Ads 468x60px

Thursday, June 21, 2012

പഴകിയ ഭക്ഷണം; പ്രധാന ഇരകള്‍ പുറം തൊഴിലാളികള്‍

തൃശ്ശൂര്‍:ഹോട്ടലുകളില്‍ പഴകിയ ഭക്ഷണത്തിന്റെ ഉപഭോക്താക്കള്‍ പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികളാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ വ്യക്തമായി. ആവശ്യമായ തുടര്‍ പരിശോധനകളും നടപടികളും ഇല്ലാത്തതാണ് മോശമായ ഭക്ഷണം വിളമ്പാന്‍ ചില ഹോട്ടലുകാര്‍ക്ക് പ്രേരകമാകുന്നത്. 151 കിലോ ഭക്ഷണവും 9548 ലിറ്റര്‍ പാനീയങ്ങളും വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പിടിച്ചിരുന്നു. നെന്‍മണിക്കര പഞ്ചായത്തിലാണ് ഓട്ടുകമ്പനികളിലും മറ്റുമായി ഏറെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളത്. 84 കമ്പനികളാണ് ഇവിടെയുള്ളത്. 800 ഓളം തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ ജോലി ചെയ്യുന്നു. ഇവരുടെ ജീവിതരീതികള്‍ പൊതുവേ അനാരോഗ്യകരമാണ്. കഴിഞ്ഞ മാര്‍ച്ച് 21ന് നടത്തിയ രോഗപരിശോധനയില്‍ അഞ്ചു പേര്‍ക്ക് മന്തും ഒരാള്‍ക്ക് മലമ്പനിയും കണ്ടെത്തി. ബംഗാളി, ഒറീസ തൊഴിലാളികളായിരുന്നു ഇവര്‍. ചികിത്സയ്ക്ക് വിധേയരാകാതെ ഇവര്‍ നെന്‍മണിക്കര വിട്ടതായാണ് വിവരം. വിപുലമായ വെക്ടര്‍ സ്റ്റഡി ഈ മേഖലയില്‍ നടക്കാത്തതിനാല്‍ മന്ത് പരത്തുന്ന കൊതുകകളുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തിയിട്ടുമില്ല. ഇവിടെ ചില ഭക്ഷണശാലകളില്‍നിന്ന് ധാരാളം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ദിവസങ്ങള്‍ പഴക്കമുള്ള പൊറോട്ടയും ഇറച്ചിയുമൊക്കെ ഇവയിലുണ്ട്. നശിപ്പിക്കാന്‍ വെച്ചിരിക്കുകയാണെന്ന് ഉടമകള്‍ പറയുന്നുണ്ടെങ്കിലും ഇവയുടെ ഇരകള്‍ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളാണ്.

നഗരത്തിലെ ചില ആസ്​പത്രി കാന്റീനുകളുടെ സ്ഥിതിയും ഒട്ടും മെച്ചമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഫ്രിഡ്ജില്‍ വെച്ച ചോറ്, ബിരിയാണിയരി, ഗ്രീന്‍പീസ് എന്നിവ പിടിച്ചെടുത്തു. കാന്റീനുകളുടെ പരിസരം മലീമസമാണെന്നും കണ്ടു. ഇവര്‍ക്കെല്ലാം താക്കീത് നല്‍കുകയും പിടിച്ചെടുത്ത ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. പേരാമംഗലത്ത് പിടികൂടിയ 12000 കുപ്പി പഴയ മാംഗോ പള്‍പ്പ് ശനിയാഴ്ച നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ പള്‍പ്പ് ഫ്രീസറില്‍ സൂക്ഷിച്ച് വെയ്ക്കണമെന്നാണ് നിയമം. എന്നാല്‍ ഈ സ്ഥാപനത്തില്‍ ഫ്രീസര്‍ ഇല്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നത്. ആറുമാസം മുമ്പ് നടന്ന ഒരു പരിശോധനയില്‍ താക്കീത് നല്‍കിയിരുന്നു. ഇക്കുറിയും താക്കീത് കൊടുത്തിരിക്കുകയാണ്. ഹോട്ടലുകളിലും ഭക്ഷ്യ-പാനീയ നിര്‍മാണ കേന്ദ്രങ്ങളിലും വീണ്ടും തിരച്ചില്‍ നടത്തി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി അന്വേഷിക്കുന്നില്ല.

No comments:

Post a Comment