Ads 468x60px

Wednesday, December 28, 2011

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം: ആദ്യം ബോധവത്കരണം, പിന്നെ കര്‍ശന നടപടി

കൊച്ചി: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം കര്‍ശന നടപടി വരുന്നതിന് മുന്നോടിയായി താലൂക്ക്തല ബോധവത്കരണത്തിന് നീക്കം. ഭക്ഷണനിര്‍മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മായം ചേര്‍ക്കലിന്റ ദൂക്ഷ്യവശങ്ങളെപ്പറ്റി ബോധവത്കരണത്തിന് ഊന്നല്‍ നല്‍കിയുമാണ് നിയമം നടപ്പാക്കുന്നത്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പത്ത് ലക്ഷംവരെ പിഴ ഈടാക്കാനും ജീവപര്യന്തം വരെ ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.ഭക്ഷണ നിര്‍മാണ, വില്‍പ്പന മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ ഈ വര്‍ഷം 10 ബോധവത്കരണ ക്‌ളാസ്സുകള്‍ വീതം നടത്താനാണ് ഫുഡ് സേഫ്‌ററി കമ്മീഷണറേറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്തമാസം പകുതിയോടെ ക്‌ളാസ്സുകള്‍ തുടങ്ങിയേക്കും. കേരളത്തിലെ കാര്‍ഷികോത്പന്നങ്ങളില്‍ ഇത്തരം മായംചേര്‍ക്കലുകള്‍ വ്യാപകമല്ല. എങ്കിലും വൃത്തിയുടെ പ്രാധാന്യവും മായംചേര്‍ക്കലിനെതിരെയുള്ള ബോധവത്കരണവും ഉദ്ദേശിച്ച് മലയാളത്തിലുള്ള ലഘുലേഖകളും വിതരണം ചെയ്യും. തട്ടുകടകളിലും ഹോട്ടലുകളിലും ഭക്ഷണ ഉത്പാദക യൂണിറ്റുകളിലും ശുചിത്വമുള്ള സാഹചര്യത്തിന്റെ പ്രാധാന്യം, വേണ്ട വസ്ത്രധാരണരീതി, തലയില്‍ തൊപ്പി വെയ്‌ക്കേണ്ടതിന്റെ പ്രാധാന്യം, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത തുടങ്ങി വിവിധ നടപടികള്‍ വ്യക്തമാക്കുന്ന ലഘുലേഖയാണിത്. സ്‌കൂള്‍തലത്തിലുള്ള ബോധവത്കരണവും ചട്ടത്തില്‍ ലക്ഷ്യമിട്ടിട്ടുണ്ട്.പുതിയ നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമാകുന്നതോടെ ആര്‍ക്കും ലൈസന്‍സ് കിട്ടുന്ന അവസ്ഥ ഒഴിവാക്കപ്പെടും. നിശ്ചിതഗുണനിലവാരവും ശുചിത്വവും ഇല്ലാത്ത സാധനങ്ങള്‍ ജനങ്ങളില്‍ എത്തുകയില്ലെന്ന് ഉറപ്പാക്കാനുമാകും.നിയമപ്രകാരം തട്ടുകടകള്‍ ഉള്‍പ്പെടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധമാണ്. വര്‍ഷം 12 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടത്. മറ്റു വന്‍കിട സ്ഥാപനങ്ങള്‍ക്ക് 7,500 രൂപവരെയാണ് ലൈസന്‍സ് ഫീസ്. കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളില്‍ ലൈസന്‍സ് സംവിധാനം ഉണ്ട്.

1 comment:

aisha said...

This is my Good luck that I found your post which is according to my search and topic, I think you are a great blogger, thanks for helping me out from my problem..
Mercedes Benz SL600 AC Compressor

Post a Comment