Ads 468x60px

Thursday, December 29, 2011

സുഡാന്‍ ഡൈ ചേര്‍ന്ന മുളക്പൊടി പിടികൂടി നശിപ്പിച്ചുവെന്ന് ഫുഡ് സേഫ്‌റ്റി വിഭാഗം; കമ്പനി വിശദീകരണം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്

 Source: http://www.dailymalayalam.co.uk
ഈസ്റ്റേണ്‍ കറിപൗഡര്‍ കമ്പനിയുടെ വിദേശകയറ്റുമതി യൂണിറ്റില്‍ നിന്നും മായം ചേര്‍ന്ന മുളകുപൊടി കണ്ടെത്തി നശിപ്പിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം 'ഡെയ്‌ലി മലയാളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റേണ്‍ കറിപൗഡര്‍ കമ്പനിയുടെ കോതമംഗലം ഇരുമലപ്പടിയിലുള്ള വിദേശകയറ്റുമതി യൂണിറ്റിലാണ് മായം കലര്‍ന്ന പൊടി കണ്ടെടുത്തിരുന്നത്.
പ്രാദേശിക പത്രങ്ങളില്‍ വന്ന വാര്‍ത്ത ചിലര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതില്‍ നിന്നാണ് ഇങ്ങനെ ഒരു സംഭവം നടന്നതായി പുറംലോകം അറിയുന്നത്. ഈ വാര്‍ത്തയുടെ നിജസ്ഥിതിയെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് ഡെയ്‌ലി മലയാളം കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചതും. എന്നാല്‍ ഇതിന് തൊട്ട് പിന്നാലെ ഈസ്റ്റേണ്‍ കമ്പനി എം.ഡി നവാസ് മീരാന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് എന്നു വിശ്വസിക്കാവുന്ന നിലയിലുള്ള വിശദീകരണങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഈസ്റ്റേണ്‍ കമ്പനിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ചില വായനക്കാര്‍ ഇത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ നവാസ് മീരാന്‍ പ്രസിദ്ധീകരിക്കുന്ന വിശദീകരണത്തിന്റെ വാര്‍ത്തയും ഞങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഈസ്റ്റേണ്‍ കമ്പനിയെ ബോധപൂര്‍വം മോശപ്പെടുത്തുന്നതിനായി ചിലര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് ഉള്ള മറുപടി എന്ന നിലയിലാണ് നാവാസിന്റേതായ വിശദീകരണം പുറത്ത് വന്നതും.
ഈ രണ്ട് വാര്‍ത്തയും പ്രസിദ്ധീകരിച്ചതോടെ ഇതിലെ സത്യാവസ്ഥ എന്തെന്ന് അന്വേഷിച്ച് ചില വായനക്കാര്‍ ഞങ്ങള്‍ക്ക് എഴുതുകയുണ്ടായി. ആദ്യ ദിവസം തന്നെ വാര്‍ത്തയിലെ സത്യാവസ്ഥ വായനക്കാര്‍ അന്വേഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ 'ഡെയ്‌ലി മലയാളം' അന്വേഷിച്ചത്. എറണാകുളം ജില്ലാ ഫുഡ്‌ സേഫ്‌റ്റി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഞങ്ങളുടെ പ്രതിനിധി നടത്തിയ അഭിമുഖത്തിനു ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനു വേണ്ടി ഈസ്റ്റേണ്‍ കമ്പനി തയ്യാറാക്കിയിരുന്ന മുളക് പൊടി പായ്ക്കറ്റുകളുടെ സാമ്പിളുകള്‍ സ്പൈസസ് ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് സുഡാന്‍ ഡൈ എന്ന മാരക രാസപദാര്‍ത്ഥം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയത്. ഉല്പന്നങ്ങള്‍ക്ക് നിറം കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് സുഡാന്‍ ഡൈ എന്ന രാസപദാര്‍ത്ഥം, മനുഷ്യശരീരത്തിന് ഏറെ ഹാനികരമാണ്. സുഡാന്‍ ഡൈയുടെ ഉപയോഗം കാന്‍സര്‍, കരള്‍ രോഗങ്ങള്‍ എന്നിവ വരുന്നതിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

