Ads 468x60px

Thursday, December 15, 2011

പെപ്‌സിയിലും സ്‌കെയ് ഐസ്‌ക്രീമിലും മാലിന്യം

പാലക്കാട്: പെപ്‌സിയിലും സ്‌കെയ് ഐസ്‌ക്രീമിലും മാലിന്യം കണ്ടെത്തി. പെപ്‌സിയില്‍ മാലിന്യം കണ്ടെത്തിയപ്പോള്‍ സ്‌കെയ് ഐസ്‌ക്രീമില്‍ ഈച്ചയടക്കമുള്ള ചെറുജീവികളെയാണ് കണ്ടെത്തിയത്. പെപ്‌സികോ ഇന്ത്യാ ലിമിറ്റഡിന്റെ കഞ്ചിക്കോട് പ്ലാന്റില്‍ നിന്നുത്പാദിപ്പിച്ച (ബാച്ച് നമ്പര്‍ 847) 600 മില്ലി ലിറ്ററിന്റെ 25 രൂപ വിലയുള്ള ബോട്ടിലിലാണ് മാലിന്യങ്ങള്‍ കണ്ടെത്തിയത്. 17-11-11ന് ഉത്പാദിപ്പിച്ച പാനീയത്തിന് മൂന്നുമാസത്തെ കാലാവധിയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പിരായിരി സ്വദേശി എം അബ്ദല്‍ വഹാബാണ് കഴിഞ്ഞദിവസം നഗരത്തിലെ ബേക്കറിയില്‍ നിന്ന് പാനീയം വാങ്ങിയത്. മാലിന്യങ്ങള്‍ ശ്രദ്ധയല്‍പ്പെട്ട ഉടന്‍ തന്നെ പാനീയം പരിശോധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.നഗരത്തിലെ മറ്റൊരു ബേക്കറിയില്‍ നിന്ന് വാങ്ങിയ സ്‌കെയ് കമ്പനിയുടെ ഒന്നില്‍ കൂടുതല്‍ ഐസ്‌ക്രീമുകളിലാണ് ഈച്ചയെ കണ്ടെത്തിയത്. സ്വകാര്യ മോട്ടോര്‍ കമ്പനിയിലെ ജീവനക്കാരാണ് ഐസ്‌ക്രീം വാങ്ങിയത്. ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് ഐസ്‌ക്രീം കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച ജീവനക്കാരന് ഇത് സാധാരണമാണെന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ വാങ്ങിയ 12 ഐസ്‌ക്രീമുകളില്‍ നാലെണ്ണത്തിലും ഈച്ചയടക്കമുള്ള കീടങ്ങളെ കണ്ടെത്തിയെന്ന് പറഞ്ഞപ്പോഴും പരിഹസിച്ച് ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്യുകയായിരുന്നുവെന്ന് ജീവനക്കാരന്‍ പറയുന്നു. തുടര്‍ന്ന് കമ്പനി മാനേജരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഉടനെ ആളെ അയക്കാമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും മാനേജര്‍ ഉറപ്പുനല്‍കി. കമ്പനി പ്രതിനിധികള്‍ എത്തിയില്ലെങ്കില്‍ ഐസ്‌ക്രീം മാറ്റിനല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.

No comments:

Post a Comment