Ads 468x60px

Saturday, November 12, 2011

പഴകിയ ഭക്ഷണം ഒരു 'കോട്ടയം സ്‌പെഷല്‍'

കോട്ടയം: കോട്ടയത്തെത്തി ഭക്ഷണം കഴിക്കാമോ?. ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ അതിശയിക്കേണ്ടതില്ല. കാരണം നഗരത്തില്‍ ഒരു മാസത്തിനുള്ളില്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ എണ്ണം 15 കവിഞ്ഞു. ഇടത്തരം മുതല്‍ ബാര്‍ ഹോട്ടലുകള്‍ വരെ ഇത്തരത്തിലുണ്ടെന്നതും ശബരിമല സീസണ്‍ പടിവാതില്‍ക്കല്‍ എത്തിയെന്നതും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തവയില്‍ ആരോഗ്യമന്ത്രിയുടെ മകന്റെ പേരിലുള്ള ഹോട്ടലും ഉള്‍പ്പെട്ടുവെന്നത്‌ ആശങ്കയ്‌ക്കൊപ്പം ആക്ഷേപത്തിനും കാരണമായി. കഴിഞ്ഞയാഴ്‌ച നഗരത്തിലെ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്‌ടര്‍ മിനി ആന്റണിയുടെ നിര്‍ദേശം നല്‍കിയിരുന്നു. ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ എന്ന നിലയില്‍ ജില്ലാ ഫുഡ്‌ ഇന്‍സ്‌പെക്‌ടറും മുനിസിപ്പല്‍ അധികൃതരും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഹോട്ടലുകളില്‍ റെയ്‌ഡിനും നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍, അതിനു ശേഷം ഇതുവരെ റെയ്‌ഡ് നടന്നത്‌ കോട്ടയം നഗരസഭയില്‍ മാത്രമാണ്‌.നാലു ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന്‌ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ദിനംപ്രതി എത്തുന്ന കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി പരിസരത്തുള്ള ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതാണ്‌ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്‌. ഒരുമാസത്തിനുള്ളില്‍ മൂന്നു തവണ പരിശോധന നടത്തുകയും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിട്ടും വീണ്ടും ഇറച്ചി ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു. പഴകിയ ഭക്ഷണം സാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.