Ads 468x60px

Friday, December 30, 2011

പൊതുജനം കാന്‍സര്‍ വന്ന് മരിച്ചു വീണാലും പ്രശ്നമല്ലല്ലോ? കിട്ടുന്നത് എല്ലാവരും വീതം വയ്ക്കട്ടെ

ഈസ്റ്റേണ്‍ കറി പൗഡര്‍ കമ്പനി മായം ചേര്‍ത്ത മുളകുപൊടി കയറ്റുമതിയ്ക്ക് തയ്യാറാക്കുന്നതിനിടയില്‍ ഫുഡ് സേഫ്‌റ്റി ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ പ്രത്യേക അഭിനന്ദനം. മലയാളത്തിലെ എല്ലാ പ്രമുഖപത്രങ്ങളും ഈ വാര്‍ത്ത മായം ചേര്‍ന്ന മുളകു പൊടി കുഴിച്ചു മൂടിയതുപോലെ മൂടുകയാണുണ്ടായത്. വെറുക്കപ്പെട്ടവന്‍ എന്നു പറഞ്ഞ് ആക്ഷേപം മുഴുവന്‍ കേള്‍ക്കുന്ന ഫാരിസ് അബൂബക്കര്‍ നടത്തുന്ന മെട്രോ പത്രവും നഗരം എന്നു പറയുന്ന ഒരു ലോക്കല്‍ പത്രവും മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലുകളാകട്ടെ ഒന്നൊഴിയാതെ ഈ വാര്‍ത്ത വിട്ടുകളഞ്ഞു. 'അമൃത' ചാനല്‍ മാത്രം ഏതോ ഒരു വാര്‍ത്തയ്ക്കിടയില്‍ ഒന്ന് ഓടിച്ച് പറഞ്ഞു പോയി.
ഇതോടെ മലയാളത്തിലെ മാധ്യമങ്ങളുടെ ജനങ്ങളോടുള്ള പ്രതിബദ്ധത ഒരിക്കല്‍ കൂടി തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കുന്നു. കൂടാതെ ഒരു വാര്‍ത്തയും തമസ്ക്കരിക്കപ്പെടില്ല എന്നു വീമ്പു പറഞ്ഞ് ചാനല്‍ നടത്തുന്ന നികേഷ്‌കുമാറിന്റെ മുഖംമൂടി ഒരിക്കല്‍ കൂടി അഴിഞ്ഞു വീണിരിക്കുന്നു. 'വാര്‍ത്തകളെ ഭയക്കാതെ, വാര്‍ത്ത സൃഷ്ടിക്കുന്നവരെ ഭയക്കാതെ... ' എന്നൊക്കെ വീമ്പ് പറഞ്ഞ്‌ നടക്കുന്ന ഇത്തരം കള്ളനാണയങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി ജനത്തിന് മനസ്സിലായി. മനോരമയ്ക്കോ ഏഷ്യാനെറ്റിനോ ഒന്നും അത്തരം അവകാശ വാദങ്ങള്‍ ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല. ഞങ്ങള്‍ കച്ചവടക്കാരുടെ കൂടെയാണ് എന്നുള്ളത് നെറ്റിയില്‍ എഴുതി ഒട്ടിച്ച് നടക്കുകയാണല്ലോ അവരെല്ലാം. പാര്‍ട്ടി ചാനലും പത്രവും കച്ചവടക്കാരുടെ ഏറ്റവും വലിയ സംരക്ഷകര്‍ ആയതുകൊണ്ട് അവരില്‍ നിന്ന്‌ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ കുഴിച്ച് മൂടിയതില്‍ അത്ഭുതം ഒന്നും ഇല്ല. കാരണം ഇതെല്ലാം 'പരസ്യ പണം' കണ്ടുള്ള കളികളല്ലേ. പക്ഷേ ഇതു സംബന്ധിച്ച് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും കുട്ടിനേതാക്കളും ഒരു ചെറിയ പ്രസ്താവന പോലും നല്‍കി കണ്ടില്ല. മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞ് പ്രസ്താവന നടത്തിയ നേതാക്കന്മാരുടെ എണ്ണം അത് പൊട്ടിയാല്‍ മരിക്കുന്ന ജനങ്ങളേക്കാള്‍ കൂടുതല്‍ ഉണ്ടെന്ന് തോന്നുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടുന്നതിലും മാരകമായ ഒന്നാണ് കാന്‍സറിന് കാരണമാകുന്ന സുഡാന്‍ ഡൈ എന്ന മായം ചേര്‍ത്ത മുളകുപൊടി വിതരണം ചെയ്യുന്നത്. ഇത് ഈസ്റ്റേണ്‍ കമ്പനിയുടെ മാത്രം പ്രശ്നമാണെന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ഈസ്റ്റേണ്‍ പോലെ മാര്‍ക്കറ്റില്‍ വിശ്വാസ്യതയുള്ള വന്‍ കമ്പനികള്‍ പൊലും ഇത് ചെയ്യുന്നുവെങ്കില്‍ മറ്റ് കമ്പനികള്‍ എന്തായിരിക്കും ചെയ്യാന്‍ സാധ്യത.
ഇത്രയും വലിയ അളവില്‍ മുളകു പൊടി കുഴിച്ചു മൂടിയിട്ടും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് താത്‌പര്യമുള്ള ഒരു നേതാവിനേയും പുറത്ത് കണ്ടില്ല. ആരോഗ്യ വകുപ്പിനോ ഭഷ്യ വകുപ്പിനോ കേരളത്തില്‍ ഒരു മന്ത്രിയുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം കുടുംബത്തില്‍ ആരെങ്കിലുമൊക്കെ ക്യാന്‍സര്‍ വന്നു തങ്ങളേക്കാള്‍ മുന്‍പ്‌ മരിക്കുമ്പോള്‍ മാത്രമേ ഇവരൊക്കെ ഇത് മനസ്സിലാക്കൂ. അതൊന്നും രാഷ്ട്രീയക്കാര്‍ക്ക് പ്രശ്നമല്ലല്ലോ. മലയാളിയുടെ ഭഷ്യശീലങ്ങളില്‍ വന്ന മാറ്റങ്ങളാണ് മാരക രോഗങ്ങള്‍ വ്യാപകമാകുന്നതിന്റെ കാരണങ്ങള്‍ എന്നു പറഞ്ഞ് ചാനലുകളിലെ ആരോഗ്യ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും മാസികളില്‍ പംക്തി എഴുതുകയും ചെയ്യുന്ന ഒരു ഡോക്ടറേയോ അവരുടെ സംഘടനകളെയോ ഇതു വരെയും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. ഭഷ്യശീലത്തില്‍ വന്ന മാറ്റമല്ല, മറിച്ച് ഭഷ്യവസ്തുക്കളില്‍ ഇത്തരം മായം ചേര്‍ത്ത് വില്‍ക്കുന്നതിലൂടെയാണ് മാരക രോഗങ്ങള്‍ സമ്മാനിക്കുന്നതെന്ന് ഇനിയെങ്കിലും പൊതുജനം മനസ്സിലാക്കട്ടെ.
ഇതെല്ലാം ഒരു മാഫിയ അല്ലേ. മായം ചേര്‍ത്ത് കച്ചവടക്കാരന്‍ വില്‍ക്കും, രോഗം പിടിച്ച് ഡോക്ടറുടെ അടുത്ത്, അവിടെ ആശുപത്രിയും മരുന്നു കമ്പനികളും ചേര്‍ന്ന് പിഴിയും. മാധ്യമങ്ങളിലൂടെ രാഷ്ട്രീയക്കാര്‍ മുല്ലപ്പെരിയാറും മെട്രോ റെയിലും സി.പി.എം സമ്മേളനങ്ങളും, കെ.പി.സി.സി പുനസംഘടനയും ലീഗിന്റെ അഞ്ചാം മന്ത്രിയും കേരളാ കോണ്‍ഗ്രസുകാരുടെ സൗന്ദര്യ പിണക്കവും ചര്‍ച്ച ചെയ്ത് ജനങ്ങളുടെ സമയം കളയും. മായം ചേര്‍ക്കുന്ന കച്ചവടക്കാരും മരുന്നു കമ്പനികളും ആശുപത്രികളും രാഷ്ട്രീയക്കാരും കിട്ടുന്നത് വീതം വയ്ക്കട്ടെ. ഈസ്റ്റേണ്‍ മുതലാളി വാഴട്ടെ. ഫേസ് ബുക്കില്‍ കൊടുത്തതു പോലെ 'റെയ്‌ഡ് നടന്നിട്ടില്ല' എന്ന് എല്ലാ പത്രങ്ങളിലും ഫുള്‍ പേജ് പരസ്യവും നല്‍കട്ടെ.


No comments:

Post a Comment