Ads 468x60px

Sunday, November 6, 2011

പഴകിയ ഭക്ഷണം നല്‍കിയാല്‍ മൂന്നു വര്‍ഷം തടവ്‌

കോട്ടയം: മായം ചേര്‍ക്കല്‍ നിരോധന നിയമം പരിഷ്‌കരിക്കുന്നു. ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷണം വിറ്റഴിച്ചാല്‍ കുറഞ്ഞതു മൂന്നു വര്‍ഷം തടവു ശിക്ഷ വരെ നിര്‍ദേശിക്കുന്നതാണ്‌ പുതിയ നിയമം. നിലവിലുള്ള പരമാവധി ശിക്ഷയായ പിഴ ശിക്ഷ ഫലപ്രദമല്ലെന്നു വ്യാപക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ നിയമം പരിഷ്‌കരിക്കാന്‍ തീരുമാനം. ബോധവല്‍ക്കരണം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനെതിരേ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ കാലാവധി ഓഗസ്‌റ്റ് 5ന്‌ അവസാനിച്ചിരുന്നു. 1955 ല്‍ നടപ്പാക്കിയ മായം ചേര്‍ക്കല്‍ നിരോധന നിയമമാണ്‌ പരിഷ്‌കരിക്കുന്നത്‌. പഴയ നിയമത്തിനു പകരം ഫുഡ്‌ സേഫ്‌റ്റി സ്‌റ്റാന്‍ഡേര്‍ഡ്‌ ആക്‌ട് 2006 ആണ്‌ നടപ്പാക്കുക. ഇതിനു മുന്നോടിയായി അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. ഫലത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ കുറഞ്ഞത്‌ ആറുമാസമെങ്കിലും കാത്തിരിക്കേണ്ടി വരും. പുതിയ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി ബോധവത്‌കരണ ക്ലാസുകള്‍ നടത്തും. വ്യാപാരി- വ്യവസായികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. പുതിയ നിയമപ്രകാരം ഒട്ടനവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ, ലൈസന്‍സ്‌ നേടിയെടുക്കാന്‍ കഴിയൂ. സുരക്ഷിത ഭക്ഷണം എന്ന ഗണത്തിലുള്‍പ്പെടുത്തിയാകും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയാല്‍ നടപടിയെടുക്കുക. മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട്‌ നിസാര കുറ്റമെങ്കിലും കണ്ടെത്തിയാല്‍ കുറഞ്ഞത്‌ 2.5 ലക്ഷം രൂപ പിഴ ഒടുക്കേണ്ടി വരും. ആരോഗ്യത്തിന്‌ ഹാനികരമാകുന്ന രീതിയിലാണ്‌ മായം ചേര്‍ക്കലെങ്കില്‍ കുറഞ്ഞത്‌ മൂന്ന്‌ വര്‍ഷമെങ്കിലൂം ശിക്ഷ അനുഭവിക്കണമെന്നാണ്‌ പുതിയ നിയമം അനുശാസിക്കുന്നത്‌. ഭക്ഷണത്തിന്റെ അളവ്‌, ഭക്ഷണമുണ്ടാക്കുന്ന സാഹചര്യം എന്നിവയെല്ലാം കര്‍ശനമായി പരിശോധിക്കുന്ന വ്യവസ്‌ഥകളാണ്‌ പുതിയ നിയമത്തിലുള്ളത്‌.
source: mangalam

No comments:

Post a Comment