Ads 468x60px

Wednesday, November 16, 2011

ഹോട്ടലുകളില്‍ വില തോന്നുംപടി; അയ്യപ്പന്മാരുടെ കീശ കാലിയാവും

കോട്ടയം: ശബരിമല സീസണ്‍ ആരംഭിക്കാറായതോടെ ജില്ലയിലെ ഹോട്ടലുകളില്‍ വില തോന്നിയപടി. പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചെങ്കിലും മറ്റിടങ്ങളില്‍ തോന്നുന്ന വിലയാണ് ഹോട്ടലുകാര്‍ ഈടാക്കുന്നത്. മറ്റു പ്രധാന ഇടത്താവളങ്ങളായ തിരുനക്കര, പാലാ കടപ്പാട്ടൂര്‍ , ഏറ്റുമാനൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തും. ഇവിടെയൊന്നും ഭക്ഷണവില നിയന്ത്രണത്തിന് നടപടിയായിട്ടില്ല. എട്ടുകൂട്ടം വിഭവങ്ങളോടെയുള്ള കുത്തരി ഊണിന് എരുമേലിയില്‍ 30 രൂപയാണ് അധികൃതര്‍ നിശ്ചയിച്ചത്. നാലുകൂട്ടം കറിയും സാമ്പാറും ചേര്‍ത്തുള്ള ഊണിന് 35 മുതല്‍ 40 രൂപ വരെയാണ് കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ ഈടാക്കുന്നത്. ചായയും കാപ്പിയും ആറുരൂപയ്ക്ക് നല്‍കാനാണ് എരുമേലിയില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ , ചായക്ക് ഏഴും എട്ടും രൂപയും കാപ്പിക്ക് എട്ടുമുതല്‍ പത്തുരൂപ വരെയുമാണ് മറ്റിടങ്ങളില്‍ ഈടാക്കുന്നത്. ശബരിമല സീസണില്‍ ഭക്ഷണവില നിയന്ത്രിക്കാനും അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താനും അധികൃതര്‍ ജില്ലാതലത്തില്‍ ഇതുവരെ ചര്‍ച്ചപോലും ആരംഭിച്ചിട്ടില്ല. കോട്ടയം നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളിലെ അടുക്കളയും വൃത്തിഹീനമാണ്. ആഴ്ചകള്‍ പഴകിയ ചോറുള്‍പ്പെടെയുള്ള ഭക്ഷണം പിടിച്ചെടുത്തത് അടുത്ത ദിവസമാണ്. എന്നാല്‍ , ഈ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭയും ഫുഡ് ഇന്‍സ്പെക്ടറും നടത്തുന്ന റെയ്ഡുകളുടെ വിവരവും തുടര്‍നടപടികളും അതത് ദിവസം തന്നെ കലക്ടര്‍ക്കും പ്രസിദ്ധീകരണത്തിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും നല്‍കണമെന്നാണ് നിര്‍ദേശം. ഇതുവരെ ഫുഡ് ഇന്‍സ്പെക്ടര്‍ റെയ്ഡിന് ഇറങ്ങിയിട്ടില്ല. ഒരു തവണ നടപടിക്കു വിധേയമാകുന്ന ഹോട്ടലുകള്‍ വീണ്ടും പഴകിയ ആഹാരസാധനങ്ങള്‍ സൂക്ഷിച്ച് വിതരണം ചെയ്യുന്നതു കണ്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും തുടര്‍നടപടി സ്വീകരിക്കാനും നഗരസഭാസെക്രട്ടറിക്കും ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആക്ട്-2006 അനുസരിച്ച് അധികാരം വിനിയോഗിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ , നടപടി സ്വീകരിക്കേണ്ടവര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. കേസുകളുടെയും റെയ്ഡുകളുടേയും വിവരങ്ങള്‍ ഭക്ഷ്യോപദേശക സമിതിയില്‍ സമര്‍പ്പിക്കാന്‍ ഡിഎംഒ, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് യോഗ്യമായ കേസുകള്‍ ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് ഫുഡ് സേഫ്റ്റി കമീഷണര്‍ക്ക് അയച്ചു കൊടുക്കണമെന്നാണ് വ്യവസ്ഥ. നിയമമനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഫുഡ് സേഫ്റ്റി കമീഷണര്‍ക്കാണ്. അമിതവില ഈടാക്കുകയും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ചില്ലെങ്കില്‍ അന്യഭാഷക്കാരായ അയ്യപ്പഭക്തര്‍ക്ക് തീര്‍ഥയാത്ര ദുരിതമാകും.
source:http://deshabhimani.co.in