Ads 468x60px

Monday, June 11, 2012

ഫുഡ് ആന്‍റ് സേഫ്റ്റി രജിസ്ട്രേഷന്‍: വ്യാപാരികള്‍ ആശങ്കയില്‍

അടിമാലി: കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പാക്കിയ ഫുഡ് ആന്‍റ് സേഫ്റ്റി ആക്ട് പ്രകാരം രജിസ്ട്രേഷന് അപേക്ഷ നല്‍കിയ ജില്ലയിലെ വ്യാപാരികള്‍ വെട്ടിലായി. രജിസ്ട്രേഷന്‍ ലഭിച്ച വ്യാപാരികള്‍ കര്‍ശന നിയമത്തിന്‍െറ പരിധിയില്‍ വരുന്നതാണ് ഇവരെ കുഴക്കിയത്.
വ്യാപാരി സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് അപേക്ഷ നല്‍കിയതെങ്കിലും പിന്നീട് സംഘടന നിലപാട് മാറ്റി. രജിസ്ട്രേഷന്‍ അപേക്ഷ നല്‍കരുതെന്നാണ് ഇപ്പോള്‍ സംഘടന നല്‍കുന്ന നിര്‍ദേശം. ഇതിനാല്‍, നേരത്തേ അപേക്ഷ നല്‍കിയ വ്യാപാരികള്‍ ആശങ്കയിലാണ്. രജിസ്ട്രേഷന്‍ ലഭിക്കുന്ന വ്യാപാരികള്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷാ നടപടി കഠിനമാണ്. ഒരുലക്ഷം രൂപയും ആറുമാസം തടവുമാണ് ചെറിയ പിഴ. ഇത് മനസ്സിലാക്കാതെയാണ് വ്യാപാരികള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അപേക്ഷ നല്‍കിയത്. കടുത്ത നിയമം മുന്‍നിര്‍ത്തി രജിസ്ട്രേഷന്‍ കൈപ്പറ്റേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി സംഘടന ഈയിടെ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അടുത്ത ആഗസ്റ്റ് അഞ്ച് വരെ വ്യാപാരികള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം സര്‍ക്കാറും വ്യാപാരികളും തമ്മില്‍ നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ അപേക്ഷ നല്‍കിയ വ്യാപാരികള്‍ക്ക് ഉദ്യോഗസ്ഥര്‍ നിയമപ്രകാരം രജിസ്ട്രേഷന്‍ നല്‍കും. ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന വ്യാപാരികളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. ചെറുകിട ഹോട്ടല്‍ നടത്തിപ്പുകാര്‍ മുതല്‍ ബേക്കറി, കൂള്‍ബാര്‍ വ്യാപാരികള്‍ വരെയാണ് അപേക്ഷകര്‍. പല സ്ഥലങ്ങളിലും വ്യാപാരി സംഘടനകള്‍ പൊതുയോഗം വിളിച്ചാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. ഇവിടെ 300 ഓളം വ്യാപാരികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ്, 100 രൂപ ട്രഷറിയില്‍ അടച്ച രസീത്, രണ്ട് ഫോട്ടോ എന്നിവ ഉള്‍പ്പെടെയാണ് വ്യാപാരികള്‍ ഏപ്രില്‍ മാസത്തില്‍ അപേക്ഷ നല്‍കിയത്. 300 മുതല്‍ 500 രൂപ വരെ മുടക്കി ഓരോ വ്യാപാരിയും അപേക്ഷ നല്‍കി. 12 ലക്ഷം രൂപവരെ വിറ്റുവരവുള്ളവര്‍ക്ക് രജിസ്ട്രേഷനും അതിന് മുകളിലുള്ളവര്‍ക്ക് ലൈസന്‍സുമാണ് സര്‍ക്കാര്‍ മാനദണ്ഡം. ഇതേസമയം അപേക്ഷ നല്‍കിയ മുഴുവന്‍ വ്യാപാരികളുടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണെന്നും സര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ ആഗസ്റ്റ് 30 ന് ശേഷം നേരത്തേ അപേക്ഷ നല്‍കിയ വ്യാപാരികള്‍ക്ക് നിയമപ്രകാരം രജിസ്ട്രേഷന്‍ നല്‍കുമെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ദേവികുളം താലൂക്ക് ഫുഡ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Source:http://www.madhyamam.com

No comments:

Post a Comment