Ads 468x60px

Wednesday, November 23, 2011

നഗരത്തിലെ ഹോട്ടലുകളും ആരോഗ്യ വിഭാഗവും തമ്മില്‍ ഒത്തുകളി

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിലെ ഗുണനിലവാര തകര്‍ച്ചക്ക്‌ പിന്നില്‍ ഹോട്ടലുടമകളും നഗരസഭയിലെ ആരോഗ്യ വിഭാഗവും തമ്മിലുളള അവിശുദ്ധബന്ധം. കൃത്യമായ പരിശോധന നടത്താതെ ഹോട്ടലുകള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ ഉദ്യോഗസ്‌ഥര്‍ ചെയ്യുന്നതെന്ന്‌ ഉപഭോക്‌തൃ സംഘടനകള്‍ ആരോപിക്കുന്നു.

ഭക്ഷണ സാധനങ്ങള്‍ക്ക്‌ അമിത വില ഈടാക്കുന്നതിനായി ഗ്രേഡിംഗ്‌ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ഗുണനിലവാരം പരിശോധിക്കണമെന്നുമുളള ആവശ്യവുമായി പല സംഘടനകളും മുന്നോട്ട്‌ വന്നിട്ടുണ്ട്‌. അധികൃതരുടെ മെല്ലെ പോക്ക്‌ തുടരുകയാണ്‌. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ദ്ധന കാരണം സാധാരണക്കാരന്‌ ഒരു ചായപോലും കുടിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌.

സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞ തലസ്‌ഥാന നഗരിയില്‍ വിവിധ ജില്ലകളില്‍ നിന്ന്‌ വന്നുപോകുന്നവര്‍ക്ക്‌ ഹോട്ടലുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. പക്ഷേ ഇവരെ ചൂഷണം ചെയ്യാനുളള ശ്രമങ്ങള്‍ക്ക്‌ തടയിടാന്‍ അധികൃതര്‍ക്കാവുന്നില്ല. ഇത്തരം അഴിമതിയും വൃത്തികേടും കണ്ടില്ലെന്ന്‌ സര്‍ക്കാര്‍ നടിക്കുന്നതില്‍ ദുരൂഹത ഉണ്ടെന്ന്‌ പറഞ്ഞാണ്‌ സംഘടനകള്‍ ആരോപണവുമായി വന്നിരിക്കുന്നത്‌.

ഈ ദയനീയ സ്‌ഥിതിയില്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി തുടരുന്നുവെന്ന്‌ സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ഫോറം ആരോപിക്കുന്നു. അന്യസംസ്‌ഥാനങ്ങളില്‍ നിന്നെത്തി വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്ന ഒരു വിഭാഗം തേങ്ങക്ക്‌ തുഛമായ വില ഉളളപ്പോള്‍ പോലും കടലപ്പൊടി ദോശയ്‌ക്കും ഇഡ്‌ഡലിക്കുമുളള ചമ്മന്തിയില്‍ ഉപയോഗിക്കുന്നു. ഇക്കാര്യം ഹോട്ടലുകള്‍ തന്നെ സമ്മതിക്കുന്നു. ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുളള മൈദ എല്ലാ ഹോട്ടലുകളിലും പൊറോട്ടയ്‌ക്ക് മാത്രമല്ല ചപ്പാത്തിക്കും പൂരിക്കും വരെ ഉപയോഗിക്കുന്നു.

പാന്‍ക്രിയാസ്‌ ഗ്രന്ഥികളിലെ ബീറ്റാ സെല്ലുകളെ നശിപ്പിക്കുകയും ഡയബറ്റിക്‌, കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ക്ക്‌ വഴിതെളിക്കുകയും ചെയ്യുന്ന ആക്‌സിന്‍ പോലുളള വിഷപദാര്‍ഥങ്ങളാണ്‌ മൈദയില്‍ അടങ്ങിയിരിക്കുന്നത്‌. മായം ചേര്‍ത്ത്‌ നിറം, മണം, രുചി എന്നിവ സൃഷ്‌ടിക്കുന്നതിനെതിരെ പരാതി ഉയരുമ്പോള്‍ മാത്രം ആരോഗ്യവകുപ്പിന്റെ ഒരു വഴിപാട്‌ സന്ദര്‍ശനം നടക്കും. നടപടിയായി 1000 രൂപ മുതല്‍ 2500 രൂപ വരെ പിഴ ഈടാക്കും. ബാക്കി നടപടികള്‍ 5000 രൂപ മുതല്‍ 10000 രൂപ വരെ കൈമടക്ക്‌ വാങ്ങി ഒതുക്കി തീര്‍ക്കും. പരിശോധനക്കെത്തുമ്പാള്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കൈമടക്ക്‌ കൊടുക്കുന്നതിന്‌ പുറമെ നല്ല ഭക്ഷണങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കുമെന്ന്‌ ഹോട്ടലുകാര്‍ പറയുന്നു.

