Ads 468x60px

Sunday, September 23, 2012

ഹോട്ടലുകള്‍ക്ക്‌ ആറുമാസത്തിനകം ഗ്രേഡിംഗ്‌

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാനിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തെ ഹോട്ടലുകള്‍ക്ക്‌ ആറുമാസത്തിനുള്ളില്‍ ഗ്രേഡിംഗ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭക്ഷണത്തിന്റെയും അതു നിര്‍മിക്കുന്ന സാഹചര്യങ്ങളുടെയും അടിസ്‌ഥാനത്തിലാണ്‌ ഒന്നുമുതല്‍ നാലുവരെയുള്ള ഗ്രേഡുകള്‍ ഏര്‍പ്പെടുത്തുന്നത്‌. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ഭക്ഷ്യ ഉല്‍പാദന മേഖലകളിലേക്കു കൂടി പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷിതത്വ നിയമം ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ചു വിവിധ സംഘടനകള്‍ സംയുക്‌തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദന രംഗത്ത്‌ മായവും രാസവസ്‌തുക്കളും ചേര്‍ക്കുന്നതിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നു മന്ത്രി വി.എസ്‌ ശിവകുമാര്‍ പറഞ്ഞു. മാംസത്തില്‍ മായം കലര്‍ന്നാല്‍ പോലും ഹോട്ടലുടമ ശിക്ഷിക്കപ്പെടുന്ന സ്‌ഥിതിയാണ്‌ ഇപ്പോള്‍. വെറ്ററിനറി സര്‍വകലാശാലയുമായി ചേര്‍ന്ന്‌ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ശാസ്‌ത്രീയ അറവുശാലകള്‍ സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ആദിവാസി ഊരുകളിലും കാട്ടിലും ആടുമാടുകളെയും കോഴികളെയും വളര്‍ത്തി മീറ്റ്‌ പ്രൊഡക്‌ട്സ്‌ ഓഫ്‌ ഇന്ത്യയ്‌ക്കു വില്‍ക്കുന്ന പദ്ധതിക്കു രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ അഥോറിട്ടിയുമായി സഹകരിക്കുന്ന നാല്‌ അസോസിയേഷനുകളിലെ ഹോട്ടലുകളിലായിരിക്കും ആദ്യപടിയായി ഗ്രേഡിംഗ്‌ ഏര്‍പ്പെടുത്തുക. പുറമെ നിന്നുള്ള ഏജന്‍സിയോ അവര്‍ പരിശീലിപ്പിക്കുന്ന ഉദ്യോഗസ്‌ഥരുടെ സമിതിയോ ആയിരിക്കും ഗ്രേഡിംഗ്‌ നടത്തുക. സൗത്ത്‌ കേരള ഹോട്ടലിയേഴ്‌സ് ഫോറം, കേരള ബാര്‍ ഹോട്ടല്‍സ്‌ അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ്‌ ക്ലാസിഫൈഡ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റസ്‌റ്റാറന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ്‌ ശില്‍പശാല സംഘടിപ്പിച്ചത്‌. ഡോ. സജി, വിനോദ്‌ പണിക്കര്‍, കെ.ജി. ഗോപിനാഥ്‌, എം.ആര്‍. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment