Ads 468x60px

Monday, January 30, 2012

വന്‍കുടല്‍ കാന്‍സര്‍ കൂടുതല്‍ കേരളത്തില്‍; വില്ലന്‍ മാട്ടിറച്ചി!


കൊച്ചി: രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വന്‍കുടല്‍ കാന്‍സര്‍ രോഗികള്‍ കേരളത്തിലാണെന്നു വിദഗ്‌ധര്‍. മാട്ടിറച്ചി ഉപയോഗം ഉയര്‍ന്നതാണു കാരണം. രാജ്യത്ത്‌ മാട്ടിറച്ചി ഉപയോഗിക്കുന്നവരില്‍ കൂടുതലും മലയാളികളാണ്‌. സംസ്‌ഥാനത്ത്‌ വന്‍കുടല്‍ കാന്‍സര്‍ ബാധിച്ചവരുടെ എണ്ണത്തില്‍ സമീപകാലത്ത്‌ വന്‍വര്‍ധനയാണുണ്ടായിരിക്കുന്നത്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവു വന്‍കുടല്‍ കാന്‍സര്‍ ഇന്ത്യയിലാണെങ്കില്‍, കേരളത്തിലെ സ്‌ഥിതി വികസിത രാജ്യങ്ങളിലേതിനു സമാനമാണ്‌. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുകയാണു വന്‍കുടല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള പോംവഴിയെന്നു മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഉദരരോഗ വിദഗ്‌ധന്‍ ഡോ. കെ.എം. മോഹന്‍ദാസ്‌ 'ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ്‌ ഗാസ്‌ട്രോ എന്‍ട്രോളജി' യുടെ മുഖക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു. നാരുകളടങ്ങിയ ഭക്ഷണം രക്‌തത്തിലെ പൂരിത കൊഴുപ്പിനെ നീക്കം ചെയ്യാന്‍ പര്യാപ്‌തമാണ്‌. വിറ്റാമിനുകളായ ഡിയും ബിയും ഫോളിക്‌ ആസിഡും വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്‌ക്കും. വികസിത രാജ്യങ്ങളിലും വന്‍ നഗരങ്ങളിലുമാണു വന്‍കുടല്‍ കാന്‍സര്‍ വ്യാപകം. ഏഷ്യയില്‍ ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍ രാജ്യങ്ങള്‍ ഈ മാരകരോഗത്തിന്റെ പിടിയിലാണ്‌. അമേരിക്കയിലും ബ്രിട്ടണിലും ഈ രോഗത്തിനെതിരേ ശക്‌തമായ ബോധവല്‍ക്കരണം നടന്നുവരുന്നു. മാട്ടിറച്ചിക്കമ്പം കൂടിവരുന്ന ഗള്‍ഫ്‌ രാജ്യങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലെത്തി. ഇതു പ്രതിരോധിക്കുന്നതിന്‌ ഏറ്റവും ഫലപ്രദമായ നടപടി മാട്ടിറച്ചിപോലുള്ള ചുവന്ന മാംസത്തിന്റെ ഉപയോഗം കുറയ്‌ക്കുകയാണെന്ന്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സും വ്യക്‌തമാക്കിയിട്ടുണ്ട്‌. വറുത്തതും പൊരിച്ചതുമായ മാംസാഹാരങ്ങള്‍ വഴിയും ഇത്തരം കാന്‍സറിനു കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ (എച്ച്‌.പി.വി) സൃഷ്‌ടിക്കപ്പെടുന്നു. കോഴി ചുട്ടതും മീന്‍ പൊള്ളിച്ചതും ഫലത്തില്‍ കാന്‍സര്‍കാരികളാണ്‌. വെളുത്ത ഇറച്ചി ഇത്തരത്തില്‍ പാകം ചെയ്യുമ്പോള്‍ പാപ്പിലോമ വൈറസ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നു. 80 ഡിഗ്രി സെന്റിഗ്രേഡില്‍ അരമണിക്കൂര്‍ നിന്നാല്‍പോലും നശിക്കാത്ത പോളിയോമാ വൈറസുകളുണ്ട്‌.ചുവന്ന മാംസത്തിന്റെ ഉപഭോഗംപോലെ പാലുല്‍പന്നങ്ങളുടെ അമിതോപയോഗമാണ്‌ സ്‌തനാര്‍ബുദത്തിനു പ്രധാന കാരണം. ഫാസ്‌റ്റ് ഫുഡ്‌ സംസ്‌കാരത്തോടൊപ്പം വന്‍കുടല്‍ കാന്‍സറും പെരുകുകയാണ്‌. പ്രൊഫഷണലുകള്‍ക്കിടയില്‍ ഉദരരോഗങ്ങള്‍ വര്‍ധിക്കുന്നതില്‍ വറുത്തതും ചുട്ടെടുത്തതുമായ വിഭവങ്ങള്‍ക്ക്‌ വലിയ പങ്കുണ്ട്‌. 20 വര്‍ഷത്തിനിടയില്‍ 7,56,217 പേരില്‍ നടത്തിയ 14 പഠനങ്ങളില്‍ വ്യക്‌തമായത്‌ സസ്യാഹാരികള്‍ക്ക്‌ വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത മാംസാഹാരികളേക്കാള്‍ കുറവാണെന്നും അദ്ദേഹം പറയുന്നു. 

No comments:

Post a Comment