ഇടുക്കി: കാന്‍സറിന് വരെ കാരണമായി തീരാവുന്ന മാരകമായ രാസപദാര്‍ത്ഥം കലര്‍ന്ന ഈസ്റ്റേണ്‍ കറി പൗഡര്‍ പിടികൂടി നശിപ്പിച്ചു. ഈസ്റ്റേണ്‍ കറിപൗഡര്‍ കമ്പനിയുടെ കോതമംഗലം ഇരുമലപ്പടിയിലുള്ള വിദേശകയറ്റുമതി യൂണിറ്റില്‍ നിന്നു മായം ചേര്‍ന്ന മുളകുപൊടി പിടികൂടി നശിപ്പിച്ചു എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിക്ക് കയറ്റി അയയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന 1200 കിലോ മുളകുപൊടിയാണ് മായം കലര്‍ന്നതായി കണ്ടെത്തി പിടികൂടി നശിപ്പിച്ചത്. ജില്ലാ ഫുഡ് സപ്ലൈസ് അധികൃതര്‍ നടത്തിയ റെയ്‌ഡിലാണ് മാരക രാസപദാര്‍ത്ഥമായ സുഡാന്‍ ഡൈ വന്‍ അളവില്‍ കണ്ടെത്തിയത്. ജില്ലാ സ്പൈസസ് ബോര്‍ഡ് ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ.അജിത് കുമാര്‍, അബ്ദുള്‍ ജലീല്‍, ബൈജു പി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്. മായം കലര്‍ന്ന രീതിയില്‍ പിടികൂടിയ മുളക് പൊടി പിന്നീട് അധികൃതര്‍ കുഴിച്ചു മൂടുകയായിരുന്നു. മനുഷ്യശരീരത്തിന് ഏറെ മാരകമായ രാസപദാര്‍ത്ഥമാണ് സുഡാന്‍ ഡൈ. ഉല്പന്നങ്ങള്‍ക്ക് നിറം കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് സുഡാന്‍ ഡൈ എന്ന രാസപദാര്‍ത്ഥം. മനുഷ്യശരീരത്തിന് ഏറെ ഹാനികരമായ സുഡാന്‍ ഡൈയുടെ ഉപയോഗം കാന്‍സര്‍, കരള്‍ രോഗങ്ങള്‍ എന്നിവ വരുന്നതിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയനില്‍ സുഡാന്‍ ഡൈ ഉപയോഗിച്ചുള്ള ഉല്പന്നങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. പിടികൂടിയ മുളകുപൊടിയില്‍ 100 ഗ്രാമില്‍ 14 മില്ലിഗ്രാം സുഡാന്‍ ഡൈ അടങ്ങിയിരുന്നു എന്നാണ് സ്പൈസസ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് റിപ്പോര്‍ട്ടിലെ മായം കലര്‍ന്നതിന്റെ അളവ് കുറച്ച് കാണിയ്ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കവറിലെ മഷി കലര്‍ന്നതാണ് മായമായി കണ്ടെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വായു കടക്കാത്ത നിലയില്‍ പായ്ക്ക് ചെയ്യുന മുളകുപൊടിയില്‍ മഷി കലരുന്നതിനുള്ള സാധ്യതയില്ലെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. റെയ്‌ഡില്‍ പിടികൂടുന്നതിനു മുന്‍പ് എത്ര ബാച്ച് ഇത്തരത്തില്‍ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയില്ല. വിദേശരാജ്യങ്ങളില്‍ എത്തുമ്പോള്‍ മായം കണ്ടുപിടിച്ച് മടക്കി അയച്ചാല്‍ അത് റീപായ്ക്ക് ചെയ്ത് കേരളത്തിലെ വിപണിയില്‍ ഉപയോഗിക്കുകയാണ് കമ്പനികളുടെ പതിവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ആഴ്‌ച്ച നടന്ന റെയ്‌ഡിലാണ് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ ബാച്ച് പിടിച്ചെടുത്ത് നശിപ്പിച്ചത്.
source: http://vyganews.com
No comments:
Post a Comment