Ads 468x60px

Wednesday, December 7, 2011

പുതിയ നിയമങ്ങള്‍ വ്യാപാരികളെ വെള്ളം കുടിപ്പിക്കുമോ?

ചെറുകിട വ്യാപാര മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നതും കരട് രൂപമായതുമായ പുതിയ നിയമങ്ങള്‍ വ്യാപാരികള്‍ക്ക് വിനയാകുമോ? വ്യാപാരികള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ഭിന്നാഭിപ്രായം നിലനില്‍ക്കെ തന്നെ നിയമങ്ങള്‍ ചെറുകിടക്കാര്‍ക്ക് എതിരാണെന്ന ഉറച്ച നിലപാടിലാണ് വ്യാപാരി സംഘടനകള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമം, പുതിയ ബില്‍ഡിംഗ് ലീസ് ആന്‍ഡ് റെന്റ് കണ്‍ട്രോള്‍ നിയമം, എല്ലാ കച്ചവടക്കാര്‍ക്കും ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്(ജി.എസ്.റ്റി) ഏര്‍പ്പെടുത്താനുള്ള തീരുമാനം, കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം, ലൈസന്‍സ് ഫീസ് കൂട്ടിയ നടപടി, 500 ചതുരശ്ര അടിയില്‍ കുറഞ്ഞ കടകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദേശം തുടങ്ങിയ നിയമങ്ങളാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായത്.
സര്‍ക്കാര്‍ കൊണ്ടു വന്ന ഫുഡ് സേഫ്റ്റി നിയമമാണ് സംഘടനകളുടെ വലിയ എതിര്‍പ്പിന് കാരണമാകുന്നത്. ഭക്ഷ്യോല്‍പ്പാദകര്‍ക്കും വ്യാപാരികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ വിറ്റാല്‍ ലക്ഷക്കണക്കിന് രൂപ പിഴയും തടവും ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം.
ഫുഡ് സേഫ്റ്റി നിയമം
ഫുഡ് സേഫ്റ്റി നിയമം കേരളത്തിന് അനുയോജ്യമല്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എം ജയപ്രകാശിന്റെ വിലയിരുത്തല്‍. ഈ നിയമം മൂലം സര്‍ബത്ത് ഉണ്ടാക്കി വില്‍ക്കുന്നതിനു പോലും ചെറുകിട വ്യാപാരികള്‍ക്ക് നിയന്ത്രണം വരും. വന്‍കിടക്കാര്‍ക്കു മാത്രമേ ഇതു സാധ്യമാകൂ എന്ന നില വരുമ്പോള്‍ വിലയും കൂടും. ചെറിയ പിഴവുകള്‍ക്കു പോലും ലക്ഷങ്ങള്‍ പിഴയായി ഈടാക്കുന്നത് ചെറുകിടക്കാര്‍ക്ക് താങ്ങാന്‍ ആവില്ല- ജയപ്രകാശ് പറഞ്ഞു. സാധാരണക്കാര്‍ക്ക് നടപ്പാക്കാനാകാത്ത നിര്‍ദേശങ്ങളാണ് നിയമത്തില്‍ ഉള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ പറയുന്നു. ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തിയാല്‍ അഞ്ച് ലക്ഷം രൂപയാണ് പിഴ ഈടാക്കുകയെന്നത് ന്യായമല്ല- രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം നിയമം ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സഹായിക്കുമെന്ന് തിരുവനന്തപുരത്തെ ഏഷ്യന്‍ ഹോം പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എന്‍. ആര്‍. പിള്ള അഭിപ്രായപ്പെട്ടു.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നവരെ നിയന്ത്രിക്കുന്നതോടൊപ്പം ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണവും വര്‍ധിപ്പിക്കുകയും ചെയ്യും. 

No comments:

Post a Comment