Ads 468x60px

Thursday, January 12, 2012

കേരളത്തില്‍ പാലിന്റെ നിലവാരം കുറയ്ക്കുന്നത് കൊഴുപ്പും മറ്റുമെന്ന് പഠനം

ന്യൂഡല്‍ഹി: കേരളത്തില്‍ പാലിന്റെ ഗുണനിലവാരം കുറയ്ക്കുന്നത് അതില്‍ ചേര്‍ക്കുന്ന കൊഴുപ്പും എസ്.എന്‍.എഫു (സോളിഡ് നോട്ട് ഫുഡ്- വെള്ളവും വെണ്ണക്കൊഴുപ്പുമല്ലാത്ത ഘടകങ്ങള്‍) മെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച പാലില്‍ ഡിറ്റര്‍ജെന്റ്, ഗ്ലൂക്കോസ്, നേര്‍ത്ത പാല്‍പ്പൊടി തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കേരളത്തില്‍ ഇതില്ല. രാജ്യത്ത് വിതരണം ചെയ്യുന്ന പാലില്‍ 70 ശതമാനത്തോളവും നിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) യുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനിടെ, രാജ്യത്തെ ഭക്ഷ്യവസ്തുക്കളില്‍ 13 ശതമാനത്തിലും മായമുണ്ടെന്ന അതോറിറ്റി റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മായം ചേര്‍ക്കല്‍ അത്ര ഗുരുതരമല്ലെന്ന് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് പാലിന്റെ 50 സാമ്പിളുകളാണ് അതോറിറ്റി ശേഖരിച്ചത്. ഇതില്‍ 36 സാമ്പിളുകള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ 14 എണ്ണം പരാജയപ്പെട്ടു. നഗരങ്ങളില്‍ നിന്ന് പാക്കറ്റ് പാലും ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള പാലുമാണ് അതോറിറ്റി ശേഖരിച്ചത്. രണ്ടിലും മായം കണ്ടെത്തിയിട്ടുണ്ട്. അതോറിറ്റി ശേഖരിച്ച സാമ്പിളില്‍ 46.8 ശതമാനവും കൊഴുപ്പും എസ്.എന്‍.എഫും കലര്‍ന്നതാണ്. പാലില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടാമതായി ഏറ്റവുമധികം ചേര്‍ക്കുന്ന മായം നേര്‍ത്ത പാല്‍പ്പൊടിയാണ്. എന്നാല്‍ ഇതിന്റെ അംശം കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. എസ്.എന്‍.എഫ്. കൂട്ടാനാണ് ഗ്ലൂക്കോസ് ചേര്‍ക്കുന്നത്. ഇതിനിടെ, മായം കലര്‍ന്ന പാല്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാറിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. 

No comments:

Post a Comment