തിരുവനന്തപുരം: പ്രതിദിനം മുക്കാല്‍ കോടി ലിറ്റര്‍ പാല്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് പാലിന്റെ ഗുണനിലവാര പരിശോധനയും മേല്‍നടപടികളും കാര്യക്ഷമമല്ലാതായിട്ട് നാലു മാസം പിന്നിടുന്നു. ഗുണനിലവാര പരിശോധനയ്ക്കുള്ള അധികാരം ക്ഷീര വകുപ്പില്‍ നിന്ന് മാറ്റി ഫുഡ് സേഫ്ടി കമ്മീഷണറുടെ കീഴിലാക്കിയെങ്കിലും ജീവനക്കാരുടെ അഭാവവും പരിചയക്കുറവുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം.എഴുപത്തിയഞ്ച് ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിന്റെ പ്രതിദിന ഉപഭോഗം. അറുപത്തിയഞ്ചോളം ബ്രാന്‍ഡുകളിലായി ഇരുന്നൂറിലധികം പാല്‍ ഉത്പ്പന്നങ്ങള്‍ സംസ്ഥാനത്തിന്റെ വിപണിയില്‍ ലഭ്യമാണ്. 1992-ല്‍ നിലവില്‍ വന്ന മില്‍ക് ആന്‍ഡ് മില്‍ക് പ്രോഡക്ട്‌സ് ഓര്‍ഡര്‍ പ്രകാരം ക്ഷീരവികസന വകുപ്പ് ഡയറക്ടറെ രജിസ്റ്ററിങ് അതോറിറ്റിയായി നിയമിക്കുകയും അദ്ദേഹത്തിനു കീഴില്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരും പാലിന്റെ ഗുണനിലവാരം പരിശോധിച്ചുവരികയുമായിരുന്നു. വകുപ്പിന്റെ കീഴില്‍ 152 ബ്ലോക്കുകളിലായി 3513 ക്ഷീരസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 ഡെയറി പ്ലാന്റുകളും അറുപത്തിയഞ്ചോളം ബ്രാന്‍ഡുകളും ക്ഷീരവകുപ്പിന്റെ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 2006-ല്‍ പാസാക്കിയ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടിന്റെ ചട്ടങ്ങള്‍ 2011-ല്‍ രൂപവത്കരിക്കുകയും ആഗസ്ത് അഞ്ച് മുതല്‍ പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള അധികാരം സംസ്ഥാന ഫുഡ് സേഫ്ടി കമ്മീഷന് കീഴിലാക്കുകയും ചെയ്തു. ഇതോടെ പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ക്ഷീരവികസന വകുപ്പ് കോടികള്‍ മുടക്കി സ്ഥാപിച്ച ജില്ലാതല ലാബുകളും പാലക്കാട്ടും തിരുവനന്തപുരത്തുമുള്ള അത്യാധുനിക ടെസ്റ്റിങ് കേന്ദ്രങ്ങളും അപ്രസക്തമായി. ഡെയറി ടെക്‌നോളജിയില്‍ ഡിപ്ലോമോയും ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടേയും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരുടെയും സേവനം പാല്‍ പരിശോധനയ്ക്ക് ലഭ്യമാക്കാന്‍ കഴിയാതെയും വന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ഡെയറി വകുപ്പ് ഡയറക്ടര്‍, ഫുഡ് സേഫ്ടി കമ്മീഷണര്‍ക്ക് കഴിഞ്ഞമാസം കത്തെഴുതുകയും ഫുഡ് സേഫ്ടി കമ്മീഷണര്‍ക്ക് കീഴില്‍ ഡെയറി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരെ പാല്‍ പരിശോധനയ്ക്കുള്ള രജിസ്ട്രിയായി നിയമിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തില്‍, ഇക്കാര്യം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷണര്‍ മറുപടി നല്‍കിയത്. ഇതോടെ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിദിനം ശേഖരിക്കുന്ന സാമ്പിളുകള്‍ പ്രയോജനമില്ലാതായി. സാമ്പിളുകളില്‍ മായം കലര്‍ത്തിയാലും തുടര്‍ നടപടിയെടുക്കാന്‍ ക്ഷീരവികസന ഡയറക്ടര്‍ക്ക് ഇപ്പോള്‍ അധികാരമില്ല.പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള അധികാരം നല്‍കിക്കൊണ്ടുള്ള ലൈസന്‍സിങ് അതോറിറ്റിയായി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഫുഡ് സേഫ്ടി കമ്മീഷണര്‍ക്ക് കഴിയുമെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല.പരിശോധനയ്ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ ഫുഡ് സേഫ്ടി വകുപ്പിന് നിലവിലെ സാഹചര്യത്തില്‍ വിഭവ ശേഷിയില്ല.
source:http://www.mathrubhumi.com
No comments:
Post a Comment