Ads 468x60px

Sunday, November 6, 2011

പഴകിയ ഭക്ഷണം : കര്‍ശന നടപടിക്ക് കളക്ടറുടെ നിര്‍ദ്ദേശം

കോട്ടയം: നഗരത്തിലെ ചില ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ മിനി ആന്റണി ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം, ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്ന നിലയില്‍ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറും, മുനിസിപ്പല്‍ അധികൃതരുമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. ഒരു തവണ നടപടിക്കു വിധേയമാകുന്ന സ്ഥാപനങ്ങളും വ്യക്തികളും വീണ്ടും പഴകിയതും ആരോഗ്യത്തിനു ഹാനികരവുമായ ആഹാരസാധനങ്ങള്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി കണ്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദുചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നഗരസഭാ സെക്രട്ടറിക്കും ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫുഡ് സേഫ്റ്റി ആക്ട് 2006 അനുസരിച്ച് നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിക്കാനും കളക്ടര്‍ ആവശപ്പെട്ടു.
നഗരസഭയും ഫുഡ് ഇന്‍സ്‌പെക്ടറും ഇത്തരത്തില്‍ നടത്തുന്ന റെയ്ഡുകളുടെ വിവരവും തുടര്‍ നടപടികളുടെ വിവരവും അതത് ദിവസം തന്നെ ജില്ലാ കളക്ടര്‍ക്കും പ്രസിദ്ധീകരിക്കുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും നല്‍കണം. കേസുകളുടേയും റെയ്ഡുകളുടേയും വിവരങ്ങള്‍ ഭക്ഷ്യോപദേശക സമിതിയില്‍ സമര്‍പ്പിക്കാനും ഡിഎംഒ. മുനിസിപ്പല്‍ സെക്രട്ടറി എന്നിവരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് യോഗ്യമായ കേസുകള്‍ ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കുന്നതിനൂം കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു.
നിയമമനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കാണ്. ഹോട്ടലുകളില്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തുന്നതിനുള്ള വാഹനം പോലീസ് സഹായം എന്നിവ നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എഡിഎം. സുഭാഷ്, ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ. ഡേവിഡ് ജോണ്‍, കോട്ടയം മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.സി.അനൂപ്, ജേക്കബ്‌സണ്‍, കാഞ്ഞിരപ്പള്ളി ഫുഡ് ഇന്‍സ്‌പെക്ടര്‍ ഡി. വില്‍സണ്‍, മുനിസിപ്പാലിറ്റി എച്ച്.എസ്. എം.എം.മത്തായി എന്നിവര്‍ പങ്കെടുത്തു.
source: mathrubhumi