Ads 468x60px

Saturday, June 9, 2012

പാന്‍മസാല നിരോധം: ചെക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം


തിരുവനന്തപുരം: പാന്‍മസാല നിരോധനത്തിനെതിരെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വീണ്ടും സത്യവാങ്മൂലം നല്‍കും. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലമാകും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കേസ് ഈ മാസം 14 ന് വീണ്ടും വാദം കേള്‍ക്കാനിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അനുവദനീയ പാന്‍മസാലയും ഗുഡ്കയുമല്ല സംസ്ഥാനത്ത് വിറ്റിരുന്നതെന്നാണ് സര്‍ക്കാര്‍ വാദിക്കുക. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പാന്‍മസാല വന്‍തോതില്‍ എത്തിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ ചെക്‌പോസ്റ്റുകളില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അവശേഷിക്കുന്ന പാന്‍മസാല പുറത്തേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. 15 ന് അതിനുള്ള സമയം അവസാനിക്കും. എന്നാല്‍ ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലും ബസ്സുകളിലും പാന്‍മസാല എത്തിക്കുന്നതായാണ് വിവരം. പ്രധാനമായും അന്യ സംസ്ഥാനത്തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പാന്‍മസാല എത്തിക്കുന്നത്. ഇതിനായി ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളുംനഗരങ്ങളിലെ ചില കേന്ദ്രങ്ങളും അധികൃതരുടെ നിരീക്ഷണത്തിലാണ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിനോട് അവധി ദിവസങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  മെയ് 22 നാണ് പാന്‍മസാല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധന നിയമപ്രകാരമാണ് ഇവ നിരോധിച്ചിട്ടുള്ളത്. വായിലെ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് പുകയില അടങ്ങിയ പാന്‍മസാലയും ഗുഡ്കയും കാരണമാകുന്നതായും ആരോഗ്യ രംഗത്തെ വിവിധ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 500 മുതല്‍ 1000 കോടി രൂപയുടെ വരെ പാന്‍മസാല വില്‍ക്കപ്പെടുന്നതായാണ് സര്‍ക്കാരിന്റെ നിഗമനം. നിരോധത്തിനെതിരെ ഓള്‍ കേരള ടുബാക്കോ ഡീലേഴ്‌സ് അസോസിയേഷന്‍, ഗോദാവത് പാന്‍മസാല ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

No comments:

Post a Comment