Ads 468x60px

Saturday, November 26, 2011

ചിക്കന് മോടികൂട്ടാന്‍ സിന്തറ്റിക് കളര്‍; ഉപയോഗിച്ച തേയില വീണ്ടും

തിരുവനന്തപുരം: ഹോട്ടലുകളിലെ അമിതവിലയും വൃത്തിഹീനമായ അന്തരീക്ഷവും കണ്ടെത്തുന്നതിനുള്ള പരിശോധന ശനിയാഴ്ച ജില്ലയില്‍ തുടര്‍ന്നു. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ 23 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഐ.ടി. നഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടത്ത് അമിതവിലയുള്ളതും സിന്തറ്റിക് കളര്‍ ചേര്‍ത്തതുമായ ഭക്ഷണങ്ങളും പിടിച്ചെടുത്തു. കഴക്കൂട്ടത്തും വെഞ്ഞാറമൂട്ടിലും പത്ത് കടകളില്‍ വീതം അധികൃതര്‍ പരിശോധന നടത്തി. നെടുമങ്ങാട്ട് മൂന്ന് കടകളില്‍ പരിശോധന നടന്നു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത നെടുമങ്ങാട് മാര്‍ജിന്‍ഫ്രീ കടയ്‌ക്കെതിരെ കേസെടുത്തു. കഴക്കൂട്ടം ജങ്ഷനിലെ ഹോട്ടല്‍ ആര്യാസില്‍ ഉപയോഗിച്ച ചായപ്പൊടിയില്‍ സിന്തറ്റിക് കളര്‍ ചേര്‍ത്ത് വീണ്ടും ഉപയോഗിച്ചത് ഫുഡ് ഇന്‍സ്‌പെക്ടര്‍ പിടികൂടി നശിപ്പിച്ചു. ഇവര്‍ക്കെതിരെ അമിതവില ഈടാക്കിയതിന് സിവില്‍ സപ്ലൈസ് കേസെടുത്തു. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന മൂന്ന് സിലിണ്ടറുകള്‍ ഇവിടെനിന്നും പിടികൂടി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. നിരവധി ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്യാസ് ഹോട്ടലിനെതിരെ കളക്ടര്‍ക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കി.കോഴിയിറച്ചിയില്‍ അമിതമായി കളര്‍ ചേര്‍ത്ത ഹോട്ടല്‍ മാളൂസിനെതിരെ നടപടിയെടുത്തു. കളര്‍ ചേര്‍ത്ത ഇറച്ചി കുഴിച്ചുമൂടി. കഴക്കൂട്ടത്തെ ഗീതാഞ്ജലി, അന്നപൂര്‍ണ, നാഷണല്‍, മഹാദേവ, ശ്രീകൃഷ്ണ, ചിക്കന്‍ കോര്‍ണര്‍ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. സാദാ ദോശയ്ക്ക് 18 രൂപയും മസാല ദോശയ്ക്ക് 40 രൂപയും ഈടാക്കിയ ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. പല ഹോട്ടലുകളിലും വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും പരിശോധനാസംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. അടിയന്തരമായി വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍ കരിയം വിജയകുമാര്‍, സൗത്ത് സിറ്റി റേഷനിങ് ഓഫീസര്‍ കെ. വിജയന്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ വിജയകുമാര്‍, സി.വി. ജയകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ പദ്മകുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സ്മിത ജോര്‍ജ്, ജയചന്ദ്രന്‍ നായര്‍, സി.ആര്‍. അജിത, വസന്ത, അജിത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന തകൃതിയായി നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും താക്കീതില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരാണ് പഴകിയ ഭക്ഷണം പിടികൂടുന്നത്. പഴകിയ ഭക്ഷണം പിടികൂടിയാല്‍ താക്കീത് ചെയ്യുന്നതല്ലാതെ ഇവര്‍ കേസെടുക്കാറില്ല. ഇത് വ്യാപകമായ പരാതിക്ക് ഇടയായിട്ടുണ്ട്. നെടുമങ്ങാട് നൂരിയ, അറഫ ഹോട്ടലുകളില്‍ സംഘം പരിശോധന നടത്തി. വാളിക്കോട് മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് കേസെടുത്തു. വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി റെയ്ഡ് നടത്തി. നിരോധിച്ച നിറങ്ങളും പഴകിയ പഫ്‌സും അനധികൃത സിലിണ്ടറും പിടിച്ചു. റെഡ് ചില്ല ഹോട്ടലില്‍ നിന്ന് ആരോഗ്യത്തിന് ഹാനികരമായ നിറങ്ങളും രാസവസ്തുക്കളും പിടിച്ചു. ജാഫര്‍ ഹോട്ടലില്‍നിന്ന് അനധികൃതമായി ഉപയോഗിച്ച അഞ്ച് ഗ്യാസ് സിലിണ്ടര്‍ പിടിച്ചു. പള്ളിയറ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടിച്ചു. ആര്യഭവനിലെ അടുക്കളയിലെ വൃത്തിഹീനമായ കിണര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കിണറിലെ വെള്ളം ഉപയോഗിക്കുന്നില്ല എന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. എന്നാല്‍ പാറ്റയും എലിയും കൊതുകും നിറഞ്ഞ കിണറിന്റെ മുകളില്‍ ഷീറ്റ് വിരിച്ചാണ് പാചകം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനിടയില്‍ കടയിലെ സ്റ്റാഫ് ഓടിച്ചെന്ന് ഷട്ടറിടാന്‍ ശ്രമിച്ചത് തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു. സഫാരി റസ്റ്റോറന്റില്‍ നിന്ന് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ പിടിച്ചു. ലക്ഷ്മി ബേക്കറിയില്‍ നിന്നും പഴകിയ പഫ്‌സ് പിടിച്ചു. ടി.എസ്.ഒ ഇറവൂര്‍ പ്രസന്നകുമാര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ ഗോപിനാഥന്‍ നായര്‍, ദിലീമ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ വി.എസ്. സീമ, വി. മുരളീധരന്‍ നായര്‍, ആര്‍. പ്രസന്നന്‍നായര്‍, കെ.എം. ഷാജഹാന്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ സിജു സത്യദാസ്, സി.ഇ. ജോസ്​പ്രകാശ് തുടങ്ങിയവരാണ് തിരച്ചില്‍ നടത്തിയത്.
source: mathrubhumi

No comments:

Post a Comment