Ads 468x60px

Monday, January 16, 2012

പാലിന്‌ കൊഴുപ്പു പകരാന്‍ സോപ്പുപൊടിയും യൂറിയയും

മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ വിതരണത്തിനെത്തുന്ന പാലില്‍ കൊഴുപ്പു പകരാന്‍ സോപ്പുപൊടിയും കേടാകാതിരിക്കാന്‍ യൂറിയയും കലര്‍ത്തുന്നതായി കണ്ടെത്തി. മാരകമായ പാര്‍ശ്വഫലങ്ങള്‍ക്ക്‌ ഇടയാക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ അധികൃതര്‍ കര്‍ശനനടപടി സ്വീകരിക്കാത്തത്‌ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുന്നു.കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനമായ ഫുഡ്‌ സേഫ്‌റ്റി സ്‌റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ കേരളത്തില്‍ വിതരണത്തിന്‌ എത്തുന്ന പാല്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിച്ചത്തായത്‌. പല സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ പാലെത്തുന്നത്‌ കണക്കിലെടുത്ത്‌ വിവിധയിടങ്ങളില്‍ നിന്നും കേന്ദ്രഎജന്‍സി പാല്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന്‌ അത്യാധുനീക ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ മായം ചേര്‍ക്കുന്നതായി കണ്ടെത്തിയത്‌. പരമ്പരാഗതമായ രീതിയില്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നതിന്‌ പുറമെയാണ്‌ ഗ്ലൂക്കോസ്‌, പാല്‍പ്പൊടി, ഡിറ്റര്‍ജന്റ്‌, യൂറിയ, എന്നിവ കലര്‍ത്തുന്നത്‌. കൊഴുപ്പിനൊപ്പം പാലിന്‌ നിറം പകരാനും ഇത്‌ സഹായകമാകുന്നു. പാല്‍ക്ഷാമം രൂക്ഷമായ കേരളത്തില്‍ മില്‍മാ പാല്‍ വിതരണം തികയാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ ലിറ്റര്‍കണക്കിന്‌ പാല്‍ ദിനംപ്രതി എത്തുന്നുണ്ട്‌. കവര്‍പാലും ലൂസും ഇതില്‍പ്പെടും. കൊഴുപ്പുകിട്ടാന്‍ രണ്ടിനത്തിലും കൃത്രിമം കാട്ടുന്നുണ്ട്‌. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കര്‍ണാടകയില്‍ നിന്നുള്ള പാലും വിതരണത്തിന്‌ എത്തുന്നു. അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകള്‍ വഴിയും ട്രെയിന്‍മാര്‍ഗവും അന്യസംസ്‌ഥാന പാല്‍ കേരളത്തിലേക്ക്‌ ഒഴുകുന്നു. എന്നാല്‍ ഇവയുടെ ഗുണനിലവാരം കൃത്യമായി പരിശോധിച്ച്‌ നടപടിയെടുക്കുന്ന കാര്യത്തില്‍ കേരളം പിന്നിലാണ്‌. മാരകമായ യൂറിയ കലര്‍ത്തുന്ന പാല്‍ സ്‌ഥിരമായി ഉപയോഗിക്കുന്നതു മൂലം മാരക രോഗങ്ങള്‍ക്ക്‌ അടിമപ്പെടുമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. കുഞ്ഞുങ്ങളില്‍ ബുദ്ധിമാന്ദ്യത്തിന്‌ ഇതിടയാക്കും. ദഹനക്കുറവ്‌, ആമാശയ- കരള്‍ രോഗങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യതയുമേറെയാണ്‌.

No comments:

Post a Comment