കൊച്ചി: പാന്‍മസാല, ഗുഡ്ക പോലുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനത്തിനെതിരെ ലഹരി ലോബി സമ്മര്‍ദം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ശക്തമായ നിയമ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ലഹരി ഉത്പന്ന നിര്‍മാതാക്കള്‍. വര്‍ഷം 1500 കോടിയിലേറെ രൂപയുടെ ലഹരി വില്‍പ്പന നടക്കുന്ന കേരളത്തില്‍ നിന്ന് ബിസിനസ്സ് പറിച്ചുമാറ്റുകയെന്നത് നിര്‍മാണക്കമ്പനികളെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം. നിരോധനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. രണ്ട് പ്രമുഖ കമ്പനികളുടെയും ടുബാക്കോ ഡീലേഴ്‌സ് അസോസിയേഷന്റെയും ഹര്‍ജികള്‍ ഇതിലുള്‍പ്പെടുന്നു. കേസ് വാദിക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ തന്നെ കളത്തിലിറക്കാനാണ് ഒരു കമ്പനിയുടെ നീക്കം. കേരളത്തിന് പുറത്തുള്ള ഈ കമ്പനി നിയമത്തിന്റെ സാധുതയെ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇവിടെ പ്രതിസ്ഥാനത്താകുകയാണ്. മറ്റൊരു കമ്പനിയാകട്ടെ തങ്ങളുടെ ഉത്പന്നങ്ങളില്‍ പുകയിലയോ നിക്കോട്ടിനോ ഇല്ലെന്നുള്ള വാദമാണ് ഉയര്‍ത്തുക. ആരോഗ്യത്തിന് അത്യന്തം ഹാനികരമായ ഈ രണ്ട് ഘടകങ്ങളും അടങ്ങിയ, ആഹാര പദാര്‍ത്ഥങ്ങളാണ് ചട്ടപ്രകാരം നിരോധിച്ചിരിക്കുന്നത്. പായ്ക്കറ്റുകളില്‍ ഘടകങ്ങളുടെ പേരില്ലാതെയാണ് പല ഉത്പന്നങ്ങളുടെയും വില്‍പ്പന. നിയമപ്രകാരം ഇത് കുറ്റകരമാണ്. നോട്ടീസ് നല്‍കാതെയും തങ്ങളുടെ വാദം കേള്‍ക്കാതെയുമാണ് നിരോധനം എന്നായിരുന്നു അസോസിയേഷന്റെ ആരോപണം.
Source:http://www.mathrubhumi.com
No comments:
Post a Comment