Ads 468x60px

Monday, January 30, 2012

നിരോധിച്ച കവര്‍പാല്‍ തീരപ്രദേശങ്ങളില്‍ വ്യാപകം


തിരുവനന്തപുരം: നിരോധിച്ച കവര്‍പാല്‍ തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍വ്യാപകം. വിഴിഞ്ഞം അടിമലത്തുറ. പൂവ്വാര്‍, ചൊവ്വര എന്നിവിടങ്ങളിലാണു പ്രധാനമായും നിലവാരമില്ലാത്ത കവര്‍ പാലിന്റെ  ഉപയോഗം വ്യാപകമാകുന്നത്. ഭൂരിപക്ഷം ഹോട്ടലുകളിലും ചായക്കടകളിലും ഇത്തരത്തിലുള്ള നിരോധിക്കപ്പെട്ട പാലാണ് ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളില്‍ മില്‍മ പാലിന്റെ  വിതരണം കാര്യക്ഷമമല്ലാത്തതാണു വ്യാജന്‍ പിടിമുറുക്കാന്‍ കാരണം. മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടു പിടിക്കപ്പെട്ടതിനെത്തുടര്‍ന്നു നിരോധിച്ച വിവിധതരം കവര്‍ പാല്‍ പേരു മാറ്റിയാണ് ഇവിടെയെത്തുന്നത്. സംസ്ഥാനത്ത് ആകെ 57 ബ്രാന്‍ഡുകളിലുള്ള കവര്‍ പാല്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതില്‍ 52 എണ്ണവും തമിഴ്‌നാട്ടില്‍ നിന്നാണു വരുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ  കാലത്തു 47 കമ്പനികളുടെ കവര്‍ പാല്‍ വിതരണം സംസ്ഥാനത്ത്  നിരോധിച്ചിരുന്നു. കേരളത്തില്‍ പ്രതിദിനം വിതരണം ചെയ്യുന്ന 14 ലക്ഷം ലിറ്റര്‍ പാലില്‍ 11 ലക്ഷവും മില്‍മയുടെ വിഹിതമാണ്. ഒരു ലക്ഷത്തോളം കേരളാ ബ്രാന്‍ഡുകളും രണ്ടു ലക്ഷം ലിറ്റര്‍ തമിഴ്‌നാട്ടിലെ പാലുമാണ്. നിയമം കര്‍ക്കശമാക്കാത്തതാണ്  മായം ചേര്‍ത്ത കവര്‍ പാല്‍ വിപണനം വീണ്ടും കേരളത്തില്‍ വ്യാപകമാകുന്നതിനു കാരണം. മായം കലരാത്ത പാല്‍ ഒരു ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നെത്തുന്ന പാല്‍ ദിവസങ്ങളോളം കേടാകാതെയിരിക്കും. മായം ചേര്‍ത്തിട്ടുണ്ടെന്ന്  വ്യക്തമായതിനെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരാണ് ആദ്യം തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ പാല്‍ നിരോധിച്ചത്. ഇതിനെത്തുടര്‍ന്നു തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം ഫാക്ടറികളില്‍ മായം ചേര്‍ത്ത പാല്‍ ഉത്പാദിപ്പിക്കുന്നുവെന്ന്  കണ്ടെത്തി. എന്നാല്‍ ഇത്തരം ഫാക്റ്ററികള്‍ക്കെതിരേ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നതും  വ്യാജ പാല്‍ വില്‍പ്പന കൂടാന്‍ കാരണമാകുന്നു.

1 comment:

Unknown said...

nice blog !! i was looking for blogs related of fssai consultant . then i found this blog, this is really nice and interested to read.

Post a Comment