ടുണ്ട്‌.
 
 
 

No comments:

Post a Comment