Ads 468x60px

Saturday, November 12, 2011

സന്ദേശയാത്രയും റെയ്ഡും നടക്കുമ്പോഴും പഴകിയ ഭക്ഷണ വില്‍പ്പനക്ക് കുറവില്ല

കോട്ടയം:  നഗരത്തിന്‍െറ പെരുമ വര്‍ധിപ്പിക്കുന്ന നക്ഷത്രപദവിയുള്ള ഹോട്ടല്‍ മുതല്‍ ചെറുകിടഹോട്ടല്‍ വരെ പഴകിയഭക്ഷണം വേണ്ടുവോളം നല്‍കി കോട്ടയത്ത് വാഴുന്നു. പകര്‍ച്ചവ്യാധിക്കെതിരെ ബോധവത്കരണവും കൂട്ടയോട്ടവും നടത്തുന്ന നഗരസഭയുടെ മൂക്കിന് താഴെയാണ് കുലുക്കമില്ലാതെ പഴകിയഭക്ഷണ വില്‍പ്പന നടക്കുന്നത്.തോന്നിയ വില ഈടാക്കിയാണ് ജനത്തെ വെല്ലുവിളിക്കുന്നത്.വിശപ്പടക്കാന്‍ എത്തുന്നവരുടെ മുന്നിലേക്ക് പഴകിയ ഭക്ഷണം വെച്ചുനീട്ടിയാണ് പുതിയതലമുറയുടെ ആരോഗ്യം കവര്‍ന്നെടുക്കുന്നത്.നിരന്തര പരാതിക്കൊടുവില്‍ കടക്കാരുടെ ചൂഷണം തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം ലൈസന്‍സ് അടക്കമുള്ളവ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. മൂന്നാഴ്ചക്കുള്ളില്‍ നടന്ന റെയ്ഡില്‍ നഗരത്തിലെയും പരിസരത്തെയും 40ലേറെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചു.പതിവ് തെറ്റാതെ കടകളില്‍ കയറുന്ന ആരോഗ്യവിഭാഗം ജീവനക്കാര്‍ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നത് ചടങ്ങായി.ഇടക്കിടെ ജലവിതരണം  മുടങ്ങാറുണ്ടെങ്കിലും ഹോട്ടലുകാരുടെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ അമിത വില ഈടാക്കി പഴകിയഭക്ഷണം വില്‍ക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമായി. ചിങ്ങവനം, നാട്ടകം, കുമാരനല്ലൂര്‍ പ്രദേശങ്ങള്‍ കോട്ടയം നഗരസഭയിലേക്ക് വന്നശേഷം ആരോഗ്യവിഭാഗം  വിവിധ സോണുകള്‍ തിരിച്ചാണ് റെയ്ഡ് നടത്തിയത്. ആദ്യദിനം തന്നെ  മുന്തിയഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഇടം നേടി. നക്ഷത്രപദവിയുള്ള മുന്തിയ ഹോട്ടലിന്‍െറ  പേരും തന്ത്രപൂര്‍വം ഒഴിവാക്കാന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും  ഒത്താശ ചെയ്യുന്ന ചില ജനപ്രതിനിധികളും ശ്രമിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളുടെ രാസപരിശോധന നടത്തി കുറ്റക്കാരെ ശിക്ഷിച്ചാല്‍ മായം ചേര്‍ക്കല്‍ അടക്കമുള്ളവ നിയന്ത്രിക്കാനാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കാനുള്ളള സംവിധാനമുണ്ട്. പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയാലും ഉടമക്കെതിരെ കേസെടുക്കാന്‍  ആരോഗ്യവകുപ്പ് അധികൃതര്‍ പലപ്പോഴും തയാറാകില്ല.   ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളില്‍ നിയമിച്ച് ഭക്ഷ്യവസ്തുക്കളുടെ  ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനം ക്രമീകരിച്ചിട്ടും പ്രവര്‍ത്തനം നടക്കാറില്ളെന്ന് ആക്ഷേപമുണ്ട്.