കോട്ടയം: ഷവര്‍മ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ഭക്ഷ്യവസ്‌തുക്കളിലെ മായം പരിശോധിക്കാന്‍ രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടു. മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധനയ്‌ക്ക് അയച്ച ഭക്ഷ്യവസ്‌തുക്കളുടെ പരിശോധന ഫലം വൈകുന്നതിനു പിന്നാലെയാണ് സക്വാഡുകളും ഇല്ലാതായിരിക്കുന്നത്. പരിശോധനകള്‍ നിലച്ചതോടെ ഹോട്ടലുകളില്‍ തോന്നിയ രീതിയില്‍ ഭക്ഷണം വില്‍ക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്ന് പരാതിയുണ്ട്. പല ഹോട്ടലുകളിലും ഇപ്പോള്‍ പഴയതിനേക്കാള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്‌തുക്കള്‍ വിറ്റഴിക്കുന്നത്. പരിശോധനയ്‌ക്ക് ആരുമെത്തില്ലെന്ന് ഉറപ്പുള്ളതാണ് കാരണം.ഷവര്‍മ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ഫുഡ് സേഫ്‌റ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ചങ്ങനാശേരിയിലും പാലായിലുമായി രണ്ട് ഹോട്ടലുകള്‍ പൂട്ടിക്കുകയും അമ്പതോളം ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇത്തരം ഹോട്ടലുകള്‍ തുടര്‍ന്ന് ഏഴ് ദിവസം മുതല്‍ 14 ദിവസങ്ങള്‍ക്കുളളില്‍ വൃത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയിരുന്നതനുസരിച്ചാണോ പിന്നീട് സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കാന്‍ പോലും ഉദ്യോഗസ്‌ഥര്‍ എത്തിയില്ലത്രേ.പഴയതിനേക്കാള്‍ മോശമായ അന്തരീക്ഷത്തിലാണ് പല ഹോട്ടലുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ഇപ്പോള്‍ പേരിനെങ്കിലും പരിശോധനകള്‍ നടക്കുന്നത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ്. എന്നാല്‍, പരിശോധിക്കാമെന്നല്ലാതെ പിഴ ഈടാക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ ഇവര്‍ക്ക് അധികാരമില്ല. പകരം നടപടി സ്വീകരിക്കേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരുടെയും വാഹനങ്ങളുടെയും ക്ഷാമം വിലങ്ങുതടിയായിട്ടുണ്ട്.
Source:http://mangalam.com
No comments:
Post a Comment