മുളകുപൊടിയില്‍ 100 ഗ്രാമില്‍ 14 മില്ലിഗ്രാം സുഡാന്‍ ഡൈ അടങ്ങിയിരുന്നു എന്നാണ് സ്പൈസസ് ബോര്‍ഡിന്റെ ലാബ് ടെസ്റ്റില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ആ ബാച്ചിലെ 1200 കിലോ മുളകുപൊടി കയറ്റുമതി ചെയ്യുന്നതില്‍ നിന്നും സ്പൈസസ് ബോര്‍ഡ് കമ്പനിയെ തടഞ്ഞു. തുടര്‍ന്ന് ഈ വിഷയത്തില്‍ വിദേശ കയറ്റുമതി യൂണിറ്റില്‍ പരിശോധന നടത്തുന്നതിന് ഫുഡ് സേഫ്‌റ്റി ഇന്‍സ്പക്ടറേറ്റില്‍, സ്പൈസസ് ബോര്‍ഡ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ജില്ലാ ഫുഡ് സേഫ്‌റ്റി ഇന്‍സ്‌പെക്ടര്‍ കെ.അജിത് കുമാര്‍, അബ്ദുള്‍ ജലീല്‍, ബൈജു പി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റേണ്‍ കമ്പനിയുടെ വിദേശകയറ്റുമതി യൂണിറ്റില്‍ ഡിസംബര്‍ 22ന് പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ സ്പൈസസ് ബോര്‍ഡ് തടഞ്ഞു വച്ചിരിക്കുന്ന മുളകുപൊടിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുമെന്ന് പറഞ്ഞ് മടക്കി അയയ്ക്കാന്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്ന ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നു തന്നെ സ്പൈസസ് ബോര്‍ഡ് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട ഫുഡ് സേഫ്‌റ്റി ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് ഫുഡ് സേഫ്‌റ്റി കമ്മീഷണര്‍ക്ക് നല്‍കിയതെന്ന മറുപടിയാണ് ലഭിച്ചത്.

തുടര്‍ന്ന് മായം കലര്‍ന്ന 1200 മുളകുപൊടിയും അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നു. അന്നു തയ്യാറാക്കിയ മഹസ്സറില്‍ കമ്പനിയുടെ വിദേശകയറ്റുമതി യൂണിറ്റില്‍ ഉണ്ടായിരുന്ന മാനേജര്‍ സലാം ഒപ്പിട്ടിട്ടുണ്ടെന്നും ഫുഡ് സേഫ്‌റ്റി അധികൃതര്‍ വ്യക്തമാക്കി. സ്പൈസസ് ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, മാര്‍ക്കറ്റിങ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ 23നാണ് പിടിച്ചെടുത്ത മുളകുപൊടി നശിപ്പിച്ചത്. വിദേശ കയറ്റുമതിയില്‍ നിന്നും മായം ചേര്‍ന്നതിന്റെ പേരില്‍ തടയപ്പെട്ട മുളകുപൊടി ആഭ്യന്തര മാര്‍ക്കറ്റില്‍ ഇറങ്ങാതിരിക്കുന്നതിന് വേണ്ടിയാണ് പിടിച്ചെടുത്ത് നശിപ്പിച്ചതെന്നും ഫുഡ് സേഫ്‌റ്റി അധികൃതര്‍ വ്യക്തമാക്കി.

ഈസ്റ്റേണ്‍ കമ്പനി എം.ഡി നവാസ് മീരാന്‍ പുറത്തിറക്കുന്നത് എന്നു വിശ്വസിക്കാവുന്ന തരത്തിലുള്ള കമ്പനിയുടെ ഔദ്യോഗിക വിശദീകരണത്തെ പറ്റി ഫുഡ്‌ സേഫ്‌‌റ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പെടുത്തിയപ്പോള്‍ അത് ശരിയല്ല എന്ന മറുപടിയാണ് ലഭിച്ചത്. സ്പൈസസ് ബോര്‍ഡ് പരിശോധനയില്‍ സുഡാന്‍ ഡൈ എന്ന രാസപദാര്‍ത്ഥം മുളകുപൊടിയില്‍ കണ്ടെത്തിയതായും അതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത മുളകുപൊടി നശിപ്പിച്ചതായും ഫുഡ്‌ സേഫ്‌റ്റി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തെളിഞ്ഞിരിക്കുകയാണ്. ഈസ്റ്റേണ്‍ കമ്പനി എം.ഡി നവാസ് മീരാന്‍ പുറത്ത് ഇറക്കുന്നത് എന്ന നിലയില്‍ പ്രചരിക്കുന്ന വിശദീകരണത്തില്‍ ഇങ്ങനെയൊരു പരിശോധന നടന്നിട്ടില്ല എന്നു തോന്നിപ്പിക്കുന്ന ഭാഗം വാസ്തവ വിരുദ്ധമാണ്. ഇത് സംബന്ധിച്ച ഒരു വിശദീകരണം ലഭിക്കുന്നതിനു വേണ്ടി നവാസ് മീരാനെ ബന്ധപ്പെടുന്നതിന് ഞങ്ങളുടെ പ്രതിനിധി ശ്രമിച്ചുവെങ്കിലും ഇതു വരെ അദ്ദേഹത്തെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിന്റേത് എന്ന നിലയില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയ വിശദീകരണത്തിന്റെ പകര്‍പ്പ് താഴെ നല്‍കുന്നു.




No comments:

Post a Comment