പുനലൂര്‍: അന്തിമയങ്ങുമ്പോള്‍ ഉന്തുവണ്ടിയില്‍ തോന്നുംപടി ദോശവിറ്റുകളയാം എന്നിനി ആരും കരുതേണ്ട. ഭക്ഷ്യസുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമതി ഇനി തട്ടുകച്ചവടം. അതും വൃത്തിയും വെടിപ്പുമുള്ള സ്ഥലത്തുമാത്രം. തട്ടുകടക്കാര്‍ മാത്രമല്ല, സൈക്കിളിലും പെട്ടിക്കടകളിലുമൊക്കെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരും ചെറുകിട ഭക്ഷ്യോ ത്പാദകരുമൊക്കെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും സമൃദ്ധമായ ഭക്ഷണമൊരുക്കുന്ന കാറ്ററിങ് സര്‍വീസുകാര്‍ക്കും ലൈസന്‍സ് കൂടിയേ തീരൂ. രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സ് എടുക്കാനും ഇക്കൊല്ലം ആഗസ്ത് അഞ്ചുവരെ സാവകാശം ലഭിക്കും.2006ലെ ഭക്ഷ്യസുരക്ഷാഗുണനിലവാരനിയമം സംസ്ഥാനത്ത് നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. പഴയ മായം ചേര്‍ക്കല്‍ നിരോധനനിയമത്തിനു പകരമാണ് ഈ നിയമം.
പുനലൂര്‍ മര്‍ച്ചന്റ്‌സ് ചേംബര്‍ കഴിഞ്ഞദിവസം പുനലൂരില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ എ.കെ.മിനി പുതിയ നിയമം വിശദീകരിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് കോടതികയറുകയും ഇരുമ്പഴിക്കുള്ളിലാവുകയും വേണ്ട എന്നതാണ് പുതിയ നിയമത്തിന്റെ മെച്ചം. ചെറിയ കുറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാക്കുന്ന സംവിധാനമാണ് പുതിയ നിയമം അനുശാസിക്കുന്നത്.ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുന്നതോടനുബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലും സമൂലമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തേ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരുന്ന സംവിധാനം മാറി. സംസ്ഥാനതലത്തില്‍ ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ക്കാണ് ഭക്ഷ്യസുരക്ഷയുടെ ചുമതല. ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ലൈസന്‍സ് നല്‍കാന്‍ അധികാരമുള്ള ഡെസിഗ്‌നേറ്റഡ്.......
ഓഫീസര്‍മാരാകും. താലൂക്ക് തലത്തിലുള്ള ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ എന്ന് അറിയപ്പെടും. പുതിയ നിയമത്തില്‍ തട്ടുകടക്കാരും ഉന്തുവണ്ടിക്കച്ചവടക്കാരുമൊക്കെ, 12 ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള 'പെറ്റി' ഭക്ഷ്യസംരംഭകരുടെ പട്ടികയിലാണ്. മുമ്പത്തെ പോലെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് നേടിയിരുന്ന ലൈസന്‍സ് ഇനി വേണ്ട. പകരം എഫ്.എസ്.എസ്.എ.ഐ. യുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 100 രൂപ അടച്ച് നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ചാല്‍ ഡസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് മുമ്പാകെ വ്യാപാരം രജിസ്റ്റര്‍ ചെയ്യാം. 12 ലക്ഷത്തിനുമുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ഇടത്തരക്കാര്‍ക്ക് 2000 രൂപയും വന്‍കിടക്കാര്‍ക്ക് 5000 രൂപയും അടച്ച് അപേക്ഷിച്ചാല്‍ ലൈസന്‍സ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം 14 അക്ക കോഡ് നമ്പര്‍ ലഭിക്കും. ഒരു സംരംഭകന് നല്‍കുന്ന കോഡ് ഇന്ത്യയില്‍ ആ സംരംഭകന് മാത്രമായിരിക്കും. വെള്ളം ഭക്ഷ്യവസ്തുവായി മാറി എന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു പ്രത്യേകത. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും. മുമ്പ് കുപ്പിയിലടച്ച് വില്പന നടത്തിയിരുന്ന വെള്ളത്തിനേ ഈ നിബന്ധന ബാധകമായിരുന്നുള്ളൂ. ഹോട്ടലുകളിലെയും മറ്റും ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികളില്ല എന്നത് സാക്ഷ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍തന്നെ വേണമെന്നില്ല, മറിച്ച് രജിസ്‌ട്രേഷനുള്ള സ്വകാര്യ ഡോക്ടറായാലും മതിയാകും എന്ന ഇളവും പുതിയ നിയമത്തിലുണ്ട്. നിയമപ്രകാരമുള്ള ലൈസന്‍സ് ലഭിക്കും മുമ്പ് കട തുടങ്ങാന്‍ പാടില്ല എന്ന കര്‍ശന നിബന്ധനയും നിയമം മുന്നോട്ടുവയ്ക്കുന്നു. താലൂക്ക് ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ.തുളസീധരന്‍ നായര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ ഹരിലാല്‍, വിനോദ് കുമാര്‍, ലിനി വര്‍ഗീസ്, പ്രീത തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു. മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ് എസ്.നൗഷറുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.സി.കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Source:http://www.mathrubhumi.com
No comments:
Post a Comment