ഭക്ഷ്യ സുരക്ഷാനിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പരാതി. ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുക്കുന്ന വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ലെന്ന ആരോപണം ശക്തമാവുകയാണ്. വകുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ നല്കാനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഭക്ഷ്യ ഉത്പന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കുന്ന നടപടികളും എവിടെയുമെത്തിയില്ല.ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പഴകിയതും വിഷാംശം കലര്‍ന്നതുമായ ഭക്ഷണം പിടിച്ചെടുക്കുന്ന ഭക്ഷ്യ ഉല്‍പ്പാദന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് വര്‍ഷം വരെ തടവുമാണ് ശിക്ഷ. എന്നാല്‍, ഇത് പലപ്പോഴും നടപ്പിലാക്കുന്നില്ല. പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കാനുള്ള ആധുനിക ലബോറട്ടറി സംവിധാനം സംസ്ഥാനത്ത് ഇതുവരെയുമായിട്ടില്ല. മനുഷ്യശരീരത്തിന് ഹാനികരമായ നിറങ്ങള്‍, വിഷാംശം, ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം പരിശോധിക്കുന്നതിന് മൈക്രോ ബയോളജി ലാബ് ആവശ്യമാണ്. എന്നാല്‍, സംസ്ഥാനത്തുള്ള മൂന്ന് ലാബുകളിലും ഇതുവരെ ആവശ്യമായ സൌകര്യമെത്തിയിട്ടില്ല.
സംസ്ഥാനത്ത് ഒട്ടാകെ 60 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരാണ് ഇപ്പോഴുളളത്. ഹോട്ടലുകളിലും മറ്റും റെയ്ഡ് നടത്താനും ലക്ഷക്കണക്കിന് സ്ഥാപനങ്ങളിലേക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്കുന്നതിനും ഇത്രയും ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി കഴിയില്ല. പല ജില്ലകളിലും ഉദ്യോഗസ്ഥര്‍ക്കു വാഹന സൌകര്യം പോലുമില്ല.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ചില തീരുമാനങ്ങളെടുത്തിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഹോട്ടലുകള്‍ക്കു കര്‍ശന ഉപാധികളില്ലാതെ തന്നെ ലൈസന്‍സ് നല്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്കിയതായും സൂചനയുണ്ട്.
Source: http://www.reporteronlive.com
No comments:
Post a Comment