Ads 468x60px

Sunday, September 16, 2012

ഭക്ഷ്യസുരക്ഷയ്ക്ക് പെണ്‍ചിട്ട

Source: http://www.manoramaonline.com/

വിളമ്പാനുള്ള ഉഴുന്നുവടകള്‍ ഹോട്ടലിലെ അഴുക്കുപിടിച്ചു കറുത്ത മതിലിനോടു ചേര്‍ത്തു കൂട്ടിയിടുന്നതു കണ്ട്, എന്റെ ദൈവമേ എന്നു വിളിച്ചുപോയത് ഈ ഫുഡ് ഇന്‍സ്‌പെക്ടറിലെ വീട്ടമ്മമനസ്സാണ്. ഏതു പദവിയിലെത്തിയാലും സ്ത്രീ അടിസ്ഥാനപരമായി വീട്ടമ്മയാണ് എന്നു വിശ്വസിക്കുന്നതുകൊണ്ട്, ചെയ്യുന്ന ജോലി വീടുമായി ഏറെ ബന്ധപ്പെട്ടതായതുകൊണ്ട് കൊല്ലത്തെ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ എ.കെ. മിനിക്ക് ഇങ്ങനെ സങ്കടപ്പെടാതിരിക്കാനായില്ല. പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലിട്ടുവച്ച്, രണ്ടോ മൂന്നോ തവണ കഴുകി പാചകത്തിനെടുക്കുന്ന വീട്ടമ്മ, പച്ചക്കറികള്‍ കഴുകാതെ സാലഡ് പോലും ഉണ്ടാക്കിക്കളയുന്ന ഹോട്ടല്‍ തൊഴിലാളികള്‍ക്കുമുന്നില്‍ അന്തംവിട്ടതും അതുകൊണ്ടാണ്.
സംസ്ഥാനത്തു ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കു നേതൃത്വം നല്‍കുന്നവരില്‍ സ്ത്രീകള്‍ കുറവാണെങ്കിലും മിനിക്ക് ഈ മേഖല അപരിചിതമല്ല. 25 കൊല്ലമായി രംഗത്തുള്ള അവര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം പരിശോധനകള്‍ കര്‍ശനമാക്കിയ ഇക്കാലയളവിലും സജീവം. അഴുക്കുചാലും നാലുമാസത്തോളം പഴകിയ പാലും ഒരിക്കലും കഴുകാത്ത ഗ്രൈന്‍ഡറുമൊക്കെയായി ഹോട്ടലുകള്‍ അടുക്കളയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ അവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനായതിലെ സന്തോഷം പക്ഷേ ഫുഡ് ഇന്‍സ്‌പെക്ടറുടേതല്ല, വീട്ടമ്മയുടേതുതന്നെ.



ഹോട്ടലുകളിലെ വൃത്തിയില്ലായ്മയ്ക്കു കാരണം സ്ത്രീകള്‍ ചുമതലയില്‍ ഇല്ലാത്തതാണെന്നാണു മിനിയുടെ പക്ഷം. സൂപ്പര്‍വൈസര്‍ ആയി നിര്‍ബന്ധമായും ഒരു സ്ത്രീയെ നിയമിച്ചാല്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ അടുക്കളകള്‍ മെച്ചപ്പെടുമെന്ന് അവര്‍ പറയുന്നു. സവാള തൊലി കളഞ്ഞാല്‍ കഴുകണമെന്ന് അറിയാത്ത ജീവനക്കാര്‍ക്കൊരു മാറ്റം വേണമല്ലോ. 

