കൊച്ചി: ഭക്ഷ്യപദാര്‍ഥങ്ങളില്‍ മായംകലര്‍ത്തുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സുവര്‍ണകാലം. മായംചേര്‍ക്കലിനെതിരെ നടപടിയെടുക്കേണ്ട സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ 132 ഓഫീസര്‍മാരും 10 മാസമായി നിയമബോധവല്‍ക്കരണ ക്ലാസ് നടത്തുന്നതിന്റെ തിരക്കിലാണ്. പുതിയ കേന്ദ്രനിയമം നടപ്പാക്കുന്നതിന്റെ മുന്നൊരുക്കമെന്ന പേരില്‍ വ്യാപാരികള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്‍കുന്ന പണി മാത്രമാണ് ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ നടക്കുന്നത്. സംസ്ഥാനത്ത് 74 ഭക്ഷ്യസുരക്ഷാ ഓഫീസുകളും നാല് ലാബുകളുമാണുള്ളത്. കഴിഞ്ഞ 10 മാസത്തിനിടെ ഒരു സാമ്പിളെങ്കിലും ശേഖരിക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഒരു കേസ്പോലും എടുത്തിട്ടുമില്ല. കഴിഞ്ഞവര്‍ഷം ഇതേ കാലത്ത് അഞ്ഞൂറോളം കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. രണ്ടായിരത്തോളം സാമ്പിളും പരിശോധിച്ചു. ആഗസ്ത്മുതല്‍ കേന്ദ്ര ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ രജിസ്ട്രേഷനും ലൈസന്‍സ് നല്‍കലുമാണ് 10 മാസമായി നടക്കുന്നത്. പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ടിനു പകരമാണ് പുതിയ കേന്ദ്രനിയമം. 2012 ആഗസ്ത് അഞ്ചുമുതല്‍ പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്തില്‍ പഴയ നിയമം റദാക്കി. നിലവില്‍ രണ്ടു നിയമപ്രകാരവും നടപടിയെടുക്കാനാകാത്ത അവസ്ഥ. പുതിയ നിയമപ്രകാരം നടപടി എടുക്കണമെങ്കില്‍ മായംചേര്‍ത്തതായി തെളിയിക്കുന്ന എന്‍എബിഎല്‍ അംഗീകൃത ലാബിന്റെ സാമ്പിള്‍ പരിശോധനാഫലം അത്യാവശ്യം. വകുപ്പിനു കീഴില്‍ തിരുവനന്തപുരം, കൊച്ചി, കാക്കനാട്, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള നാല് ലാബിനും എന്‍എബിഎല്‍ അംഗീകാരമില്ല. കൊച്ചിയില്‍ എന്‍എബിഎല്‍ അംഗീകാരമുള്ള നാല് സ്വകാര്യലാബുകളുണ്ട്. അത് വകുപ്പിന് ഉപയോഗിക്കാനാവില്ലെന്ന് പുതിയ നിയമം പറയുന്നു. ലാബ് അക്രഡിറ്റേഷന്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുമില്ല. നിലവില്‍ മായംകലര്‍ത്തല്‍ കേസുകള്‍ എടുക്കുന്നത് പൊലീസാണ്. പിടിച്ചെടുക്കുന്ന മായംകലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ നശിപ്പിക്കാനല്ലാതെ നിയമനടപടിയെടുക്കാന്‍ പൊലീസിനു കഴിയുന്നില്ല. കഴിഞ്ഞദിവസം നെട്ടൂര്‍ മാര്‍ക്കറ്റില്‍നിന്ന് ഒരുടണ്‍ കാര്‍ബൈഡ് മാമ്പഴം പിടിച്ച കേസില്‍ പ്രതിയെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. പുതിയ കേന്ദ്രനിയമപ്രകാരം ആറുവര്‍ഷംവരെ തടവും അഞ്ചുലക്ഷം രൂപ പിഴയും കിട്ടാവുന്ന ജാമ്യമില്ലാ കേസാണിത്. പഴയ നിയമപ്രകാരം ആറുമാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ.
Source:http://www.deshabhimani.com
No comments:
Post a Comment