പല ഹോട്ടലുകളിലും ഇപ്പോഴും ബാക്കി വരുന്ന പഴയചോറും ആഹാര സാധനങ്ങളും അരച്ച്‌ അടുത്ത ദിവസത്തെ കൊളളവില ഈടാക്കുന്ന ഇഡ്‌ഡലിയും ദോശയും ഉണ്ടാക്കും. കഴിച്ച്‌ ബാക്കി വച്ചുപോകുന്ന മിച്ചഭക്ഷണം ഒന്നുകൂടി അലങ്കരിച്ച്‌ വീണ്ടും അടുത്ത ആളിന്റെ മുന്നിലെത്തിക്കുന്നു. വിലയോ മൂന്നിരട്ടിയും. എം.ജി. റോഡിലെ ഒരേ നിരയിലുളള രണ്ടു ഹോട്ടലുകളില്‍ തന്നെ ഒരേ ആഹാരത്തിന്‌ 20 രൂപയുടെ വ്യത്യാസം. ഇതൊക്കെ ആരോട്‌ പരാതിപ്പെടുമെന്നാണ്‌ ജനങ്ങളുടെ ചോദ്യം.

ഇത്തരം തീവെട്ടിക്കൊളള നഗരത്തിലെ ഹോട്ടലുകളില്‍ നടക്കുമ്പോഴും വൃത്തിയുളള നാടന്‍ ഭക്ഷണം കിട്ടുന്ന സ്‌ഥലങ്ങളുമുണ്ട്‌ നഗരത്തില്‍ തന്നെ. കോട്ടയ്‌ക്കകത്ത്‌ നല്ല ഭക്ഷണം നല്‍കുന്ന നിരവധി വീടുകളുണ്ട്‌. തുച്‌ഛമായ വിലയില്‍ വൃത്തിയും ശുദ്ധിയുമുളള ഭക്ഷണം മാത്രം കിട്ടുന്ന സ്‌ഥലങ്ങള്‍. വിലക്കയറ്റം ബാധകമാകുന്നില്ല. സര്‍ക്കാര്‍ കാന്റീനുകളിലും പൊതുജനങ്ങള്‍ക്ക്‌ ഭക്ഷണം തുച്‌ഛമായ വിലയില്‍ ലഭിക്കും. വിലക്കയറ്റത്തിന്റെയും മായം ചേര്‍ക്കലിന്റെയും ഇടയില്‍ കാന്റീനുകളും ചെറുഹോട്ടലുകളും ആശ്വാസമാകുന്നത്‌ വളരെ കുറച്ച്‌ ആള്‍ക്കാര്‍ക്കു മാത്രമാണേന്നേയുള്ളൂ.നഗരത്തിലെ ഹോട്ടലുകളുടെ ഇപ്പോഴത്തെ അവസ്‌ഥ ഇങ്ങനെ തുടര്‍ന്നാല്‍ തലസ്‌ഥാന നഗരി രോഗികളുടെയും ഭക്ഷ്യ വിഷബാധയേല്‍ക്കുന്നവരുടെയും നഗരമായി മാറുമെന്ന്‌ ജനങ്ങള്‍ പറയുന്നു. ആരോഗ്യ വിഭാഗം, ലീഗല്‍മെട്രോളജി, സിവില്‍ സപ്ലൈസ്‌, ജില്ലാഭരണകൂടം, വിജിലന്‍സ്‌ സ്‌ക്വാഡ്‌, ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ്‌, നഗരസഭാ അധികൃതര്‍ ഇവരൊക്കെ മൗനം വെടിഞ്ഞ്‌ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന്‌ വിവിധ സംഘടനകള്‍ അറിയിച്ചു.

No comments:

Post a Comment