Ads 468x60px

Sunday, December 4, 2011

ഭക്ഷ്യോത്‌പന്ന വിപണനം: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നഷ്ടമായി

നെടുമങ്ങാട്: ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണം, വ്യാപാരം എന്നീമേഖലകളില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നല്‍കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതായി.കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് ഫുഡ്‌സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ഇനി ലൈസന്‍സ് നല്‍കാനുള്ള അധികാരം. ഇതനുസരിച്ച് രാജ്യത്താകമാനം ഏകീകൃത ലൈസന്‍സിങ് സമ്പ്രദായമാണ് ഉദ്ദേശിക്കുന്നത്.12 ലക്ഷത്തിനുതാഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണ് രജിസ്‌ട്രേഷന്‍ ആവശ്യമായിവരിക. വഴിയോര കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍, തട്ടുകടകള്‍, ക്യാന്റീനുകള്‍, മെസുകള്‍, വാഹനക്കച്ചവടക്കാര്‍, ടീസ്റ്റാള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റുകള്‍ തുടങ്ങിയ ചെറുകിട കച്ചവടക്കാര്‍ക്കും പാലും പാലുത്പന്നങ്ങളുമൊഴിക ദിവസേന 100 കിലോഗ്രാമിലോ, 100 ലിറ്ററിലധികമോ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍, 500 ലിറ്റര്‍വരെ പാല്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍, രണ്ട് വലിയ മൃഗങ്ങള്‍, പത്ത് ചെറിയ മൃഗങ്ങള്‍ എന്നിവയെ കശാപ്പുചെയ്യുന്ന അറവുശാലകള്‍, പ്രതിദിനം അമ്പത് കോഴികളുടെ ഇറച്ചി വില്‍ക്കുന്ന പൗള്‍ട്രിഫോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമപ്രകാരം ഫുഡ് സേഫ്ടി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. 12 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കും നിയമാനുസൃതമായ ലൈസന്‍സ് ബാധകമാണ്. നൂറുരൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, അതത് പ്രദേശത്തുള്ള ഫുഡ്‌സേഫ്റ്റി ഓഫീസര്‍ അഥവാ ഫുഡ് ഇന്‍സ്‌പെക്ടര്‍ രജിസ്റ്ററിങ് അധികാരിയും ജില്ല ഫുഡ് ഇന്‍സ്‌പെക്ടര്‍ ലൈസന്‍സിങ് അധികാരിയുമാണ്. 2011 ആഗസ്തില്‍ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോഴും ആഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയാണ്. മായംചേര്‍ക്കല്‍ നിരോധനനിയമ പ്രകാരം തദ്ദേശസ്വയംഭണ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്ക് കാലാവധി തീരുന്ന മുറയ്ക്ക് ഫുഡ്ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്താം.ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തു ഉത്പാദകര്‍ക്ക് അഞ്ചുലക്ഷം രൂപയും തെറ്റിധാരണാജനകമായ പരസ്യങ്ങള്‍ക്ക് 10 ലക്ഷം രൂപയുമാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ള പിഴ. ഫുഡ്‌സേഫ്ടി ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കച്ചവടക്കാര്‍ക്ക് രണ്ടുലക്ഷം, ശുചിത്വമില്ലാത്ത വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷ്യോത്പാദനം നടത്തുന്നവര്‍ക്ക് ഒരുലക്ഷം, മായം കലര്‍ത്താനുപയോഗിക്കുന്ന വസ്തുക്കള്‍ ഉത്പാദന വിതരണം നടത്തുന്നവര്‍ക്ക് രണ്ടുലക്ഷം, ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ലക്ഷം വരെയുമാണ് നിയമത്തില്‍ പറയുന്ന പിഴശിക്ഷ.കൂടാതെ സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുപയോഗിച്ച് വിപണനം നടത്തുന്നവര്‍ ഉപഭോക്താവിനുണ്ടാകുന്ന കഷ്ടനഷ്ടമനുസരിച്ച് ആറ് മാസം മുതല്‍ ജീവപര്യന്തംവരെ തടവുശിക്ഷയും ഒരുലക്ഷം മുതല്‍ 25 ലക്ഷംവരെ പിഴയും ലഭിക്കാം. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ തടസ്സമുണ്ടാക്കുന്നവര്‍ക്ക് മൂന്ന് മാസം തടവും ഒരു ലക്ഷം രൂപ പിഴയും ഒരു ഭക്ഷ്യവസ്തുവിന്റെ ഉപഭോഗംകൊണ്ട് ഉപഭോക്താവിന് കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചാല്‍ അത്തരം ഭക്ഷ്യോത്പാദകര്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് മൂന്ന് ലക്ഷം രൂപവരെ പിഴയും കൊടുക്കേണ്ടിവരും. ഉപഭോക്താവിന് മരണം സംഭവിച്ചാല്‍ പിഴസംഖ്യ അഞ്ച് ലക്ഷം വരെ ഉയരാമെന്നും നിയമത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.
source: mathrubhumi

No comments:

Post a Comment