Ads 468x60px

Wednesday, November 23, 2011

കേരളത്തിലേക്കെത്തുന്നത് വിഷംകലര്‍ന്ന കരിമീന്‍

ഈറോഡ്: നാടന്‍കരീമീനെന്നപേരില്‍ എറണാകുളത്തെയും തൃശ്ശൂരിലെയും കോട്ടയത്തെയും മാര്‍ക്കറ്റുകളിലേക്ക് ഈറോഡില്‍നിന്ന് വിഷാംശംകലര്‍ന്ന കരിമീനെത്തുന്നു. നഞ്ച് കലക്കിയും വെടിമരുന്ന് ഉപയോഗിച്ചും പിടിക്കുന്ന നൂറുകണക്കിന് കിലോഗ്രാം മീനാണ് കേരളത്തിലെത്തുന്നത്. ഈറോഡില്‍ 60 മുതല്‍ 80 രൂപയ്ക്കുവരെ വിറ്റിരുന്ന മീനാണ് ഇപ്പോള്‍ മൊത്തമായി വാങ്ങി കേരളത്തിലെത്തിച്ച് 250 മുതല്‍ 300 രൂപയ്ക്കുവരെ വില്‍ക്കുന്നത്.

ഭവാനിപ്പുഴയില്‍നിന്നും ജില്ലയിലെ മറ്റ്ആറുകളില്‍നിന്നും പിടിക്കുന്ന മീനാണ് കുമാരപാളയം, ഭവാനി എന്നീമാര്‍ക്കറ്റുകളിലെത്തിച്ച് കേരളത്തിലേക്ക് കയറ്റിയയയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ രട്ടപ്ലാസ എന്നറിയപ്പെടുന്ന കരിമീനിന് അധികം ആവശ്യക്കാരില്ല. കേരളത്തില്‍നിന്നെത്തുന്ന വ്യാപാരികളോ അല്ലെങ്കില്‍ അവര്‍ നിയമിക്കുന്ന ഇടനിലക്കാരോ ആണ് ഇപ്പോള്‍ 100 മുതല്‍ 110 രൂപവരെ നിരക്കില്‍ മൊത്തമായി മീന്‍വാങ്ങിക്കുന്നത്. ഈ മാര്‍ക്കറ്റുകളില്‍ ചില്ലറവില്പനയില്‍ മുമ്പ് ആര്‍ക്കും വേണ്ടാതിരുന്ന കരിമീന്‍ ഇപ്പോള്‍ കിട്ടാന്‍പോലുമില്ല.

മൊത്തമായി വാങ്ങുന്ന മീന്‍ ഈറോഡ് റെയില്‍വേ സ്റ്റേഷനുസമീപത്തെ ഒരു ഐസ്ഫാക്ടറിക്ക് അരികിലെത്തിച്ച് രാത്രിയിലുള്ള ട്രെയിനുകളില്‍ കേരളത്തിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. ചില റെയില്‍വേ ജീവനക്കാരുടെ ഒത്താശയും ഇതിനുണ്ട്. കേരളത്തിലെ നഗരങ്ങളിലെ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും എത്തുന്ന മീന്‍ 'കുട്ടനാടന്‍ കരിമീന്‍' അല്ലെങ്കില്‍ നാടന്‍കരിമീന്‍ എന്നപേരിലാണ് വില്‍ക്കപ്പെടുന്നത്. മണ്ണെണ്ണയുടെയും ചേറിന്റെയും ചുവയുള്ള ഈ കരിമീനുകള്‍ക്ക് രുചി തീരെ കുറവാണ്. പക്ഷേ, വെളിച്ചെണ്ണയില്‍ പാകംചെയ്താല്‍ മീനിന്റെ അരുചി ഇല്ലാതാകുമെന്നതിനാല്‍ വിഷാംശംകലര്‍ന്ന ഇവയെ തിരിച്ചറിയാനാവില്ല. മലിനജലത്തില്‍നിന്ന് തോട്ടപൊട്ടിച്ചുംമറ്റും പിടിക്കുന്ന മീന്‍ ദിവസം 300 കിലോഗ്രാമിലധികം ഈറോഡില്‍നിന്ന് കയറ്റിയയയ്ക്കുന്നുണ്ട്. യാതൊരുഗുണനിലവാരവുമില്ലാത്ത മീന്‍ അനധികൃതമായാണ് കയറ്റിയയയ്ക്കുന്നത്. ഒരുതരത്തിലുള്ള പരിശോധനയും അധികൃതര്‍ നടത്തുന്നുമില്ല.
source: mathrubhumi

No comments:

Post a Comment