സ്ത്രീകള്‍ ഈ രംഗത്തേക്കു വന്നാല്‍ കാര്യങ്ങള്‍ ഭേദപ്പെടുമെന്നു വിശ്വസിക്കുമ്പോഴും ചില പരാതികളുമുണ്ട് മിനിക്ക്. ഭക്ഷണം തയാറാക്കുന്നവര്‍ ആഭരണങ്ങള്‍ കുറയ്ക്കണമെന്നതാണു മാനദണ്ഡങ്ങളിലൊന്ന്. പക്ഷേ ഭക്ഷ്യ ഉല്‍പാദന കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ വലതുകൈയില്‍ മോതിരമണിയുന്നതും കൈനഖങ്ങള്‍ നീട്ടിവളര്‍ത്തുന്നതും മുടിയഴിച്ചിടുന്നതും സര്‍വസാധാരണം. വീട്ടമ്മയെന്ന നിലയില്‍ ഏറ്റവും സങ്കടം തോന്നിയതു ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാതെ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതു കണ്ടപ്പോഴാണ്. രണ്ടുമണിക്കൂറിനകം വിളമ്പിത്തീര്‍ക്കാവുന്ന ഭക്ഷണത്തില്‍ എന്തിനാണിത്രയധികം രാസവസ്തുക്കള്‍?
സ്ത്രീയെന്ന നിലയില്‍ ഭീഷണികള്‍ നേരിട്ടിട്ടില്ലെന്നു പറയുന്ന മിനി പൊതുജനങ്ങളുടെ പിന്തുണയെക്കുറിച്ചു പ്രത്യേകം ഓര്‍ക്കുന്നു. ഭര്‍ത്താവ് സൂര്‍ദാസിന്റെയും മക്കളായ മാധവിക്കുട്ടിയുടെയും കൃഷ്ണനുണ്ണിയുടെയും പൂര്‍ണ പിന്തുണയുമുണ്ട് മിനിക്ക്.


അടുക്കളയില്‍ ശ്രദ്ധിക്കാന്‍ ചില 'മിനി' കാര്യങ്ങള്‍
റെയ്ഡ് വീടുകളില്‍ നടത്തിയാല്‍ അടച്ചുപൂട്ടേണ്ട അടുക്കളകളും ഉണ്ടാകും. അല്ലെങ്കില്‍ പിഴ വാങ്ങിച്ചുകൂട്ടുന്നവയെങ്കിലും. വീട്ടമ്മമാര്‍ അറിയാതെ പോകുന്ന, അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ എ.കെ. മിനി ഓര്‍മിപ്പിക്കുന്നു.

* ബ്രഡ്, ബണ്‍, പാല്‍ എന്നിവയാണ് ആയുസ്സിന്റെ കാര്യത്തില്‍ ദുര്‍ബലര്‍. എത്രയും പെട്ടെന്ന് ഉപയോഗിക്കുന്നോ അത്രയും നല്ലത്.
* കറിക്കുള്ള മസാലപ്പൊടികള്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അവ പൊടിച്ചെടുക്കുന്നതുതന്നെയാണ്. കീടനാശിനിയുടെ സാന്നിധ്യമകറ്റാന്‍ നിര്‍ബന്ധമായും കഴുകി, വെയിലത്തുണക്കി എടുക്കണമെന്നുമാത്രം. വിളവെടുപ്പു സമയത്തു പാകമാകാത്ത മുളക് പഴുത്തുകിട്ടാനായി കീടനാശിനി ഉപയോഗിക്കാറുണ്ട്. അതിനാല്‍ മുളകു വാങ്ങി പൊടിപ്പിക്കുന്നതിനുമുന്‍പു കഴുകിയുണക്കുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്. അല്ലെങ്കില്‍ വൃക്കകളെ ബാധിക്കുന്ന കീടനാശിനി നേരെ നമ്മുടെ ശരീരത്തിലെത്തും.
മഞ്ഞളിന്റെ പുറത്തും കൃത്രിമ ചായം പൂശിയാണു വരുന്നത്. അതിനാല്‍ മഞ്ഞളും കഴുകി നല്ല വെയിലത്ത് ഉണക്കിയെടുത്തേ പൊടിക്കാവൂ. ശക്തിയുള്ള അണുനാശിനി വെയില്‍ ആണെന്നും ഓര്‍ക്കാം.
* ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കൃത്രിമ പ്രിസര്‍വേറ്റിവുകള്‍ ഉപയോഗിക്കരുത്. പഞ്ചസാര, ശര്‍ക്കര, വിനാഗിരി, തേന്‍, ഉപ്പ്, നല്ലെണ്ണ ഇവയാണു ദോഷമില്ലാത്ത, അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രിസര്‍വേറ്റിവുകള്‍. അജിനോമോട്ടോയെ അടുക്കളയ്ക്കു പുറത്തുനിര്‍ത്തുന്നതാണ് ആരോഗ്യത്തിനു നന്ന്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് അജിനോമോട്ടോയടങ്ങിയ ഭക്ഷണം കൊടുക്കരുത്.
* പല വീടുകളിലും ഓട്‌സ് പ്രധാന ഭക്ഷണമാണ്. പഴകിയ ഓട്‌സ് ഒഴിവാക്കുക. കയ്പുരസം ഉണ്ടെങ്കില്‍ ഓട്‌സ് പഴകിയതാണ്. റവ, മൈദ എന്നിവയേക്കാള്‍ ഗോതമ്പ് ഉപയോഗിക്കുന്നതാണു നല്ലത്. ഗോതമ്പ് വാങ്ങി കഴുകി ഉണക്കി പൊടിക്കേണ്ടതും അത്യാവശ്യം.
* ഫ്രിഡ്ജില്‍ വച്ച മല്‍സ്യം പുറത്തെടുത്തു തണുപ്പു മാറിയശേഷമേ പാകം ചെയ്യാവൂ. പാകം ചെയ്ത കറികളും മറ്റും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. കറികള്‍ വെന്തശേഷം അരമണിക്കൂറിനകം തന്നെ ഫ്രിഡ്ജിലേക്കു മാറ്റാം. സാലഡ്, തേങ്ങാ ചട്‌നി എന്നിവ അരമണിക്കൂറിലധികം പുറത്തുവയ്ക്കരുത്. പിറ്റേദിവസം പുറത്തെടുത്ത് 70-72 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കാം. തിളപ്പിക്കരുത്. രാവിലെ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിലേക്കു മാറ്റാന്‍ രാത്രിവരെ കാത്തിരിക്കരുത്. പച്ചക്കറികള്‍ കഴുകിവയ്ക്കണം. ഫ്രീസറില്‍ ഇറച്ചി സൂക്ഷിക്കുമ്പോള്‍ പാകം ചെയ്ത കറികള്‍ ഒപ്പം വയ്ക്കരുത്.
* മല്‍സ്യം, മാംസം, പച്ചക്കറികള്‍ ഇവ കറിവയ്ക്കാന്‍ വെവ്വേറെ പാത്രം ഉപയോഗിക്കാം. കട്ടിങ് ബോര്‍ഡും അതുപോലെതന്നെ.
* ഐസ് ഉണ്ടാക്കാനും പുട്ടു പുഴുങ്ങാനും ശുദ്ധജലം എടുക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഐസ് ഉണ്ടാക്കുന്നതാണു നല്ലത്. കുടിക്കാന്‍ വെള്ളം തയാറാക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. ഒന്നുകില്‍ ചൂടുവെള്ളം, അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വച്ചു തണുത്തവെള്ളം. അല്ലാതെ രണ്ടും കൂടി ചേര്‍ത്തുകുടിക്കരുത്.
* കീടനാശിനിയുള്ളതിനാല്‍ പഴങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. മാമ്പഴം മണപ്പിക്കുമ്പോള്‍ ചിലപ്പോള്‍ കീടനാശിനിയുടെ ഗന്ധം കിട്ടും. പൂളുമ്പോള്‍ വെള്ള നിറത്തില്‍ കാണപ്പെടുന്ന മാമ്പഴങ്ങളിലും കീടനാശിനിയുണ്ട്. പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയകറ്റാന്‍ പുളിവെള്ളത്തില്‍ ഇട്ടുവയ്ക്കുന്നതു നല്ലതാണ്.




No comments:

Post a Comment